സാബുവിന്റെ നന്മവഴി; റോഡുകൾ വൃത്തിയാക്കുന്നത് ഹരമാക്കി സാബു തോമസ്
Mail This Article
ഏറ്റുമാനൂർ∙ ചാർട്ടേഡ് അക്കൗണ്ടന്റായ സാബു തോമസ് ഊന്നുകല്ലേൽ(49) കണ്ടുപിടിച്ച സമവാക്യത്തിൽ അദ്ദേഹത്തിന്റെ ജീവിതദർശനമുണ്ട്. EV=NV2 എന്ന സമവാക്യത്തിൽ EV എന്നാൽ എന്റെ വഴി. NV2 എന്നാൽ, നല്ലവഴിയും നമ്മുടെ വഴിയും ചേരുന്നതാണ്. ചെറുപ്പം മുതൽ റോഡുകൾ വൃത്തിയാക്കുന്നത് ഹരമാക്കിയ സാബു തോമസ് ഇപ്പോൾ വീടിനു മുന്നിലൂടെയുള്ള പട്ടിത്താനം എബനേസർ സ്കൂൾ-മാളോല റോഡ് ഉൾപ്പെടെ നാലു കിലോമീറ്ററിലധികം റോഡുകൾ വൃത്തിയാക്കുന്നുണ്ട്. വെള്ളാരംപാറ-ഊന്നുകല്ലേൽപടി റോഡ്, നടയ്ക്കൽ കുരിശുമല എന്നീ റോഡുകളാണ് മറ്റുള്ളവ. മാസത്തിൽ ഒരിക്കൽ ഈ റോഡരികിലെ പുല്ലുവെട്ടും.
രണ്ടാഴ്ച കൂടുമ്പോൾ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ പെറുക്കി മാറ്റും. കേരളത്തിൽ മൂന്നരലക്ഷം കിലോമീറ്റർ റോഡുണ്ടെന്ന് സാബു ചൂണ്ടിക്കാട്ടുന്നു. മൂന്നരക്കോടിയിലേറെ മനുഷ്യരും ഉണ്ട്. ഒരാൾക്ക് ശരാശരി 10 മീറ്റർ റോഡ്. 65 ലക്ഷം കുടുംബങ്ങളും 35 ലക്ഷം സ്ഥാപനങ്ങളും ഉണ്ട്. എല്ലാവരും അവരുടെ വീടിനോ സ്ഥാപനത്തിനോ മുന്നിലെ റോഡ് ഒരുദിവസം വൃത്തിയാക്കിയാൽ കേരളം മുഴുവൻ വൃത്തിയാകുമെന്ന് സാബു പറയുന്നു. റോഡ് വൃത്തിയായാൽ മാലിന്യം എറിയാൻ നാട്ടുകാർ മടിക്കുമെന്നും സ്വന്തം അനുഭവത്തിലൂടെ അദ്ദേഹം ഉറപ്പിച്ചു പറയുന്നു. പണ്ട് അദ്ദേഹം വൃത്തിയാക്കിയിരുന്ന റോഡുകളിൽ ഇറച്ചി വേസ്റ്റ് ഉൾപ്പെടെ ഉണ്ടായിരുന്നു.
എന്നാൽ, ഇപ്പോൾ മാലിന്യം തീരെയില്ല. മധു എന്ന സഹായിയും ഇപ്പോഴുണ്ട്. ഇതിനു പുറമേ മക്കളായ നോറ(14),ലൊറെയ്ൻ(11), ഫ്രയ(8) എന്നിവരും പിതാവിനെ സഹായിക്കാൻ ഒപ്പം ചേരും. പൂർണപിന്തുണയുമായി ഭാര്യയും കോതനല്ലൂർ ഇമ്മാനുവൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയുമായ ഹർഷയുമുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ കുരിശുമല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നാട്ടിൽ ആരംഭിച്ചു സാമൂഹിക പ്രവർത്തനം ആരംഭിച്ചതാണ് സാബു. സഹോദരനും ഏറ്റുമാനൂർ നഗരസഭാ മുൻ ചെയർമാനുമായ ജോയി ഊന്നുകല്ലേലും സാമൂഹികപ്രവർത്തനം തുടങ്ങിയതും ഈ സ്പോർട്സ് ക്ലബ്ബിലൂടെയാണെന്ന് സാബു പറയുന്നു.