അരുവിത്തുറ വോളിബോൾ ടൂർണമെന്റിന് ആവേശത്തുടക്കം
Mail This Article
അരുവിത്തുറ∙ ആവേശത്തിന്റെ അലയടികളുമായി അരുവിത്തുറ വോളിബോൾ ടൂർണമെന്റിന് തുടക്കമായി. ടൂർണമെന്റിന്റെ ഉദ്‌ഘാടനം കേരള സ്പോട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി നിർവഹിച്ചു. അരുവിത്തുറ സെന്റ് ജോർജസ് കോളജ് മാനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പാലാ എംഎൽഎ മാണി സി. കാപ്പൻ, കോളജ് പ്രിൻസിപ്പൽ ഫ്രഫ. ഡോ. സിബി ജോസഫ്, കോളജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി വിയാനി ചാർലി എന്നിവർ സംസാരിച്ചു.
അരുവിത്തുറ കോളജിന്റെ സ്ഥാപകരായ റവ. ഫാ. തോമസ് മണക്കാട്ട്, റവ. ഫാ. തോമസ് അരയത്തിനാൽ എന്നിവരുടെ സ്മരണാർഥം ആരംഭിച്ച വോളിബോൾ ടൂർണമെന്റ് കേരളത്തിലെ പ്രധാന ഇന്റർ കോളജിയേറ്റ് ടൂർണമെന്റ് ആണ്. 11 പുരുഷ ടീമുകളും 4 വനിതാ ടീമുകളും മത്സരത്തിൽ മാറ്റുരക്കും. 14നാണ് ഫൈനൽ.
ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാള, സെന്റ് തോമസ് കോളജ് കോലഞ്ചേരി, സെന്റ് തോമസ് കോളജ് പാലാ, എസ്എംജി കോളജ് ചേളന്നൂർ, എസ്എച്ച് കോളജ് തേവര, സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാപുരം, ഡിഐഎസ്ടി കോളജ് അങ്കമാലി, ശ്രീ നാരായണ കോളജ് വടകര, സിഎംഎസ് കോളജ് കോട്ടയം, സെന്റ് ജോർജസ് കോളജ് അരുവിത്തുറ എന്നീ ടീമുകൾ പുരുഷ വിഭാഗത്തിലും, സെന്റ് ജോസഫ് കോളജ് ഇരിങ്ങാലക്കുട, അൽഫോൻസാ കോളജ് പാലാ, സെന്റ് സേവിയേഴ്സ് കോളജ് ആലുവ, അസംഷൻ കോളജ് ചങ്ങനാശ്ശേരി എന്നീ ടീമുകൾ വനിതാ വിഭാഗത്തിലും മത്സരിക്കും.