ഇനി യൂണിവേഴ്സിറ്റി കായിക മേളകൾ ഏറ്റെടുക്കില്ല; അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപകർ
Mail This Article
കോട്ടയം ∙ എംജി യൂണിവേഴ്സിറ്റി കായികമേളകൾ ഏറ്റെടുക്കേണ്ടതില്ലെന്ന് അഫിലിയേറ്റഡ് കോളജുകളിലെ കായിക അധ്യാപകരുടെ സംഘടനയുടെ തീരുമാനം. യൂണിവേഴ്സിറ്റിയുടെ കായിക രംഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് തീരുമാനം. സർവകലാശാലയെ പ്രതിനിധീകരിച്ച് ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ ഡിഎ വർധിപ്പിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഉന്നയിച്ചാണ് സമരം.
പ്രതിദിനം 350 രൂപ മാത്രമാണ് നിലവിൽ വിദ്യാർഥികൾക്ക് ഡിഎ നൽകുന്നത്. കേരളത്തിലെ മറ്റ് സർവകലാശാലകൾ പ്രതിദിനം 500 രൂപ വരെ നൽകുന്നുണ്ട്. എംജി യൂണിവേഴ്സിറ്റി ഇന്റർ കൊളീജിയറ്റ് ടൂർണമെന്റുകൾ മിക്കവാറും അഫിലിയേറ്റഡ് കോജുകളിലാണ് നടക്കുന്നത്. സർവകലാശാല കാമ്പസിൽ മൈതാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കുറവായതാണ് ഇതിന് കാരണം.
കായിക താരങ്ങളായ വിദ്യാർഥികളോടും സർവകലാശാലയിലെ വിവിധ കോളജുകളിലെ കായിക അധ്യാപകരോടും കാണിക്കുന്നത് കടുത്ത അനീതിയാണെന്നും സംഘടനാ പ്രസിഡന്റ് ജോസ് സേവ്യർ, സെക്രട്ടറി ഹനീഫ കെ. ജി എന്നിവർ അറിയിച്ചു.