ഏറ്റുമാനൂർ ജലപദ്ധതിക്ക് തുടക്കം; യാഥാർഥ്യമാകുന്നത് കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പദ്ധതി
Mail This Article
ഏറ്റുമാനൂർ∙ നഗരസഭയിലെയും കാണക്കാരി, മാഞ്ഞൂർ, അതിരമ്പുഴ പഞ്ചായത്തുകളിലെയും കുടിവെളള ക്ഷാമത്തിനു പരിഹാരം കാണാൻ വിഭാവനം ചെയ്ത ഏറ്റുമാനൂർ ജലപദ്ധതിക്ക് തുടക്കമായി. കിഫ്ബി പദ്ധതിയിൽ 93.225 കോടി മുടക്കിയാണ് ജില്ലയിലെ ഏറ്റവും വലിയകുടിവെള്ള പദ്ധതി യാഥാർഥ്യമാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
4 പാക്കേജുകളായാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടത്. ഇതിൽ 35 കിലോമീറ്റർ പൈപ്‌ലൈൻ സ്ഥാപിച്ച ശേഷം പദ്ധതി തടസ്സപ്പെട്ടു. തുടർന്ന് മന്ത്രി വി.എൻ.വാസവൻ ഇടപെട്ടതോടെയാണ് പദ്ധതിക്കു വീണ്ടും ജീവൻ വച്ചത്. നാലു പാക്കേജുകൾ ഒറ്റ പാക്കേജാക്കി 73.8 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായി.
നവംബർ ആദ്യപകുതിയിൽ തന്നെ നിർമാണോദ്ഘാടനം നടത്തുമെന്നും ഭാവിയിൽ ഈ പദ്ധതി വിപുലീകരിച്ച് ആർപ്പൂക്കര, അയ്മനം മേഖലകളിലേക്കു കൂടി കുടിവെള്ളമെത്തിക്കുമെന്നും മന്ത്രി വാസവൻ പറഞ്ഞു. നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.എസ്.ബിജു ചെയർമാനായും ജല അതോറിറ്റി എഇ ദിലീപ് ഗോപാൽ കൺവീനറുമായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്.
യോഗത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് എ.എം.ബിന്നു, നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, മറ്റു ജനപ്രതിനിധികൾ, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ രതീഷ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ സൂര്യ ശശിധരൻ, മറ്റ് ഉദ്യോഗസ്ഥർ, ആസൂത്രണ വികസന സമിതി ഉപാധ്യക്ഷൻ ബാബു ജോർജ്, കെ.എൻ.വേണുഗോപാൽ, കെ.എൻ.രവി എന്നിവർ പ്രസംഗിച്ചു.
പദ്ധതി ഇങ്ങനെ
പൂവത്തുംമൂട്ടിലെ ജല അതോറിറ്റിയുടെ കിണർ തന്നെയാണ് പദ്ധതിക്കായി ഉപയോഗിക്കുക. പൂവത്തുംമൂട് പമ്പ് ഹൗസിനു സമീപം പുതിയ കെട്ടിടം നിർമിച്ച് ട്രാൻസ്ഫോമർ, പമ്പ് സെറ്റ് എന്നിവ സ്ഥാപിക്കും. നേതാജി നഗറിൽ 22 എംഎൽഡി ശേഷിയുള്ള ജലശുദ്ധീകരണ ശാല, 16 ലക്ഷം ലീറ്റർ ശേഷിയുള്ള ഉന്നത തല സംഭരണി, 20 ലക്ഷം ലീറ്റർ ശേഷിയുള്ള ഭൂതല സംഭരണി എന്നിവ നിർമിക്കും. കച്ചേരിക്കുന്നിൽ 10 ലക്ഷം ലീറ്റർ ശേഷിയുള്ളതും കട്ടച്ചിറയിൽ അരലക്ഷം ലീറ്റർ ശേഷിയുള്ളതുമായ ടാങ്കുകൾ നിർമിക്കും. പ്ലാന്റ് നിർമാണം, പവർ എൻഹാൻസ്മെന്റ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ജോലികൾ, റോഡ് പുനസ്ഥാപിക്കൽ തുടങ്ങിയവയ്ക്കാണ് സർക്കാർ 73.8 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ടാങ്കുകളിൽ നിന്ന് 43 കിലോമീറ്റർ നീളത്തിലാണ് വിതരണ ശൃംഖല സ്ഥാപിക്കുക.
പ്രയോജനം വിവിധ പഞ്ചായത്തുകൾക്ക്
ഏറ്റുമാനൂർ നഗരസഭയിലും ഇതിനോടു ചേർന്നു കിടക്കുന്ന അതിരമ്പുഴ, കാണക്കാരി പഞ്ചായത്തിലെ സമീപ വാർഡുകളിലും ഗാർഹിക കണക്‌ഷനിലൂടെ എല്ലാവർക്കും കുടിവെള്ളമെത്തിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ അയ്മനം, ആർപ്പൂക്കര, നീണ്ടൂർ, അതിരമ്പുഴ എന്നീ പഞ്ചായത്തുകളിൽ കൂടുതൽ കാര്യക്ഷമമായി ശുദ്ധജല വിതരണം നടത്താനാകും.