കുല‘ദ്രോഹികൾ’; വാഴക്കുല മോഷണം മേഖലയിൽ പതിവാകുന്നു
Mail This Article
കൂവേലി ∙ ഇടവേളയ്ക്കു ശേഷം പ്രദേശത്ത് വീണ്ടും വാഴക്കുല മോഷണം പതിവായി ഞീഴൂർ പഞ്ചായത്തിലെ കൂവേലി, തുരുത്തിപ്പള്ളി, തിരുവാമ്പാടി പ്രദേശങ്ങളിലാണ് വാഴക്കുല മോഷണം കർഷകരെ വലയ്ക്കുന്നത്. ഏത്തക്കുലകൾ, ജാതിക്ക, ജാതിപത്രി പച്ചക്കറികൾ തുടങ്ങിയവയാണ് മോഷണം പോകുന്നത്. കഴിഞ്ഞ ദിവസം കർഷകനായ മുതുകുളം ബെന്നിയുടെ 17 ഏത്തക്കുലകൾ മോഷ്ടാക്കൾ വെട്ടിക്കടത്തി. ഈ കുലകൾ കൂവേലി പി.എച്ച്.സി. യുടെ സമീപം കാട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഏതാനും ദിവസം മുൻപ് തിരുവാമ്പാടി സ്വദേശി ബേബിച്ചൻ കുര്യംതടത്തിന്റെ വാഴത്തോട്ടത്തിൽ നിന്നും 15 കുലകൾ മോഷ്ടാക്കൾ വെട്ടിയിരുന്നു.
ഈ കുലകളും സമീപത്തെ കാട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ശിവൻ മുയറ്റിപ്പറമ്പ്, മേലൂക്കുന്നേൽ ജോസുകുട്ടി, ജോർജ് തൊണ്ടിയാംതടം, എന്നിവരുടെ വാഴക്കുലകളും മുൻപ് വെട്ടിക്കടത്തി. ഞീഴൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വാഴക്കുലകളും മോട്ടറുകളും മോഷണം പോയിരുന്നു.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും 20 മോട്ടറുകളാണ് മോഷണം പോയത്. പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു. തുരുത്തി പള്ളി പാടശേഖരത്ത് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാവിനെ ചിലർ കണ്ടിരുന്നു. കർഷകർ തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു.വീണ്ടും വാഴക്കുല മോഷണം ആരംഭിച്ചതോടെ കർഷകർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകി.