കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ കൃത്രിമ ബസ്സ്റ്റോപ്പ്; ദുരിതം
Mail This Article
ഗാന്ധിനഗർ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ കൃത്രിമ ബസ് സ്റ്റോപ്പുകൾ മൂലം ആശുപത്രിയിൽ എത്തുന്നവർക്ക് അടിപ്പാത ഉപയോഗപ്പെടുത്താൻ കഴിയുന്നില്ലെന്നു പരാതി. അടിപ്പാതയ്ക്കു മുകളിൽ, ആശുപത്രിയുടെ പ്രധാന കവാടത്തിനു മുന്നിലാണ് സ്വകാര്യ ബസുകൾ കൃത്രിമ ബസ് സ്റ്റോപ് സൃഷ്ടിച്ചിരിക്കുന്നത്. ബസിൽ കയറാനുള്ള എളുപ്പത്തിനു അടിപ്പാത ഉപേക്ഷിച്ച് പലരും റോഡിലൂടെ തന്നെയാണ് ഇപ്പോഴും സഞ്ചരിക്കുന്നത്. ഇതോടെ ലക്ഷങ്ങൾ മുടക്കി നിർമിച്ച അടിപ്പാതയുടെ പ്രയോജനം യാത്രക്കാർക്ക് പൂർണമായും ലഭിക്കാതെ വരുന്നു.
ബസ് സ്റ്റാൻഡിൽ നിന്ന് ഇറങ്ങുന്ന ബസുകൾ വീണ്ടും ആശുപത്രിക്കു മുന്നിൽ നിർത്തിയാണ് ആളെ കയറ്റുന്നത്. അടിപ്പാത തുറക്കുന്നത് ബസ് സ്റ്റാൻഡിലേക്കാണ്. കൃത്രിമ സ്റ്റോപ് ഒഴിവാക്കിയാൽ ആളുകൾക്ക് അടിപ്പാതയുടെ പ്രയോജനം ലഭിക്കുകയും സ്റ്റാൻഡിൽ നിന്നു ബസുകളിൽ കയറുകയും ചെയ്യാം. ആശുപത്രിയിൽ എത്തുന്നവർക്ക് റോഡ് കുറുകെ കടക്കാൻ സുരക്ഷിതമായ മാർഗം എന്ന നിലയിലാണ് ഭൂഗർഭപാത വിഭാവനം ചെയ്തത്. മന്ത്രി വി.എൻ.വാസവൻ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ എന്നിവരായിരുന്നു ഈ ആശയത്തിനു പിന്നിൽ.
പ്രതിദിനം ഏഴായിരത്തോളം പേരാണ് ഒപിയിൽ ഉൾപ്പെടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. വാഹനങ്ങളുടെയും റോഡ് മുറിച്ച് കടക്കുന്ന കാൽനടക്കാരുടെയും ബാഹുല്യം ഇവിടെ ഒട്ടേറെ അപകടങ്ങൾക്ക് കാരണമായിരുന്നു. 1.30 കോടി രൂപയാണ് അടിപ്പാതയുടെ നിർമാണ ചെലവ്. പാതയിൽ ആധുനിക രീതിയിലുളള വെളിച്ച സംവിധാനങ്ങൾ, വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങൾ, ഫാനുകൾ, ഇരു കവാടങ്ങളിലും ഗേറ്റുകൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
എന്നാൽ കൃത്രിമ ബസ് സ്റ്റോപ്പുകൾ വന്നതോടെ ബസിൽ കയറാനുള്ള എളുപ്പം നോക്കി ഈ സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് ആളുകൾ പഴയപടി റോഡ് കുറുകെയാണ് കടക്കുന്നത്. കൃത്രിമ ബസ് സ്റ്റോപ് ഒഴിവാക്കുകയും ഈ ഭാഗത്ത് സെക്യൂരിറ്റി ജീവനക്കാരെ നിർത്തി അടിപ്പാതയുടെ പ്രയോജനം ആളുകൾക്ക് ലഭിക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ ഒരുക്കുകയും വേണമെന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്.
കൃത്രിമ ബസ് സ്റ്റോപ് നിരോധിക്കും
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിലെ കൃത്രിമ ബസ് സ്റ്റോപ് നിരോധിക്കാൻ പൊലീസിനു നിർദേശം നൽകിയതായി മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണ്. ഇവിടെ അപകടകരമായ രീതിയിൽ അനധികൃത സ്റ്റോപുകൾ നിർമിച്ചാൽ നിയമപരമായ നടപടി സ്വീകരിക്കും. ആളുകൾക്ക് സുരക്ഷിതമായി റോഡ് കുറുകെ കടക്കാനാണ് അടിപ്പാത നിർമിച്ചത്. ഇത് പൂർണമായും എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.