കൃഷിഭവന്റെ കാര്യം കഷ്ടം തന്നെ
Mail This Article
ചങ്ങനാശേരി ∙ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ കൃഷിഭവനിലെത്താൻ കർഷകർ പോകുന്നത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ. ബൈപാസ് റോഡിൽ റെയിൽവേ സ്റ്റേഷന് എതിർവശമുള്ള ചെറിയ ഇടവഴികളിലൂടെ വേണം ഇവർക്കു കൃഷിഭവനിൽ എത്താൻ. മുൻപു മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രവർത്തിച്ചിരുന്ന കൃഷിഭവൻ സ്റ്റേഡിയത്തിലെ നവീകരണത്തിന്റെ ഭാഗമായി അവിടുന്ന് മാറ്റുകയായിരുന്നു. കൂടുതലായും ലോറികളിലാണ് വിതരണത്തിനുള്ള തൈകൾ എത്തിക്കുന്നത്. ഇടവഴിയിലൂടെ ലോറി കടന്നു പോകാത്തതിനാൽ ബൈപാസ് റോഡിൽ സാധനങ്ങൾ ഇറക്കി പിക്കപ് ഓട്ടോയിൽ കയറ്റിയാണു കൃഷിഭവനിലേക്ക് എത്തിക്കുന്നത്.
സാധനം മാറ്റുന്ന പണിക്കാരുടെ കൂലിയും ഓട്ടോയുടെ വാടകയും കൃഷി ഓഫിസറാണു നൽകുന്നത്. കൃഷി വകുപ്പു പണം അനുവദിക്കാറില്ല. കൃഷിഭവനിൽ പാർക്കിങ് സൗകര്യവും ഇല്ലാത്തതിനാൽ പലരും വാഹനം ബൈപാസ് റോഡിലിട്ടിട്ടു നടന്നുവരികയാണ് ചെയ്യുന്നത്. 10,000 രൂപയാണു കെട്ടിടത്തിന്റെ വാടക. ജനകീയ ആസൂത്രണ പദ്ധതിയുടെ ഫണ്ടിൽ നിന്നാണ് ഈ തുക അനുവദിക്കുന്നത്. കർഷകർക്കു ലഭിക്കേണ്ട തുകയാണു വാടക ഇനത്തിൽ വകമാറ്റി ചെലവഴിക്കുന്നത്.
നഗരസഭ സ്ഥലം കണ്ടെത്തി നൽകിയാൽ കൃഷിഭവനു കെട്ടിടം നിർമിച്ചു നൽകാമെന്നു ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞിരുന്നു. വാഴപ്പള്ളി വില്ലേജ് ഓഫിസിനു സമീപം, 60ൽ ചിറ ഭാഗം എന്നിവിടങ്ങളിലെ നഗരസഭയുടെ സ്ഥലം പരിഗണിക്കണമെന്നാണു കർഷകരുടെ ആവശ്യം.