ADVERTISEMENT

കോട്ടയം ∙റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടം നവംബർ ആദ്യവാരം തുറക്കും. റെയിൽവേ  വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഫ്രാൻസിസ് ജോർജ് എംപി വിളിച്ച ഉന്നതതല യോഗത്തിലാണു തീരുമാനം. ശബരിമല തീർഥാടന കാലത്ത് കഴിഞ്ഞ വർഷത്തെ അതേ സൗകര്യങ്ങൾ തുടരും. തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ ഡോ. മനീഷ് ധപ്‌ല്യാൽ, എംഎൽഎമാരായ മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, റെയിൽവേ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ വൈ.സെൽവിൻ, ഡിവിഷനൽ എൻജിനീയർ എം.മാരിയപ്പൻ, പിആർഒ ഷെബി ടി.രാജ്, സ്റ്റേഷൻ മാനേജർ പി.വി.വിജയകുമാർ, ഇലക്ട്രിക്കൽ എൻജിനീയർ കെ.എൻ.ശ്രീരാജ്, അസിസ്റ്റന്റ് എൻജിനീയർ പി.വി.വിനയൻ, സെക്‌ഷൻ എൻജിനീയർ അനഘ നായർ, എ.കെ.ജോസഫ്, നഗരസഭാംഗങ്ങളായ സിൻസി പാറേൽ, മോളിക്കുട്ടി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

എംസി റോഡിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് കവാടം
കോട്ടയം ∙ റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടം തുറക്കുന്നതോടെ എംസി റോഡിൽനിന്ന് സ്റ്റേഷനിലേക്കു ഔദ്യോഗികമായ വഴിയാകും. ഇപ്പോൾ ഗുഡ്സ് ഷെഡ് റോഡ് വഴി ആളുകൾ എത്തുന്നുണ്ടെങ്കിലും ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഇവിടെയില്ല. പാളം കടന്നു വേണം പ്ലാറ്റ്ഫോമിൽ എത്താൻ. രണ്ടാംകവാടം തുറക്കുന്നതോടെ 5 പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട് ഓവർബ്രിജ് സൗകര്യം ലഭിക്കും.രണ്ടാം കവാടത്തിലെ കെട്ടിടത്തിൽനിന്ന് 5 പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് ഫുട് ഓവർബ്രിജുണ്ട്.ഉദ്ഘാടനം രണ്ടാം കവാടത്തിന്റെ സൗന്ദര്യവൽക്കരണം അടക്കം ജോലികൾ പൂർത്തിയാക്കി പിന്നീട് നടത്തും. ശബരിമല സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി യാത്രക്കാർക്ക് ഉപയോഗിക്കാൻ ഇപ്പോൾ കവാടം തുറന്നുനൽകും.ഇവിടെ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഒരുക്കും. രണ്ടാംകവാടത്തിലെ ലിഫ്റ്റ്, എസ്കലേറ്റർ എന്നിവയുടെ നിർമാണം 2 ആഴ്ചയ്ക്കകം പൂർത്തിയാക്കും. രണ്ടാം കവാടത്തിൽ തുടങ്ങുന്ന നടപ്പാലം സ്റ്റേഷന്റെ മുൻവശത്തെ റോഡിലേക്ക് നീട്ടുന്നതു പരിഗണിക്കും.

കോട്ടയം സ്റ്റേഷനിലെ രണ്ടാംകവാടത്തിന്റെ രൂപരേഖ.
കോട്ടയം സ്റ്റേഷനിലെ രണ്ടാംകവാടത്തിന്റെ രൂപരേഖ.

യോഗതീരുമാനങ്ങൾ
കോട്ടയം സ്റ്റേഷൻ
∙ പ്ലാറ്റ്ഫോമുകളുടെ നിർമാണം പൂർത്തിയാക്കും.
∙ രണ്ടാംകവാടത്തിന് സമീപത്തെ ഒഴത്തിൽ ലെയ്ൻ റോഡിന് സമീപം താമസിക്കുന്നവർക്കു സ്വതന്ത്രമായി റോഡ് ഉപയോഗിക്കാൻ നടപടി.
∙ എല്ലാ പ്ലാറ്റ്ഫോമുകളിലും ശുദ്ധജല സൗകര്യം.
∙ എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് പുതിയ ഫുട് ഓവർബ്രിജ് ഉടൻ തുറക്കും
∙ മുലയൂട്ടുന്ന അമ്മമാർക്ക് വേണ്ടി പ്രത്യേകമുറി.
∙ എറണാകുളം - ബെംഗളൂരു ഇന്റർസിറ്റി, എറണാകുളം-കാരയ്ക്കൽ, എറണാകുളം– മഡ്ഗാവ്, എറണാകുളം- പുണെ, എറണാകുളം - ലോക്മാന്യ തിലക് തുരന്തോ, എറണാകുളം -പാലക്കാട് മെമു ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടുന്നതും കോട്ടയത്തുനിന്നു പാലക്കാട്, കോയമ്പത്തൂർ വഴി ഇറോഡിലേക്ക് പുതിയ ട്രെയിൻ തുടങ്ങുന്നതും റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്കായി സമർപ്പിക്കും.

