പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി; വേമ്പനാട്ടുകായലിന് ശ്വാസംമുട്ടുന്നു, മത്സ്യ സമ്പത്തിന് ഭീഷണി
Mail This Article
കുമരകം ∙ വേമ്പനാട്ടു കായലിൽ നിന്നു കക്കാ വാരുന്നവർ കക്കായ്ക്കൊപ്പം വാരുന്നത് പ്ലാസ്റ്റിക്കും. കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടി കായലിനു ശ്വാസം മുട്ടുമ്പോൾ രക്ഷിക്കാനാണു കക്കാ വാരൽ തൊഴിലാളികൾ കക്കാ വരുന്നതിനൊപ്പം പ്ലാസ്റ്റിക് കൂടി വാരി എടുത്തു കരയ്ക്ക് എത്തിക്കുന്നത്. മുഹമ്മ ഭാഗത്തു കക്കാവരുന്നവരാണ് ഈ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം കുമരകത്ത് നടന്ന വേമ്പനാട്ടുകായൽ അക്ഷയഖനി എന്ന സെമിനാറിൽ എൻവയൺമെന്റ് പ്രോഗ്രാം ആൻഡ് റാംസർ സൈറ്റ് മാനേജർ ഡോ. ജോൺ സി. മാത്യുവാണു കായലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കുന്ന രീതിയെക്കുറിച്ചു വെളിപ്പെടുത്തിയത്.
ഇത്തരം പ്രവർത്തനം വ്യാപിപ്പിച്ചു കായലിലെ പ്ലാസ്റ്റിക് മാലിന്യം പൂർണമായും നീക്കുകയാണ് ലക്ഷ്യമെന്നും ഡോ. ജോൺ സി. മാത്യു പറഞ്ഞു. വേമ്പനാട്ട് കായൽ ഒഴുകുന്നത് ദുരന്തത്തിന്റെ അഴിമുഖത്തേക്കാണെന്ന് മനസ്സിലാക്കി എൻവയൺമെന്റ് പ്രോഗ്രാം ആൻഡ് റാംസർ സൈറ്റ് വിവിധ പദ്ധതികളാണു നടപ്പിലാക്കി വരുന്നത്.ഇന്നത്തെ നിലയിൽ തുടർന്നാൽ ഈ കായൽ എത്രകാലം എന്ന ചിന്തയിലാണ് നാട്. അതിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണു കഴിഞ്ഞ ദിവസം നേച്ചർ ക്ലബ്, കൃഷി വിജ്ഞാന കേന്ദ്രം, സ്റ്റേറ്റ് വെറ്റ്ലാൻഡ് അതോറിറ്റിയും ചേർന്നു സെമിനാർ നടത്തിയത്.
മത്സ്യ സമ്പത്തിന് ഭീഷണി
കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക് അടിഞ്ഞു കൂടുന്നത് മത്സ്യ സമ്പത്തിനു ഭീഷണിയാകുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. കായലിന്റെ അടിത്തട്ടിൽ കിടക്കുന്ന പ്ലാസ്റ്റിക്കിനുള്ളിൽ പ്രവേശിക്കുന്ന മത്സ്യങ്ങൾക്കു പുറത്തേക്കു ഇറങ്ങാൻ കഴിയാതെ കുടുങ്ങി അവിടെ ഇരുന്നു ചാകുന്നുണ്ടെന്ന് ഫിഷ് കൗണ്ടിങ് നടത്തിയ സംഘം കണ്ടെത്തിയിരുന്നു.നൂറുകണക്കിനു മത്സ്യങ്ങൾ ഇങ്ങനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
കക്ക ഉൽപാദനം
കായലിന്റെ തെക്ക് ഭാഗത്ത് കറുത്ത കക്കാ കുറഞ്ഞു വരികയാണ്. ഇതിനു പരിഹാരമായി വൈക്കം കായലിൽ നിന്നു വിത്തുകൾ കക്കകൾ ശേഖരിച്ചു തെക്ക് കായൽ ഭാഗത്ത് വിതറി ഇവയുടെ ഉൽപാദനം കൂട്ടാനുള്ള ശ്രമവും നടന്നു വരികയാണ്. കക്ക ഇറച്ചി കൊണ്ടു സമൂസയും വടയും ഉണ്ടാക്കാൻ കഴിയുമെന്നു സെമിനാറിൽ എത്തിയവർക്കു പുത്തൻ അറിവായി.
