കോട്ടയം റെയിൽവേ സ്റ്റേഷനിൽ അടിയന്തരമായി വേണ്ടത് ഇതെല്ലാം...
Mail This Article
കോട്ടയം ∙ റെയിൽവേ വികസനത്തിൽ കോട്ടയത്തിന്റെ പുതിയ വഴി നിശ്ചയിക്കാനുള്ള ഉന്നതതല യോഗം ഇന്നു കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടക്കും. കെ.ഫ്രാൻസിസ് ജോർജ് എംപി 10.30ന് വിളിച്ചു ചേർത്ത യോഗത്തിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ മനീഷ് ധപ്‌ല്യാൽ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും. മണ്ഡല– മകര വിളക്ക് സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നടക്കുന്ന യോഗത്തിൽ മുന്നൊരുക്കങ്ങളും ചർച്ചയാകും.
റെയിൽവേ സ്റ്റേഷനിൽ അടിയന്തരമായി വേണ്ടത്:
∙ രണ്ടാം കവാടം, പാർക്കിങ്:
റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം നിർമാണം പൂർത്തിയാക്കി തുറന്നു നൽകണം. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ ആണെങ്കിലും പ്രദേശം വൃത്തിയാക്കുന്നത് അടക്കമുള്ള നടപടികൾ പൂർത്തിയായിട്ടില്ല. രണ്ടാം കവാടത്തിനു മുന്നിലെ ഗ്രൗണ്ട് പാർക്കിങ് ഏരിയയാക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടില്ല. നവംബർ ഒന്നിന് കവാടം തുറക്കാമെന്നു നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. ശബരിമല സീസൺ ആരംഭിക്കും മുൻപെങ്കിലും കവാടം തുറക്കണം. ഇവിടെ ടിക്കറ്റ് നൽകാനും സംവിധാനം വേണം.
∙ പുതിയ നടപ്പാലം
റെയിൽവേ സ്റ്റേഷനിലെ പിൽഗ്രിം സെന്ററിന്റെ സമീപത്തു നിന്ന് 5 പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചുള്ള പുതിയ നടപ്പാലത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. ശബരിമല സീസണു മുന്നോടിയായി മേൽപാലം തുറന്ന് പ്രദേശം വൃത്തിയാക്കണം.
∙ ട്രെയിനിൽ വെള്ളം നിറയ്ക്കാൻ സംവിധാനം:
1എ, 4,5 പ്ലാറ്റ്ഫോമുകളിൽ ട്രെയിനുകളിൽ വെള്ളം നിറയ്ക്കാനുള്ള സംവിധാനമില്ല. ഇവിടെ പമ്പ് സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചെങ്കിലും ജോലികൾ ആരംഭിച്ചിട്ടില്ല. വെള്ളം നിറയ്ക്കാൻ സംവിധാനം ഇല്ലാത്തതു ശബരിമല സീസണിൽ കൂടുതൽ സ്പെഷൽ ട്രെയിനുകൾ കൈകാര്യം ചെയ്യുന്നതിനു പ്രതിസന്ധി സൃഷ്ടിക്കും.
∙ ഭിന്നശേഷിക്കാർക്ക് പ്രധാന കവാടത്തിൽ നിന്നു പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാനുള്ള സൗകര്യം ഇതുവരെ പൂർത്തിയായില്ല.
∙ തിരക്ക് കൂടുന്നതിന് അനുസരിച്ച് കൂടുതൽ കൗണ്ടറുകൾ തുറന്ന് ടിക്കറ്റ് നൽകാനുള്ള സംവിധാനം.
∙ ശബരിമല സീസണിൽ എത്തുന്ന ഭക്തർക്ക് പോകാനുള്ള ബസ് സർവീസുകൾ പുറപ്പെടാനുള്ള ക്രമീകരണവും അതിന്റെ പാർക്കിങ്ങും സംബന്ധിച്ച തീരുമാനങ്ങളും ഉണ്ടാകണം.
മറ്റ് ആവശ്യങ്ങൾ
∙ കോട്ടയം ടെർമിനൽ സ്റ്റേഷൻ പദവിയിലേക്ക് ഉയർത്തണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. പുതിയ ട്രെയിനുകൾ കോട്ടയത്ത് നിന്ന് ആരംഭിക്കാനും എറണാകുളത്ത് അവസാനിക്കുന്ന ചില ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടാനുമുള്ള നിർദേശങ്ങൾ ഉണ്ടെങ്കിലും ഒന്നും നടപ്പായില്ല.
∙ 5 പ്ലാറ്റ്ഫോമുകൾ ഉള്ള കോട്ടയം സ്റ്റേഷന്റെ സാധ്യതകൾ ഇതുവരെ റെയിൽവേ പരിഗണിച്ചിട്ടില്ല.
∙ 1എ പ്ലാറ്റ്ഫോമിൽ നിന്നു മെമു ട്രെയിനുകൾ പുറപ്പെടാൻ സാധിക്കുമെങ്കിലും ഈ സാധ്യതയും പരിഗണിച്ചിട്ടില്ല. ഈ പ്ലാറ്റ്ഫോം പലപ്പോഴും വെറുതേ കിടക്കുന്നു.
∙ കോട്ടയം റെയിൽവേ സ്റ്റേഷനിലേക്കു റബർ ബോർഡ് മേൽപാലം ഭാഗത്തു നിന്നുള്ള മദർ തെരേസ റോഡ് പൊളിച്ചിട്ട് 2 വർഷമായി. ഇതിന്റെ പുനർ നിർമാണം സംബന്ധിച്ച് നടപടിയില്ല.
∙ കുമാരനല്ലൂർ, കടുത്തുരുത്തി, കുരീക്കാട്, മുളന്തുരുത്തി, കാഞ്ഞിരമറ്റം, ഏറ്റുമാനൂർ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ഉയർത്താൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികൾ വേഗത്തിലാക്കണം.
∙ കോട്ടയത്തിനു പുറത്തുള്ള റെയിൽവേ സ്റ്റേഷനുകളിൽ ശുചിമുറി, ശുദ്ധജലം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം.
∙ ഏറ്റുമാനൂർ, വൈക്കം റോഡ്, പിറവം റോഡ്, ചിങ്ങവനം സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്.
∙ ഏറ്റുമാനൂർ സ്റ്റേഷനിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കുക. റെയിൽവേ സ്റ്റേഷൻ– കാട്ടാത്തി റോഡ് നവീകരിക്കുക.
∙ പിറവം റോഡ് സ്റ്റേഷനിൽ തിരക്കുള്ള സമയങ്ങളിൽ 2 ടിക്കറ്റ് കൗണ്ടർ പ്രവർത്തിപ്പിക്കണം.
∙ വിവിധ സ്ഥലങ്ങളിൽ ഫുട്ഓവർ ബ്രിജുകൾക്കും ആവശ്യമുയരുന്നുണ്ട്.