ഓപ്പൺ സർവകലാശാലയിൽ പുതിയ തസ്തികകൾ സൃഷ്ടിച്ച് സ്ഥിര നിയമനം നടത്തണം: എഫ്‌യുഇഒ
Mail This Article
കോട്ടയം ∙ സംസ്ഥാനത്ത് വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് മാത്രമായി ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അടിയന്തരമായി പുതിയ തസ്തികകൾ സൃഷ്ടിച്ച് സ്ഥിര നിയമനങ്ങൾ നടത്തണമെന്ന് ഫെഡറേഷൻ ഓഫ് ഓൾ കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് (എഫ്‌യുഇഒ) സർക്കാരിനോട് ആവശ്യപ്പെട്ടു. സർവകലാശാല രൂപീകരിച്ച് നാലുവർഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു സ്ഥിരം തസ്തിക പോലും സർക്കാർ സൃഷ്ടിച്ചിട്ടില്ല. സർവകലാശാലകളിൽ നിന്നും സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഇടതു യൂണിയൻ പ്രവർത്തകരെയും ബന്ധുക്കളെയും കരാർ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റിയിൽ ഇഷ്ടം പോലെ കുത്തിനിറച്ചിരിക്കുകയാണ്. ഇത് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനം കാത്തു നിൽക്കുന്ന ഉദ്യോഗാർഥികളോടുള്ള കടുത്ത വഞ്ചനയും അനീതിയുമാണ്.
ഓപ്പൺ സർവകലാശാലയിൽ ഇപ്പോൾ നിലവിലുള്ള എല്ലാ കരാർ നിയമനങ്ങളും അവസാനിപ്പിക്കണം. സെക്രട്ടേറിയറ്റ് പാരിറ്റിയിൽ സ്റ്റാഫ് പറ്റേൺ നിശ്ചയിക്കുകയും അതിൻപ്രകാരം പുതിയ തസ്തികകൾ സൃഷ്ടിച്ച് മറ്റു സർവകലാശാലകളിലെ ജീവനക്കാർക്ക് ഓപ്ഷൻ അനുവദിക്കുകയും വേണം. അതിന്റെ ഫലമായി ഇതര സർവകലാശാലകളിലുണ്ടാകുന്ന ഒഴിവുകളിൽ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നും ഫെഡറേഷൻ നേതാക്കൾ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ നേടിയെടുക്കാനായി ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.മഹേഷ്, ജനറൽ സെക്രട്ടറി ജയൻ ചാലിൽ, ട്രഷറർ കെ.എസ്.ജയകുമാർ എന്നിവർ അറിയിച്ചു.