അധികൃതർ കാണുന്നില്ല, ക്യാമറകൾ കണ്ണടച്ചു
Mail This Article
വൈക്കം ∙ വൈക്കത്തഷ്ടമി പടിവാതിൽക്കലെത്തിയതോടെ നഗരത്തിലെ സിസിടിവി ക്യാമറകൾ പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. നവംബർ 23നാണ് അഷ്ടമി. കുറ്റകൃത്യം വർധിച്ചതോടെ ഇത് കണ്ടുപിടിക്കാനും, പരിഹാരം കാണുന്നതിനുമായി 2018 – 19വർഷത്തിൽ സി.കെ.ആശ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 42ലക്ഷം മുടക്കി നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിലായി 42സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.ഇതിന്റെ കൺട്രോൾ റൂം വൈക്കം പൊലീസ് സ്റ്റേഷനിലാണ്. ഇതിലൂടെ നഗരത്തിന്റെ എവിടെ എന്ത് സംഭവിച്ചാലും പൊലീസിനു സ്റ്റേഷനിൽ ഇരുന്നു കാണാനും പെട്ടെന്ന് അവിടെ എത്തിപ്പെടാനും ഏറെ ഉപകരിച്ചിരുന്നു. കൂടാതെ അപകടം ഉൾപ്പെടെയുള്ള സംഭവങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിനും ഇത് ഏറെ പ്രയോജനപ്പെട്ടിരുന്നു.
ക്യാമറയുടെ അറ്റകുറ്റപ്പണികൾ നഗരസഭ നടത്തണം എന്ന വ്യവസ്ഥയിലാണ് ക്യാമറകൾ സ്ഥാപിച്ചത്. നിലവിൽ 8ക്യാമറകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ചെറിയ ചെറിയ കാരണങ്ങളാൽ തകരാറിലായ ക്യാമറകൾ പോലും നന്നാക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകുന്നില്ലെന്ന ആരോപണം ശക്തമാണ്. ലക്ഷക്കണക്കിനു ഭക്തജനങ്ങൾ എത്തുന്ന വൈക്കത്തഷ്ടമിക്കു മുൻപായി നഗരത്തിലെ മുഴുവൻ സിസിടിവി ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.