അടുക്കളത്തോട്ടം മത്സരം
കുമരകത്തെക്കുറിച്ചുള്ള പഠനം, ഗവേഷണം തുടർ പരിപാലനം എന്നിവ നടത്തി കുമരകത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുകയാണ് നേച്ചർ ക്ലബ് ലക്ഷ്യമിടുന്നത്. കുമരകത്തിന്റെ സമഗ്രവികസനം നടപ്പാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തും. വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നാകും പദ്ധതി ആവിഷ്കരിക്കുക. പാതയോരങ്ങളിൽ ചെടികൾ വച്ചു പിടിപ്പിക്കും. വീട്ടമ്മമാർക്കു വേണ്ടി അടുക്കളത്തോട്ടം മത്സരം സംഘടിപ്പിക്കും. വിജയിക്കുന്നവർക്കു കാഷ് പ്രൈസ് നൽകും.
‘വേമ്പനാട്ടുകായലിന്റെ ജൈവിക സ്വഭാവം നിലനിർത്തണം’
കുമരകം ∙ വേമ്പനാട്ടുകായലിന്റെ ജൈവിക സ്വഭാവം നിലനിർത്തിയുള്ള സംരക്ഷണ പ്രവർത്തനമാണു അഭികാമ്യമെന്ന് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മുൻ അസോഷ്യേറ്റ് ഡയറക്ടർ ഡോ. കെ.ജി പത്മകുമാർ സെമിനാറിൽ പറഞ്ഞു.യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ആഴം കൂട്ടൽ കായലിന്റെ ആവാസവ്യവസ്ഥയെ തകർത്തേക്കാം. പരമ്പരാഗത രീതിയിൽ കട്ട കുത്തി എടുത്തു തീരങ്ങളിൽ ബണ്ടുകൾ നിർമിച്ചു വ്യാപകമായി കണ്ടൽ വച്ചു പിടിപ്പിക്കണം. ഇത് ടൂറിസം വളർത്തുകയും മത്സ്യസമ്പത്ത് വർധിപ്പിക്കുകയും ചെയ്യും. ഈ പ്രവർത്തനം നടത്തുന്ന തൊഴിലാളികൾക്കു സബ്സിഡി നൽകി പ്രോത്സാഹിപ്പിക്കണമെന്നും ഡോ. കെ.ജി പത്മകുമാർ പറഞ്ഞു
കായലിന് തിലകമായി വിളക്കുമരം
കുമരകം∙ വേമ്പനാട്ടു കായലിനു തിലകമായി വിളക്കുമരത്തിലെ മരം. കായലിന്റെ കിഴക്കേ തീരത്ത് ബോട്ട് ജെട്ടി തോട് വന്നു ചേരുന്ന ഭാഗത്താണു വിളക്കു മരവും സാക്ഷാൽ മരവും നിൽക്കുന്നത്. വേനലിൽ ഇലകൊഴിച്ചും മഴക്കാലമാകുമ്പോൾ തളിരിട്ടു ഇലകൾ ചാർത്തിയും ഈ മരം നിൽക്കാൻ തുടങ്ങിയിട്ടു പതിറ്റാണ്ടുകളായി. ഇല കൊഴിയുമ്പോഴും ഇല ഉണ്ടാകുമ്പോഴും നീർക്കാക്കകൾക്ക് ചേക്കേറാനൊരു ഇടമാണു ഈ മരം. ഇപ്പോൾ ഇലകൾ കൊണ്ടു സമ്പന്നമായി നിൽക്കുകയാണ് മരം.