രണ്ട് മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്റർ: മഴയിൽ കുതിർന്ന് മലയോര മേഖല; മണിമലയാറ്റിൽ ജാഗ്രതാ നിർദേശം
Mail This Article
കോട്ടയം ∙ ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. പൂഞ്ഞാർ – എരുമേലി സംസ്ഥാന പാതയുടെ ഭാഗമായ പാതാമ്പുഴ– ചോലത്തടം റോഡിൽ കുഴുമ്പള്ളിക്കു സമീപം രണ്ടു ഭാഗത്തു മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് ഏഴോടെയാണു മണ്ണിടിഞ്ഞു വീണത്. രാത്രിയോടെ ഗതാഗതതടസ്സം നീക്കി.മേഖലയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ വൈകിട്ട് മൂന്നോടെയാണു മഴ കനത്തത്. മലയോര മേഖലയിലെ പഞ്ചായത്തുകളിൽ എല്ലാം സാമാന്യം നല്ല നിലയിൽ മഴ ലഭിച്ചു.
പല സ്ഥലങ്ങളിലും 2 മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്ററോളം മഴ ലഭിച്ചു. തോടുകളിൽ വെള്ളം പെട്ടെന്ന് ഉയർന്നു. മീനച്ചിൽ, മണിമല ആറുകളിൽ ജലനിരപ്പിൽ മാറ്റം വന്നെങ്കിലും അപകടകരമായ നിലയിലേക്ക് എത്തിയില്ല.കേന്ദ്ര ജലകമ്മിഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനം പുല്ലകയാർ സ്റ്റേഷനിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മണിമലയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർക്കു ജാഗ്രതാ മുന്നറിയിപ്പ് നൽകി.
ഇന്നലെ വൈകിട്ട് പെയ്ത മഴ മില്ലിമീറ്ററിൽ
കൂട്ടിക്കൽ ടൗൺ 108.8 (3– 5.45 പിഎം)
കൂട്ടിക്കൽ കപ്പിലമ്മൂട് 102.6 (3– 5.35 പിഎം)
കൂട്ടിക്കൽ മുണ്ടപ്പള്ളി 114.8 (3.15– 5.35 പിഎം)
പറത്താനം 108 (3– 5.30 പിഎം)
കാവാലി 126.2 (3– 5 പിഎം)
പൂഞ്ഞാർ മണിയംകുന്ന് 63.2 (4– 6 പിഎം)
കൂട്ടിക്കൽ ചപ്പാത്ത് 123.4 (2.30– 6 പിഎം)
മേലടുക്കം 64 (1.45– 6 പിഎം)
കൂട്ടിക്കൽ വല്ലീറ്റ 154.4 (3.30– 7 പിഎം)
;വിവരങ്ങൾ: മീനച്ചിൽ റിവർ - റെയ്ൻ മോണിറ്ററിങ് നെറ്റ് വർക്