വിശ്വാസം, ജീവിതം, സഭ, യുവാക്കൾ തുടങ്ങി വിവിധ മേഖലകളെപ്പറ്റി മാർ തോമസ് തറയിൽ | അഭിമുഖം
Mail This Article
ചങ്ങനാശേരി അതിരൂപതയുടെ ആർച്ച്ബിഷപ്പായി അഭിഷിക്തനാകുന്ന മാർ തോമസ് തറയിൽ മനസ്സുതുറക്കുന്നു; വിശ്വാസം, ജീവിതം, സഭ, സമൂഹം, യുവാക്കൾ, വായന തുടങ്ങി വിവിധ മേഖലകളെപ്പറ്റി...
പൂവ് വിരിയുംപോലെ ചിന്തകൾ ഉണരും ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത ആർച്ച്ബിഷപ് മാർ തോമസ് തറയിലിന്റെ സംസാരം കേട്ടിരിക്കുമ്പോൾ. ചിലപ്പോൾ ക്ഷോഭച്ചുഴിയും സങ്കടക്കടലുമൊക്കെ ഉള്ളിൽ നിറയും. തളിർക്കുകയും പൂക്കുകയും ചെയ്യുന്ന കുരിശിന്റെ മനോഹര ചിത്രം അദ്ദേഹം വാക്കുകൾ കൊണ്ട് വരച്ചിടും. സഹനത്തിനു ശക്തിയും അതിജീവനത്തിനു ശേഷിയും നൽകുന്ന കുരിശിനെക്കുറിച്ച് അദ്ദേഹം പറയുമ്പോൾ കേൾവിക്കാരുടെ കണ്ണിലും മനസ്സിലും അത് പ്രത്യാശയുടെ പ്രതീകമായി നിറയും. ധ്യാനംകൊണ്ട് വെടിപ്പാക്കിയ മനസ്സിൽ വചനത്തിന്റെ വിത്തുവിതച്ച് ധ്യാനഗുരുവായ അദ്ദേഹം സൗമ്യനായി കടന്നു വരുന്നു. മുളപൊട്ടി വളർന്ന് പുഷ്പിക്കുമെന്ന ഉറച്ച ബോധ്യത്തോടെ...
അതിരമ്പുഴയിൽ സഹവികാരിയായിരിക്കുമ്പോൾ ഒരു പാവപ്പെട്ട കുടുംബത്തിനു വീടുപണിയാൻ സഹായമഭ്യർഥിച്ചും യുവാക്കൾക്കൊപ്പം നിർമാണത്തിൽ പങ്കുചേർന്നുമാണ് അദ്ദേഹം പൗരോഹിത്യ ജീവിതത്തിന് നാന്ദികുറിച്ചത്. ഇപ്പോൾ അതിപുരാതനമായ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച്ബിഷപ്പായി സഭയുടെ നിർമിതിയിൽ നെടുനായകത്വം വഹിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു.
അദ്ദേഹത്തിന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിനൊരു പ്രത്യേകതയുണ്ട്. അതിൽ എൽ (ലീവിങ്) ഇല്ല. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബ് പ്രീഡിഗ്രി ബോർഡ് കൊണ്ടുവരാൻ എസ്എസ്എൽസിയിൽ നിന്ന് ലീവിങ് എടുത്തു മാറ്റി എസ്എസ്‌സി നടപ്പാക്കിയ 1987ലാണ് അദ്ദേഹം പത്തു പാസായത്. ആ ഒരു വർഷം മാത്രമായിരുന്നു എൽ ഇല്ലാത്ത ആ പരിഷ്കാരം. എന്നാൽ ജീവിതത്തിൽ ദൈവത്തെ കളഞ്ഞ് (ലീവ്) ഒരു കാര്യവും സാധ്യമല്ലെന്നാണ് മാർ തോമസ് തറയിലിന്റെ നയം. ചില വിഷയങ്ങളിലാകട്ടെ എല്ലുള്ള നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ഉറക്കെപ്പറയാനും അദ്ദേഹം മടിക്കുന്നില്ല. സെക്രട്ടേറിയറ്റ് നടയിൽ ബിഷപ്പുമാർ പോയി സമരം നടത്തുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സാമൂഹിക പ്രസക്തിയുള്ള, സഭാ വിശ്വാസികളെ ഉൾപ്പെടെ ബാധിക്കുന്ന വിഷയങ്ങൾ ആളുകളുടെയും അധികൃതരുടെയും ശ്രദ്ധയിൽക്കൊണ്ടുവരാൻ മറ്റു വഴികൾ ധാരാളം ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
∙ ധ്യാനഗുരുവാണല്ലോ, ഏതു രീതിയിലുള്ള ധ്യാനമാണ് നയിക്കുന്നത്?
ഏറ്റവും ഇഷ്ടമുള്ള ശുശ്രൂഷയാണ് വൈദികരുടെ ധ്യാനം. പഠനം കഴിഞ്ഞു വന്ന കാലത്ത് പുന്നപ്രയിൽ സൈക്കോ സ്പിരിച്വൽ കേന്ദ്രം ആരംഭിച്ചു. ആത്മീയമായും മനശ്ശാസ്ത്രപരമായും ചില കാര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് അതു ചെയ്യുന്നത്. ഇനിയും വർഷം ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും ധ്യാനം തുടരണം എന്നാണ് ആഗ്രഹിക്കുന്നത്.
∙ മനശ്ശാസ്ത്രം പഠിച്ചിട്ടുണ്ടല്ലോ, സമൂഹത്തിൽ ആത്മഹത്യ പ്രവണത കൂടുന്നതിനെക്കുറിച്ച്?
