നവരാത്രി ആഘോഷത്തിലെ വേറിട്ട കാഴ്ച; മുളൈപ്പാരി പൂജയും ഘോഷയാത്രയും
Mail This Article
കാരാപ്പുഴ ∙ ഹിന്ദു നാടാർ ഉറൈവിൻ മുറൈ സംഘം നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ കൊലു പൂജയും മുളൈപ്പാരി ഘോഷയാത്രയും വേറിട്ട അനുഭവമായി. ഉറൈവിൻ മുറൈ സംഘത്തിന്റെ ആഘോഷത്തിൽ കൊലു പൂജയും 'മുളൈപ്പാരി' ഘോഷയാത്രയുമായിരുന്നു പ്രധാന ചടങ്ങുകൾ. ചെടിച്ചട്ടിയിൽ വൈക്കോൽ, മണ്ണ്, വളം എന്നിവ നിറച്ച് നവധാന്യങ്ങൾ പാകി മുളപ്പിച്ച് എടുക്കുന്നതാണ് ‘മുളൈപ്പാരി’ എന്നറിയപ്പെടുന്നത്.
30 ദിവസത്തെ വ്രതം എടുത്താണ് ഭക്തർ ഘോഷയാത്രയിൽ പങ്കെടുത്തത്. വിജയദശമി നാളിലെ ഘോഷയാത്രയ്ക്കായി 8 ദിവസം മുൻപ് തന്നെ ചട്ടിയിൽ പയർ വർഗങ്ങൾ മുളപ്പിച്ചു.സ്ത്രീകൾ ഈ ചട്ടികൾ തലയിലേറ്റി. മറ്റുള്ളവർ കൊട്ടും മേളവുമായി ഒപ്പം ചേർന്നു. അമ്പലക്കടവ് ദേവീക്ഷേത്രത്തിൽ വരവേൽപ് നൽകി. പതിനാറിൽച്ചിറയിൽ എത്തി മുളൈപ്പാരി ചട്ടികൾ പുത്തൻതോട്ടിലെ വെള്ളത്തിലൊഴുക്കി.
ഘോഷയാത്രയ്ക്കു മുൻപ് മുളൈപ്പാരി എല്ലാം ഒരുമിച്ച് നിരത്തി പ്രത്യേക പൂജ നടത്തി. വിവിധ ഭാവത്തിലുള്ള ദേവീരൂപങ്ങൾ അലങ്കരിച്ചുചേർത്ത മുളൈപ്പാരി കൂട്ടത്തിൽ ശ്രദ്ധേയമായി. ആഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹിന്ദു നാടാർ ഉറൈവിൻ മുറൈ സംഘം പ്രസിഡന്റ് എസ്.കറുപ്പയ്യാ നാടാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.കലൈശെൽവൻ, നഗരസഭാ കൗൺസിലർമാരായ എൻ.എൻ.വിനോദ്, എം.പി.സന്തോഷ്‌കുമാർ, എൻ.ജയചന്ദ്രൻ ചീറോത്ത്, ബിന്ദു സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.