ADVERTISEMENT

കോട്ടയം ∙ വിജയദശമി ദിനത്തിൽ അറിവിന്റെ മഹാലോകത്തേക്കു കുഞ്ഞുങ്ങളെ ഗുരുക്കന്മാർ കൈപിടിച്ചു നടത്തി. മലയാള മനോരമയുടെ അക്ഷരമുറ്റത്ത് ഇന്നലെ അരിമണിയിൽ വിരിഞ്ഞത് അറിവിന്റെ പൂക്കളങ്ങൾ. കോട്ടയത്ത് മലയാള മനോരമയിലെ വിദ്യാരംഭത്തിൽ ആദ്യാക്ഷരം പകർന്നു നൽകിയതു 8 ഗുരുക്കന്മാരാണ്. അറിവിന്റെ അമൃത് നുണഞ്ഞതു നൂറുകണക്കിനു കുരുന്നുകളും. 14 ജോടി ഇരട്ടകളും ഇതിൽ ഉൾപ്പെടും. ഇന്നലെ രാവിലെ 6.30നു ഗുരുക്കന്മാർ നിലവിളക്കു തെളിച്ചതോടെ വിദ്യാരംഭച്ചടങ്ങുകൾക്കു ശുഭാരംഭമായി. എല്ലാ ഗുരുക്കന്മാരും പ്രത്യേകം ഇരിപ്പിടങ്ങളിൽ ഇരുന്നു കുട്ടികളെ മടിയിലിരുത്തി തളികയിലെ അരിയിൽ ആദ്യാക്ഷരം എഴുതിച്ചു.

മനോരമയിലെ വിദ്യാരംഭച്ചടങ്ങിനൊരുക്കിയ അക്ഷരമണ്ഡപത്തിലെ മണലിൽ 
അക്ഷരം കുറിക്കുന്നവർ. ചിത്രം: മനോരമ
മനോരമയിലെ വിദ്യാരംഭച്ചടങ്ങിനൊരുക്കിയ അക്ഷരമണ്ഡപത്തിലെ മണലിൽ അക്ഷരം കുറിക്കുന്നവർ. ചിത്രം: മനോരമ

മനോരമ കേന്ദ്രഓഫിസിലെ അങ്കണത്തിൽ വിദ്യാമണ്ഡപത്തിനു സമീപം മണലിൽ അക്ഷരമെഴുതാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കുട്ടികളോടൊപ്പം എത്തിയ രക്ഷിതാക്കളും ഇവിടെ മണലിൽ അക്ഷരം കുറിച്ച് കുട്ടിക്കാലത്തെ ഓർമകളിൽ പിച്ചവച്ചു. പ്രത്യേകം ഒരുക്കിയ അക്ഷരപ്പന്തലിൽ സെൽഫി എടുക്കാനും വിദ്യാരംഭച്ചടങ്ങുകൾ മൊബൈൽ ഫോണുകളിൽ പകർത്താനും രക്ഷിതാക്കളും ബന്ധുക്കളും തിരക്കുകൂട്ടി.

അഖിലകേരള ബാലജനസഖ്യം പുതുപ്പള്ളി ശാഖയിലെ എയ്ഞ്ചൽ ഏബ്രഹാം പ്രാർഥനാഗാനം ആലപിച്ചു. കോട്ടയം യൂണിയൻ പ്രസിഡന്റ് സൗപർണിക ടാൻസൺ കീർത്തനങ്ങൾ ആലപിച്ചു.വിദ്യാരംഭം കുറിച്ച കുട്ടികളുടെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകൾ തത്സമയം നൽകി. ആദ്യാക്ഷരമെഴുതിയ കുഞ്ഞുങ്ങൾക്കെല്ലാം സമ്മാനങ്ങളും നൽകി.

കോട്ടയം മനോരമയിലെ വിദ്യാരംഭച്ചടങ്ങിൽ ആദ്യാക്ഷരം 

കുറിച്ചശേഷം ലഭിച്ച ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുമായി കുരുന്ന്.
കോട്ടയം മനോരമയിലെ വിദ്യാരംഭച്ചടങ്ങിൽ ആദ്യാക്ഷരം കുറിച്ചശേഷം ലഭിച്ച ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുമായി കുരുന്ന്.

തെങ്കാശിയിലെ ‘മലർവിളി
കോട്ടയം ∙ തമിഴ്നാട് തെങ്കാശി സ്വദേശി ചിന്നരാസു – മഹാരശി ദമ്പതികളുടെ മകൾ രണ്ടരവയസ്സുകാരി മലർവിളിയെ ഡോ. സാബു തോമസാണ് എഴുത്തിനിരുത്തിയത്. മലയാളത്തിലും ഇംഗ്ലിഷിലുമാണു മലർവിളി അക്ഷരം കുറിച്ചത്. 7 വർഷമായി കഞ്ഞിക്കുഴിയിൽ ജോലി ചെയ്യുകയാണു ചിന്നരാസു. മലയാള മീഡിയം സ്കൂളിൽ  മലർവിളിയെ പഠിപ്പിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ദമ്പതികളും നന്നായി മലയാളം സംസാരിക്കും.

