എത്ര കണ്ണടച്ചാലും ജോസുകുട്ടി തിരിച്ചറിയുന്ന സത്യങ്ങൾ!
Mail This Article
കോട്ടയം ∙ കണ്ണുണ്ടായിട്ടും കാഴ്ചകൾ കാണാത്തവരുടെ ലോകത്ത് ഈ ആറാം ക്ലാസുകാരൻ കണ്ണു മൂടിക്കെട്ടി പുറത്തെ വിവരങ്ങൾ തിരിച്ചറിയും. കണ്ണു മൂടിക്കെട്ടിയ ശേഷം കറൻസി നോട്ടും അതിലെ നമ്പറും വരെ കൃത്യമായി പറഞ്ഞ് അമ്പരപ്പിക്കും ജോസുകുട്ടി എൽബിൻ.
വാഴൂർ ടി.പി.പുരം രണ്ടുപ്ലാക്കൽ എൽബിൻ–ലിജിത ദമ്പതികളുടെ മകന് ഗിന്നസ് റെക്കോർഡും പുത്തരിയല്ല.
കണ്ണുകെട്ടി 11.56 സെക്കൻഡുകൾ കൊണ്ട് 10 സർജിക്കൽ മാസ്ക് ധരിച്ചതിനു ജോസുകുട്ടിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചു. കണ്ണുകെട്ടി 6.85 സെക്കൻഡിൽ 10 ഇനം പഴങ്ങൾ തിരിച്ചറിഞ്ഞതിനു രണ്ടാമതൊരു ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമായി.
കണ്ണുകെട്ടി പാട്ടുപാടി സ്കേറ്റിങ് നടത്തുന്നതിനിടെ 2 മിനിറ്റു കൊണ്ട് 42 സൂചിയിൽ നൂൽ കോർക്കാനും ജോസുകുട്ടിക്കു കഴിയും.
ഒന്നാം ക്ലാസ് മുതലാണ് ജോസുകുട്ടി കണ്ണുകെട്ടിയുള്ള അഭ്യാസ പ്രകടനങ്ങൾ ആരംഭിച്ചത്. അടച്ചുപിടിച്ച കൺപോളയ്ക്ക് മുകളിൽ ഉപ്പിട്ട് മൂടിക്കെട്ടിയ ശേഷം കറൻസി നോട്ടുകൾ തിരിച്ചറിയുന്ന വിദ്യ നേരിട്ടുകാണാനായി മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. അടച്ചുപിടിച്ച കണ്ണിനു മുകളിൽ ഉപ്പ് വിതറിയത് മന്ത്രിയാണ്.
കണ്ണ് കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയ ശേഷം മന്ത്രി നൽകിയ കറൻസി നോട്ടുകളും നോട്ടുകളുടെ സീരിയൽ നമ്പറുകളും ജോസുകുട്ടി തിരിച്ചറിഞ്ഞു. വാഴൂർ എൻഎസ്എസ് സ്കൂൾ വിദ്യാർഥിയാണ് ജോസുകുട്ടി. സഹോദരങ്ങൾ: ജോസഫൈൻ, ജോർദാൻ.