കുതിക്കുകയാണ് ഈരാറ്റുപേട്ടയും പാലായും
Mail This Article
പാലാ ∙ ഈരാറ്റുപേട്ട, പാലാ വഴി കാഞ്ഞിരപ്പള്ളിക്ക് ജില്ലാ കായികമേള കുതിക്കുന്നു. ഉപജില്ലകളിൽ ഈരാറ്റുപേട്ടയും പാലായും ഒന്നിനൊന്ന് മുന്നേറുമ്പോൾ പിന്നാലെ കാഞ്ഞിരപ്പള്ളിയും മുന്നോട്ട്. സ്കൂൾ വിഭാഗത്തിൽ പൂഞ്ഞാർ എസ്എംവി എച്ച്എസ്എസ് അതിവേഗം ഫിനിഷിലേക്ക് എത്തുമ്പോൾ പാലാ സെന്റ് തോമസ് എച്ച്എസ്എസും മുരിക്കുംവയൽ ഗവ വിഎച്ച്എസ്എസും പിന്നാലെ പിടിക്കുന്നു. കായികമേള ഇന്നു സമാപിക്കും.
മിന്നലായ് മിലൻ
ഉയരത്തിൽ ഇരിക്കുന്ന പോളിനെക്കാൾ സങ്കടങ്ങൾ മിലനുണ്ടായിരുന്നു. അതിനാൽ പോൾവോൾട്ടിലെ ഓരോ ചാട്ടത്തിലും കൂടുതൽ ഉയരങ്ങൾ മിലൻ പിന്നിട്ടത് അനായാസം. മത്സരം അവസാനിച്ചപ്പോൾ ജൂനിയർ ആൺ പോൾവോൾട്ടിൽ സംസ്ഥാന റെക്കോർഡ് തിരുത്തി പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ മിലൻ സാബു പുതിയ ഉയരത്തിലേക്ക്. നിലവിലെ റെക്കോർഡായ 4.07 മീറ്റർ എന്ന ഉയരം 4.10 മീറ്ററാക്കി മെച്ചപ്പെടുത്തി.ഏറ്റുമാനൂർ കൊല്ലംപറമ്പിൽ പരേതനായ സാബു ജോസഫ്, ഷീജ ദമ്പതികളുടെ മകനാണ്.
10 വർഷം മുൻപാണു പിതാവ് മരിച്ചത്. മുൻ പവർലിഫ്റ്റിങ് താരമായ ഷീജ വീട്ടുജോലിക്ക് പോയി മക്കളെ വളർത്തി. കാൻസർ ബാധിച്ച് ഷീജ വീണ്ടും സങ്കടത്തിലായി. പഠനത്തിനും ജീവിതച്ചെലവുകൾക്കും പെട്രോൾ പമ്പിലെ ജോലിക്ക് പോകുന്നുണ്ട് മിലനും സഹോദരങ്ങളായ മെൽബിനും മെൽബയും. പോൾവോൾട്ടിൽ സംസ്ഥാന തലത്തിൽ വരെ മെഡൽ നേടിയ താരമാണു മെൽബ.
അമ്മയുടെ ചികിത്സ, തുടർപഠനം, വീട്ടുകാര്യങ്ങൾ ഇങ്ങനെ നീളുകയാണ് ഉയരത്തിലുള്ള ഇവരുടെ ജീവിതപ്രാരാബ്ധങ്ങൾ. എങ്കിലും അവയെല്ലാം ചാടിക്കടക്കാമെന്ന പ്രതീക്ഷയിൽ ഇനി സംസ്ഥാന മത്സരത്തിനായി കഠിനശ്രമം നടത്തുമെന്ന് മിലൻ പറയുന്നു. പാലാ ജംപ്സ് അക്കാദമിയിലെ കെ.പി.സതീഷ് കുമാറാണു പരിശീലകൻ.
ബെസ്റ്റ് ടെൻ; ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്ന 10 സ്കൂളുകൾ
(സ്കൂൾ, സ്വർണം, വെള്ളി, വെങ്കലം, പോയിന്റ് ക്രമത്തിൽ)
1. എസ്എംവി എച്ച്എസ്എസ്, പൂഞ്ഞാർ 18 5 9 143.5
2. സെന്റ് തോമസ് എച്ച്എസ്എസ്, പാലാ 10 10 7 87
3. ഗവ വിഎച്ച്എസ്എസ്, മുരിക്കുംവയൽ 6 0 5 35
4. സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ്, കുറുമ്പനാടം 3 2 3 24
5. സെന്റ് മേരീസ് ജിഎച്ച്എസ്എസ്, പാലാ 4 0 1 21
6. സെന്റ് ഡൊമിനിക്സ് എച്ച്എസ്എസ്, കാഞ്ഞിരപ്പള്ളി 3 1 0 18
7. സെന്റ് മേരീസ് ജിഎച്ച്എസ്, കാഞ്ഞിരപ്പള്ളി 1 4 1 18
8. വിഎച്ച്എസ്എസ്, ബ്രഹ്മമംഗലം 0 4 1 13
9. എംടി സെമിനാരി എച്ച്എസ്എസ്, കോട്ടയം 0 3 3 12
10. ഹോളി ഫാമിലി എച്ച്എസ്എസ്, ഇഞ്ചിയാനി 1 2 1 12