മനോരമയിൽ ഗുരുശ്രേഷ്ഠരായി 67 പേർ
കേരളത്തിൽ മലയാള മനോരമയുടെ 11 യൂണിറ്റുകളിലും ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലുമായി 16 കേന്ദ്രങ്ങളിൽ ഇന്നലെ നടന്ന വിദ്യാരംഭത്തിന് എഴുത്തിനിരുത്തിയത് 67 പേർ. കല, സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ, ആധ്യാത്മിക, ഉദ്യോഗസ്ഥ മേഖലകളിലെ ഉന്നതശ്രേണീയരാണ് എത്തിയത്.
∙തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ, ശാരദ മുരളീധരൻ, ജോർജ് ഓണക്കൂർ, ജി.വേണുഗോപാൽ, സൂര്യ കൃഷ്ണമൂർത്തി
∙കൊല്ലം: പ്രഫ.നീലമന വി.ആർ.നമ്പൂതിരി, ഡോ.എ.അജയഘോഷ്, പ്രഫ.പി.ഒ.ജെ.ലബ്ബ, എം.ഡി.രത്നമ്മ, മധുപാൽ
∙പത്തനംതിട്ട: ഡോ.അലക്സാണ്ടർ ജേക്കബ്, ഡോ.കെ.എസ്.രവികുമാർ, ബ്ലെസി, എസ്.പ്രേംകൃഷ്ണൻ, ഡോ.ബി.ഹരിഹരൻ
∙ആലപ്പുഴ: ഡോ.പി.കെ.ഹോർമിസ് തരകൻ, എസ്.ഡി.ഷിബുലാൽ, ഡോ.ചേർത്തല ഗോവിന്ദൻ കുട്ടി, മിനി ആന്റണി, ഡോ.ബി.പത്മകുമാർ
∙കോട്ടയം: ഡോ.തോട്ടം ശിവകരൻ നമ്പൂതിരി, ഡോ.സിറിയക് തോമസ്, ഡോ.ജാൻസി ജയിംസ്, ഡോ.സാബു തോമസ്, ഡോ.ബാബു സെബാസ്റ്റ്യൻ, റോസ് മേരി, ഡോ.ടി.കെ.ജയകുമാർ, ജയിംസ് ജോസഫ്
∙കൊച്ചി: വേണു രാജാമണി, ഡോ.കെ.എൻ.രാഘവൻ, പി.വിജയൻ, ഡോ.സച്ചിദാനന്ദ കമ്മത്ത്, ഡോ.ശ്രീവത്സൻ ജെ.മേനോൻ, വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാട്, സിപ്പി പള്ളിപ്പുറം, ഡോ.ജെ.ലത
∙തൃശൂർ: കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, പെരുവനം കുട്ടൻ മാരാർ, ഡോ.മോഹനൻ കുന്നുമ്മൽ, അർജുൻ പാണ്ഡ്യൻ
∙പാലക്കാട്: കല്ലൂർ രാമൻകുട്ടി മാരാർ, ആഷാ മേനോൻ, ഡോ.കെ.ജി.രവീന്ദ്രൻ, പ്രഫ.സി.പി.ചിത്ര, ടി.കെ.ശങ്കരനാരായണൻ, ടി.സി.സുശീൽ കുമാർ
∙ മലപ്പുറം: ഡോ.കെ.മുരളീധരൻ, ഡോ.ഇ.കെ.ഗോവിന്ദവർമ രാജ, ശ്രീഹരി ഗിരീഷ് നമ്പൂതിരി, ഡോ.എൽ.സുഷമ.
∙ കോഴിക്കോട്: ബീന ഫിലിപ്, കൽപറ്റ നാരായണൻ, എൻ.പി.ഹാഫിസ് മുഹമ്മദ്, ഇ.കെ.കുട്ടി.
∙ കണ്ണൂർ: ടി.പത്മനാഭൻ, എം.മുകുന്ദൻ, സി.വി.ബാലകൃഷ്ണൻ
∙ മുംബൈ: ആനന്ദ് നീലകണ്ഠൻ, ഡോ.ജയിംസ് തോമസ്.
∙ ചെന്നൈ: കെ.എസ്.ചിത്ര, പി.ഉണ്ണികൃഷ്ണൻ
∙ ബെംഗളൂരു: അനിത നായർ, എ.വി.എസ്.നമ്പൂതിരി
∙ ഡൽഹി: വി.ഗിരി
∙ ദുബായ്: സതീഷ് കുമാർ ശിവൻ, വയലാർ ശരത്ചന്ദ്ര വർമ, ജോസ് പനച്ചിപ്പുറം


കോട്ടയം മനോരമയിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ ഒരുക്കിയ 
വീണയിൽ കൗതുകത്തോടെ തൊടുന്ന കുട്ടി. ചിത്രം: മനോരമ
കോട്ടയം മനോരമയിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ ഒരുക്കിയ വീണയിൽ കൗതുകത്തോടെ തൊടുന്ന കുട്ടി. ചിത്രം: മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com