നിയന്ത്രണമില്ലാതെ ഫ്ലെക്സ് ബോർഡുകൾ, നടപ്പാതകളിൽ വാഹന പാർക്കിങ്ങും; പാലാ വലയുന്നു
Mail This Article
പാലാ ∙ നഗരത്തിലെ നടപ്പാതകളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതും ബോർഡുകൾ സ്ഥാപിക്കുന്നതും പതിവാകുന്നു. അനധികൃത കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർക്ക് മൗനം. ദിശാ ബോർഡുകൾ മറച്ചും അനധികൃതമായും ടൗണിൽ ഫ്ലെക്സ് ബോർഡുകൾ വയ്ക്കുന്നതും പതിവായിട്ടുണ്ട്.
രാവിലെ മുതൽ രാത്രി വൈകി വരെ നഗരത്തിലെ പലയിടങ്ങളിൽ നടപ്പാതകൾ കയ്യേറി സ്ഥിരം പാർക്കിങ്ങുകൾ നടത്തുന്നു. ഇതു കാൽനടക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. റോഡിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥ. ഇത് അപകടങ്ങൾക്കും ഇടയാക്കും. രാവിലെയും വൈകിട്ടും വിദ്യാർഥികളും ഇതുമൂലം ബുദ്ധിമുട്ടുകയാണ്.
വിവിധ സ്ഥാപനങ്ങൾ നടപ്പാത കയ്യേറി പാർക്കിങ് ഏരിയ ആക്കി . നടപ്പാതകളിൽ ബോർഡുകൾ സ്ഥാപിക്കുന്നവരും സാധനങ്ങൾ ഇറക്കി വയ്ക്കുന്നവരും കുറവല്ല. ഈരാറ്റുപേട്ട റൂട്ടിൽ ചെത്തിമറ്റം വരെയുള്ള ഭാഗത്ത് ഇരുവശത്തും നടപ്പാതകൾ ഒട്ടേറെപ്പേർ സ്ഥിരം പാർക്കിങ് കേന്ദ്രങ്ങളാക്കിയിരിക്കുകയാണെന്നും പരാതിയുണ്ട്.
വീതി കുറഞ്ഞ നഗരത്തിലെ ചെറിയ റോഡുകളിലെ അനധികൃത പാർക്കിങ് കാൽനടക്കാർക്കും ദുരിതം സൃഷ്ടിക്കുന്നുണ്ട്. രാമപുരം റോഡിൽ എക്സൈസ് ഓഫിസ് മുതൽ മഹാത്മാഗാന്ധി ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം വരെ നടപ്പാത കയ്യേറി ഒട്ടേറെ സാധനങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്.
പ്രതിഷേധിച്ചു
പാലാ ∙ മീനച്ചിൽ താലൂക്ക് റെഡ് ക്രോസ് സൊസൈറ്റി നഗരസഭയുടെ അനുവാദത്തോടെ കുരിശുപള്ളി കവലയിൽ സ്ഥാപിച്ച ദിശാബോർഡ് മറച്ച് രാഷ്ട്രീയ പാർട്ടി ബോർഡ് സ്ഥാപിച്ചതിൽ മീനച്ചിൽ റെഡ് ക്രോസ് സൊസൈറ്റി പ്രതിഷേധിച്ചു. ടൗണിൽ പുറത്തു നിന്നെത്തുന്നവർക്ക് ആശയക്കുഴപ്പമുണ്ടാകുന്ന സ്ഥലമായ കുരിശുപള്ളി കവലയിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡ് രാഷ്ട്രീയ പാർട്ടി എടുത്തു മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജേക്കബ് സേവ്യർ കയ്യാലയ്ക്കകം അധ്യക്ഷത വഹിച്ചു. കുട്ടിച്ചൻ കീപ്പുറം, സെബാസ്റ്റ്യൻ ജോസഫ് പുരയിടം, തങ്കച്ചൻ കാപ്പിൽ, ജോസ് ചന്ദ്രത്തിൽ എന്നിവർ പ്രസംഗിച്ചു.
ധർണ നടത്തും
പാലാ ∙ സിവിൽ സ്റ്റേഷന് സമീപം നടപ്പാതയിൽ അനധികൃത നിർമാണം നടത്തിയെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയുടെ മറുപടിയിൽ സമ്മതിച്ച നഗരസഭാധികൃതർ ഇതിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് 9.30 മുതൽ അനധികൃത നിർമാണ സ്ഥലത്ത് ധർണ നടത്തുമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ അറിയിച്ചു.