ADVERTISEMENT

കോട്ടയം ∙ ഏഴിന് കോട്ടയം വഴി ആരംഭിക്കുന്ന കൊല്ലം – എറണാകുളം മെമു ട്രെയിനിന്റെ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചു. രാവിലെ 6.15നു കൊല്ലത്തു നിന്നു പുറപ്പെട്ട് 9.35ന് എറണാകുളത്ത് എത്തുംവിധമാണു സർവീസ്. നവംബർ 29 വരെ സ്പെഷൽ സർവീസായാണു മെമു പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ജനുവരി 3 വരെ സർവീസ് നടത്തുമെന്നായിരുന്നു നേരത്തേ ഇറങ്ങിയ നിർദേശത്തിലുണ്ടായിരുന്നത്. കോട്ടയം പാതയിൽ രാവിലെയുള്ള തിരക്ക് കുറയ്ക്കാനാണു മെമു സ്പെഷൽ പ്രഖ്യാപിച്ചിരിക്കുന്നത്. ചിങ്ങവനം, കുമാരനല്ലൂർ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര സ്റ്റേഷനുകളിൽക്കൂടി മെമുവിനു സ്റ്റോപ്് അനുവദിക്കുന്ന കാര്യം റെയിൽവേ അധികൃതരുമായി ചർച്ച ചെയ്യുമെന്നു കെ.ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു.

kollam-ernakulam-memu-train-timings-jpeg

യാത്രാക്ലേശം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും തിരുവനന്തപുരം ഡിവിഷൻ സ്വീകരിക്കുന്നുണ്ടെന്നു റെയിൽവേ ഡിവിഷനൽ മാനേജർ മനീഷ് ധപ്‌ല്യാൽ അറിയിച്ചു. ഓണത്തോട് അനുബന്ധിച്ചു വേണാട് എക്സ്പ്രസിന് ഒരു കോച്ച് കൂട്ടിയതു തുടരും. പാലരുവി എക്സ്പ്രസ് 14ൽ നിന്നു 18 കോച്ചായി ഉയർത്തിയതും യാത്രക്കാർക്കു ഗുണം ചെയ്യും. അതിനു പുറമേയാണു പുതിയ മെമു സർവീസ് എന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പിള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലാണ് ട്രെയിനുകൾ‍ക്ക് സ്റ്റോപ്പുള്ളത്. രാവിലെ 6.59ന് കായംകുളം ജങ്ഷനിലെത്തുന്ന ട്രെയിൻ 1 മിനിറ്റിനു ശേഷം പുറപ്പെടും. 7.56നാണ് കോട്ടയത്ത് എത്തുന്നത്. ഇവിടെ നിന്ന് 7.58ന് പുറപ്പെടുന്ന ട്രെയിൻ ഏറ്റുമാനൂരിൽ 8.08ന് എത്തി 1 മിനിറ്റിനു ശേഷം പുറപ്പെടും. 8.55ന് തൃപ്പൂണിത്തുറയിൽ എത്തുന്ന ട്രെയിൻ 1 മിനിറ്റിനു ശേഷം എറണാകുളം സൗത്തിലേക്ക് പോകും. ഇവിടെ 9.35ന് എത്തും. ഇവിടെ നിന്ന് 9.50ന് പുറപ്പെടുന്ന ട്രെയിൻ 1.07ന് തൃപ്പൂണിത്തുറയിലും 11.10ന് കോട്ടയത്തും 12.13ന് കോട്ടയത്തും ഉച്ച കഴിഞ്ഞ് 1.30ന് കൊല്ലത്തും എത്തും.

രാവിലെ അതീവ തിരക്കുള്ള കോട്ടയം–എറണാകുളം റൂട്ടിൽ യാത്രാക്ലേശം മൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നത് വലിയ തോതിൽ ചർച്ചയായിരുന്നു. രാവിലെയുള്ള പാലരുവി, വേണാട് ട്രെയിനുകളിൽ കയറാൻ പോലും പറ്റാത്തത്ര തിരക്ക് അനുഭവപ്പെട്ടതോടെ പലരും തളർന്നു വീഴുന്നത് നിത്യസംഭവമായിരുന്നു. ഇരു ട്രെയിനുകൾക്കും ഇടയിൽ ഒരു മെമു സർവീസ് ആരംഭിക്കുക എന്നതായിരുന്നു പരിഹാരമായി യാത്രക്കാർ മുന്നോട്ടുവച്ചത്. തുടര്‍ന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് തുടങ്ങിയ യാത്രക്കാരുടെ കൂട്ടായ്മകൾ കേരളത്തിൽ നിന്നുള്ള എംപിമാരും മന്ത്രിമാരും വഴി കേന്ദ്രത്തിന് നിരവധി തവണ ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഒടുവിൽ കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര റെയില്‍ മന്ത്രിക്കു മുമ്പാകെ വിഷയം എത്തിച്ച് പരിഹാരം ഉണ്ടാക്കുകയായിരുന്നു.

English Summary:

A new MEMU train service is set to commence operations between Kollam and Ernakulam via Kottayam starting November 7th. The Thiruvananthapuram Railway Division announced the special service to alleviate congestion on the Kottayam route during morning hours.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com