30 ടൺ വിറക്, 15 കുറ്റി പാചക വാതകം, 3 ടൺ ചിരട്ട; 50 ടണ്ണോളം തൂക്കം വരുന്ന തിമിംഗലത്തിന്റെ ജഡം ദഹിപ്പിച്ചത് 2 ദിവസമെടുത്ത്
Mail This Article
കടുത്തുരുത്തി ∙ ആലപ്പുഴയിൽ തീരത്തടിഞ്ഞ ചത്ത ഭീമൻ തിമിംഗലത്തിന്റെ ജഡം മറവു ചെയ്തത് കടുത്തുരുത്തിയിൽ നിന്നുള്ള സംഘം. ആലപ്പുഴ തഹസിൽദാർ കെ.ആർ മനോജിന്റെ ആവശ്യപ്രകാരം കടുത്തുരുത്തി സ്വദേശി പി.ജി ഗിരീഷിന്റെ നേതൃത്വത്തിലുള്ള മോഡേൺ ഗ്രൂപ്പാണ് രണ്ടു ദിവസമെടുത്തു 50 ടണ്ണോളം തൂക്കം വരുന്ന നീല തിമിംഗലത്തിന്റെ ജഡം ദഹിപ്പിച്ചത്. 30ന് വൈകിട്ടാണ് നീല തിമിംഗലത്തിന്റെ ജഡം ഒറ്റമശേരി കടൽത്തീരത്തു അടിഞ്ഞത്. 30 ടൺ വിറക്, 15 കുറ്റി പാചക വാതകം, മൂന്ന് ടൺ ചിരട്ട എന്നിവ ഉപയോഗിച്ചാണ് ചിത ഒരുക്കിയത്.
വയനാട് ദുരന്തത്തിലും ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം മൊബൈൽ മോർച്ചറിയും ദഹന സംവിധാനങ്ങളുമായി ദിവസങ്ങളോളം ജോലി ചെയ്തിരുന്നു. പക്ഷിപ്പനി കാലത്തും പക്ഷികളെ ദഹിപ്പിക്കാനും ഗിരീഷിന്റെ സേവനം ആലപ്പുഴയിലെ ഉദ്യോഗസ്ഥർ തേടിയിരുന്നു. തിമിംഗലത്തെ ദഹിപ്പിക്കാൻ 10 ഓളം തൊഴിലാളികളാണ് ഗിരീഷിനൊപ്പം ആലപ്പുഴയിൽ എത്തിയത്. നാല് ലക്ഷം രൂപയാണ് ചെലവായത്.