കുരിശുംമൂട്ടിൽ പ്രവർത്തനം നിർത്തിയ ഇന്ത്യൻ കോഫി ഹൗസിനു പകരം കോഫി ഹൗസ് ആരംഭിക്കാൻ സൗഹൃദക്കൂട്ടായ്മ
Mail This Article
ചങ്ങനാശേരി ∙ ആ ചൂടുമസാലദോശയും കാപ്പിയും തിരികെയെത്തുന്നു. പുതിയ രുചിയിൽ അതേ ഇരിപ്പിടത്തിലേക്കു തന്നെ. കുരിശുംമൂട്ടിൽ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ കോഫി ഹൗസിനു പകരം കോഫി ഹൗസ് ആരംഭിക്കാനൊരുങ്ങി സൗഹൃദക്കൂട്ടായ്മ. ഭക്ഷണത്തോടൊപ്പം സൗഹൃദവും പങ്കിട്ട ഇന്ത്യൻ കോഫി ഹൗസിലെ സ്ഥിരം സന്ദർശകരും കുരിശുംമൂട് കോഫി ഹൗസ് സൗഹൃദക്കൂട്ടായ്മ എന്ന വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളുമായ ചങ്ങനാശേരി സ്വദേശികളായ ലിനു ജോബ്, റോയ് ജോസ്, ജോമിൻ കൈനിക്കര, ഡായി മാത്യു, സോജി തോമസ് എന്നിവരാണ് ഇന്ത്യൻ കോഫി ഹൗസിലെ പഴയ ഇടങ്ങൾ തിരിച്ചുപിടിക്കുന്നത്.
കുരിശുംമൂട്ടിലെ ഇന്ത്യൻ കോഫി ഹൗസ് കഴിഞ്ഞ ദിവസം പ്രവർത്തനം അവസാനിപ്പിച്ചതോടെ ഈ 5 പേരടക്കം ഒട്ടേറെ പേരുടെ സ്ഥിരമായ ഇരിപ്പിടങ്ങളും സൗഹൃദങ്ങളുമാണു നഷ്ടപ്പെട്ടത്. തുടർന്നാണ് 5 പേരും കൂടി പുതിയ ഉദ്യമത്തിനിറങ്ങിയത്. കോഫി ഹൗസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഇന്നലെ ഇവർ ഏറ്റെടുത്തു. ഒരു മാസത്തിനകം പ്രവർത്തനം ആരംഭിക്കാനാണു പദ്ധതി. മലയാളികൾ തന്നെയാകും ഭക്ഷണം പാകം ചെയ്യുക.