മൃഗങ്ങളേ, കാത്തിരിക്കൂ... ഡോക്ടർ അവധിയാണ്
Mail This Article
ചങ്ങനാശേരി ∙ മൃഗാശുപത്രിയിൽ ഡോക്ടറില്ല. അരുമ മൃഗങ്ങളെ ചികിത്സിക്കാൻ നാട് നീളെ ഓടുകയാണു മൃഗസ്നേഹികളും ഉടമകളും. മികച്ച പരിചരണത്തിന്റെയും ശസ്ത്രക്രിയയുടെയും പേരിൽ ജില്ലയിലെ തന്നെ മികച്ച മൃഗാശുപത്രികളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെട്ട പെരുന്നയിലെ നഗരസഭ ഗവ. വെറ്ററിനറി പോളി ക്ലിനിക് ഇന്ന് നാഥനില്ലാ കളരിയാണ്.സീനിയർ വെറ്ററിനറി സർജൻ ജോലി രാജിവച്ചതും, മറ്റൊരു വെറ്ററിനറി സർജൻ അവധിയെടുത്തതുമാണ് പ്രതിസന്ധിയിക്ക് കാരണം.വളർത്തുമൃഗങ്ങളുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു വരെ ഇവിടേക്ക് ആളുകളെത്തിയിരുന്നു. നിലവിൽ തുരുത്തി, വാകത്താനം മൃഗാശുപത്രിയിലെ ഡോക്ടർമാർക്ക് അധിക ചുമതല നൽകിയിട്ടുണ്ടെങ്കിലും ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ സേവനമുള്ളൂ.തുരുത്തിയിലെ ഡോക്ടർ ഒപി സേവനവും വാകത്താനത്തെ ഡോക്ടർക്ക് ഓഫിസ് ചുമതലയുമാണ്.
സർജറി വിഭാഗമില്ലാത്തതിനാൽ ശസ്ത്രക്രിയ ആവശ്യമുള്ള മൃഗങ്ങളെ കോട്ടയം കോടിമതയിലെ മൃഗാശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണിപ്പോൾ. മൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പും അവതാളത്തിലായി.ഡോക്ടർമാരുടെ അഭാവം ഏറ്റവും അധികം ബാധിക്കുന്നത് ക്ഷീര കർഷകരെയാണ്. അസുഖ ബാധിത നാൽക്കാലികളെ ഡോക്ടർ വീട്ടിലെത്തി പരിശോധിക്കുന്ന സൗകര്യവും ഇല്ലാതായി.നാൽക്കാലികളെ വാഹനത്തിൽ കയറ്റി കോടിമത വരെ കൊണ്ട് പോകുന്നത് ഭാരിച്ച ചെലവുമാണ്. പൂച്ച, നായ്ക്കൾ ഉൾപ്പെടെ അരുമമൃഗങ്ങളെയും കൊണ്ട് വരുന്നവർ ശസ്ത്രക്രിയയ്ക്കും മറ്റുമായി സ്വകാര്യ ആശുപത്രികളിലേക്കും കോടിമതയിലേക്കും പോകേണ്ട സ്ഥിതിയാണ്.അവിടങ്ങളിലെ തിരക്ക് കാരണം ശസ്ത്രക്രിയകൾ സമയബന്ധിതമായി നടത്താനും കഴിയുന്നില്ല. താലൂക്കിലെ മൃഗാശുപത്രികളിൽ ഇവിടെ മാത്രമാണ് ശസ്ത്രക്രിയയ്ക്ക് സൗകര്യമുള്ളൂ.നിലവിൽ ലാബിന്റെ സേവനവും മരുന്ന് വിതരണവും ജീവനക്കാരുടെ നേതൃത്വത്തിൽ തടസ്സമില്ലാതെ നടക്കുന്നുണ്ട്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ 3 വരെയാണ് പകരം ഡോക്ടറുടെ ഒപി സേവനമുള്ളത്.
താലൂക്കിന്റെ ചുമതല
ചങ്ങനാശേരി താലൂക്കിലെ മറ്റ് മൃഗാശുപത്രികളുടെ മേൽനോട്ടവും ചുമതലയും പെരുന്നയിലെ നഗരസഭ മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജനാണ്. ഈ മൃഗാശുപത്രികളിലെ വാക്സിനേഷൻ സംബന്ധമായ റിപ്പോർട്ടുകൾ, മരുന്നിന്റെ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ സീനിയർ വെറ്ററിനറി സർജന്റെ മേൽനോട്ടത്തിലാണ് നടത്തുന്നത്. പക്ഷിപ്പനി ഉൾപ്പടെ അടിയന്തര സാഹചര്യങ്ങളിൽ ആദ്യഘട്ട നടപടി സ്വീകരിക്കുന്നതും ഇദ്ദേഹമാണ്. പക്ഷിപ്പനി ഭീതിയുള്ള മേഖല കൂടിയാണ് ചങ്ങനാശേരി. പകരം ഓഫിസ് ചുമതല താൽക്കാലികമായി വാകത്താനം മൃഗാശുപത്രി ഡോക്ടർക്ക് നൽകിയിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിനു ജോലി ഭാരം ഇരട്ടിയാണ്.