പണി പൂർത്തിയാക്കാതെ കാർഷിക വിപണന കേന്ദ്രം
Mail This Article
പാമ്പാടി ∙ ദേശീയ പാതയ്ക്ക് അരികിലായി മൂന്നുനില കെട്ടിടം. കാർഷിക വിപണന കേന്ദ്രമെന്നാണ് പേര്. പക്ഷേ നിർമാണം ഇതുവരെയും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. പുറമേ നിന്നും നോക്കിയാൽ അതിമനോഹരം. എന്നാൽ അകത്തെ സ്ഥിതി ഇതല്ല. കെട്ടിടത്തിനുള്ളിൽ ഒരു വശത്ത് പ്ലാസ്റ്റിക് കുപ്പിയും ചെളി വെള്ളവും നിറഞ്ഞു കിടക്കുന്നു. കൊതുകിന് പെരുകാൻ പറ്റിയ സാഹചര്യം. പങ്ങട ഭാഗത്തേക്കു പോകുന്ന റോഡിനു അഭിമുഖമായി പായൽ പിടിച്ച നിലയിലാണ് കെട്ടിടം. ഒഴിഞ്ഞ സ്ഥലമായതിനാൽ ആളുകൾക്ക് പ്രാഥമികആവശ്യം നിറവേറ്റാനും പുക വലിക്കാനും പറ്റിയ കേന്ദ്രം.
നേരത്തെ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്നു. ഇതിപ്പോൾ അടച്ചിട്ട നിലയിലാണ്. വേസ്റ്റ് അടങ്ങുന്ന മലിനജലം ഒഴുക്കി വിടാനുള്ള സംവിധാനത്തിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ ഹോട്ടൽ അടച്ചതാണെന്നു സമീപത്തെ കടക്കാർ പറയുന്നു. ഇതിനായി ഒരുക്കിയ കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുന്നു. കുഴി മൂടുന്നതിനായുള്ള സ്ലാബ് വാർത്തിട്ടുണ്ടെങ്കിലും മൂടാൻ നടപടിയായിട്ടില്ല. അതിനാൽ സമീപത്തെ കടകളിലേക്ക് ആളുകൾക്ക് പോകുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ബുദ്ധിമുട്ടുണ്ട്. വൃത്തിഹീനമായ അന്തരീക്ഷം നീക്കുകയും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നുമാണ് ജനകീയ ആവശ്യം.