ചിങ്ങവനം
∙ പുതിയ പ്ലാറ്റ്ഫോം നിർമിക്കുന്നതിന്റെ സാധ്യതാ പഠനം നടത്തും.
∙ മെയിൻ റോഡിലെ പ്രവേശന കവാടത്തിൽ ബോർഡുകൾ സ്ഥാപിക്കും.
∙ പുതുതായി തുടങ്ങിയ കൊല്ലം– എറണാകുളം മെമുവിനു സ്റ്റോപ് അനുവദിക്കാൻ ശ്രമിക്കും.
∙ റെയിൽവേ വളപ്പിലെ റോഡ്  ടാറിങ് പൂർത്തിയാക്കും. പ്ലാറ്റ്ഫോമുകളിൽ കൂടുതൽ സൗകര്യങ്ങൾ.

കുമാരനല്ലൂർ
∙ പുതിയ കാൽനട മേൽപാലം നിർമിക്കുന്നതിന് നടപടി.
∙ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
∙ ശുദ്ധജലം, ശുചിമുറി എന്നിവ സജ്ജമാക്കും.
∙ പുതിയ മെമുവിന് സ്റ്റോപ് പരിഗണിക്കും.
∙ രണ്ടാം പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുമ്പോൾ ഒരു മീറ്റർ വീതിയിൽ യാത്രക്കാർക്കു നടപ്പാത ഒരുക്കും.

ഏറ്റുമാനൂർ
∙ പുതിയ ലിഫ്റ്റ്, 1, 2, 3 പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് നടപ്പാലം, എല്ലാ പ്ലാറ്റ്ഫോമുകളിലും ശുദ്ധജലം.
∙ ഏറ്റുമാനൂർ റോഡിലും നീണ്ടൂർ റോഡിലും ബസ് കാത്തിരിപ്പുകേന്ദ്രവും സൈൻ ബോർഡും.
∙ ചരക്കുകൾ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്റ്റേഷനാക്കി മാറ്റുന്നതു പരിഗണിക്കും.
∙ വഞ്ചിനാട് എക്സ്പ്രസ് മലബാർ എക്സ്പ്രസ്, കായംകുളം–എറണാകുളം മെമു എന്നിവ നിർത്തുന്ന കാര്യം പരിഗണിക്കും.

കടുത്തുരുത്തി
∙ സ്റ്റേഷൻ കെട്ടിടവും പരിസരവും വൃത്തിയാക്കും, ഷെൽറ്റർ, ശുദ്ധജലം, ശുചിമുറി എന്നിവ ഒരുക്കും.
∙ കായംകുളം– എറണാകുളം പാസഞ്ചർ, കൊല്ലം–എറണാകുളം മെമു എന്നിവയ്ക്ക് സ്റ്റോപ് പരിഗണിക്കും.
വൈക്കം റോഡ്
∙ അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തി സ്റ്റേഷൻ വികസിപ്പിക്കും.
∙ പാർക്കിങ് സ്ഥലം സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന് റെയിൽവേ, റവന്യു ഉദ്യോഗസ്ഥർ പരിശോധന നടത്തും.
∙ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും, എല്ലാ പ്ലാറ്റ്ഫോമുകളെയും ഉൾപ്പെടുത്തി മേൽപാലം നിർമിക്കും. ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തും.
∙ വഞ്ചിനാട്, മലബാർ, വേളാങ്കണ്ണി, എറണാകുളം–കായംകുളം മെമു ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുന്നതു പരിഗണിക്കും.

പിറവം റോഡ്
∙ കൂടുതൽ ഷെൽറ്റർ, ശുദ്ധജലം, ശുചിമുറി, കസേര, ഫാൻ എന്നിവ സ്ഥാപിക്കും ലിഫ്റ്റ് സ്ഥാപിക്കുന്നത് പരിഗണിക്കും പാർക്കിങ് സ്ഥലം വൃത്തിയാക്കും,
∙ ഓടകൾ വൃത്തിയാക്കാത്തതു മൂലമുള്ള പ്രയാസം ഒഴിവാക്കും. താന്നിപ്പള്ളി അടിപ്പാത നിർമിക്കുന്നതിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കും.
∙ തോന്നല്ലൂർ അടിപ്പാതയ്ക്കു സമീപം റോഡ് നന്നാക്കാൻ പഞ്ചായത്തിനു റെയിൽവേ അനുമതി നൽകും.
∙ വേളാങ്കണ്ണി, രാജ്യറാണി ട്രെയിനുകൾക്കു സ്റ്റോപ് പരിഗണിക്കും.
കുറുപ്പന്തറ
∙ എറണാകുളം ഭാഗത്തേക്ക് പ്ലാറ്റ്ഫോം നീട്ടും, ഓവർ ബ്രിജ് നിർമാണതടസ്സം നീക്കും, അടിസ്ഥാന സൗകര്യങ്ങളും പാർക്കിങ് സൗകര്യവും കൂട്ടും.റെയിൽവേ ഗേറ്റിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പിന് അനുമതി നൽകും.വേളാങ്കണ്ണി എക്സ്പ്രസ്, കൊല്ലം എറണാകുളം മെമു, എറണാകുളം– കായംകുളം മെമു എന്നിവയ്ക്കു സ്റ്റോപ് പരിഗണിക്കും.

English Summary:

Kottayam railway station is set to open its second entrance in early November, enhancing access via MC Road. Significant upgrades include a new foot overbridge and improved facilities for the Sabarimala pilgrimage season. Train service extensions from Kottayam to various destinations are also under consideration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com