നമ്മുടെ സമൂഹം വെല്ലുവിളികൾ നേരിടുന്നതിൽ വിമുഖരാണ്. അതിനുള്ള പരിശീലനം ചെറുപ്പം മുതലേ നൽകണം. ഏഴു മക്കളുടെ കുടുംബമാണ് ഞങ്ങളുടേത്. എല്ലാവരും ചേർന്ന് പ്രയാസങ്ങൾ സഹിച്ചു വളർന്ന രീതിയായിരുന്നു. വെല്ലുവിളികളെ നേരിടാനുള്ള കരുത്തും കഴിവുമാണ് വേണ്ടത്. ഇപ്പോൾ ചില സർവകലാശാലകൾ പുസ്തകം നോക്കി പരീക്ഷ എഴുതാൻ അവസരം നൽകുന്നു. പരീക്ഷകളെ ഭയപ്പെടാനല്ല പഠിപ്പിക്കേണ്ടത്. പരീക്ഷകൾ എഴുതണം. തോൽക്കട്ടെ, മാർക്ക് കുറയട്ടെ. അടുത്ത തവണ കൂടുതൽ വാശിയോടെ എഴുതാൻ പ്രാപ്തരാക്കുകയാണ് വേണ്ടത്.
∙ വൈദികനാകാൻ ആഗ്രഹിച്ചത് എപ്പോഴാണ്?
നാലാം ക്ലാസ് മുതൽ കത്തീഡ്രൽ പള്ളിയിൽ അൾത്താര ബാലനായി. അതു തന്നെയാണ് പൗരോഹിത്യത്തിലേക്ക് നയിച്ചതെന്ന് തോന്നുന്നു. ചെറുപ്പം മുതലേ ജീവിതം ദൈവത്തിന് സമർപ്പിക്കണമെന്നും സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്നും ചിന്തയുണ്ടായിരുന്നു. 12–ാം ക്ലാസിൽ പഠിക്കുമ്പോൾ ഇന്ത്യയിലെ സന്യാസിമാരെക്കുറിച്ചുള്ള ഹിമാലയൻ മാസ്റ്റേഴ്സ് എന്ന പുസ്തകം വായിച്ചു. സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന പുസ്തകം ഗാന്ധിജിയെ കൂടുതൽ മനസ്സിലാക്കിത്തന്നു. അദ്ദേഹവും സന്യാസിതുല്യനായിരുന്നല്ലോ. സിറ്റി ഓഫ് ജോയ് എന്ന ഡൊമിനിക് ലാപ്പിയറിന്റെ പുസ്തകവും പ്രചോദനമായി.
ഒൻപതിൽ പഠിക്കുമ്പോൾ മുതൽ മാർ പൗവത്തിൽ പിതാവുമായി സ്നേഹബന്ധം ഉണ്ടായിരുന്നു. വൈദിക പട്ടം കിട്ടിയ ശേഷം പൗവത്തിൽ പിതാവിനെ കാണാൻ വന്നപ്പോൾ എന്നും എനിക്കു വേണ്ടി പ്രാർഥിക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞത് കണ്ണീരോടെയല്ലാതെ ഓർക്കാൻ കഴിയില്ല.
∙ റോമിൽ മനശ്ശാസ്ത്രം പഠിക്കുകയും പരിശീലിക്കുകയും ചെയ്തിട്ടുണ്ടല്ലോ. അക്കാലത്തെക്കുറിച്ച്?
ഇറ്റാലിയൻ ഭാഷ പഠിക്കാൻ ആദ്യം പെറൂജിയ എന്ന സ്ഥലത്താണ് പോയത്. ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ സൈക്കോ തെറപ്പി പഠിച്ചു. പ്രഫസറിന്റെ കൂടെ സൈക്കോ തെറപ്പിക്കു നമ്മളും വിധേയനാകും. നമ്മളെത്തന്നെ കണ്ടെത്താൻ അത് സഹായിക്കും. ലൈഫ് ട്രാൻസ്ഫോമിങ് അനുഭവം. പല പ്രധാന വേളകളിലും റോമിൽ ഉണ്ടായിരുന്നത് മറക്കാനാകില്ല. ഞാൻ അവിടെ ചെന്ന വർഷമാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ കാലം ചെയ്തത്. അന്ന് കുർബാന കൊടുക്കാൻ അച്ചൻമാർക്കൊപ്പം അവസരം കിട്ടി. റാറ്റ്സിങ്ങർ പിതാവാണ് അന്ന് കുർബാന ചൊല്ലിയത്. ബനഡിക്ട് 16-ാമനെ തിരഞ്ഞെടുക്കുമ്പോൾ വെള്ളപ്പുക ഉയരുന്നതു കാണാൻ ഞാനും ഉണ്ടായിരുന്നു. അൽഫോൻസാമ്മയെ വിശുദ്ധയാക്കിയപ്പോഴും അവിടെ ഉണ്ടായിരുന്നു. ആകെ ഏഴുവർഷം. ഡോക്ടറേറ്റും അവിടെ ചെയ്തു.
∙ നാടകാഭിനയം ഒക്കെ ഉണ്ടായിരുന്നല്ലോ. നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. ശബ്ദക്രമീകരണം പ്രസംഗത്തിൽ സഹായിച്ചിട്ടുണ്ടോ?
പ്രഭാഷണങ്ങളിൽ സഹായിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നാടകത്തിൽ അഭിനയിക്കുമായിരുന്നു. ജോസഫ് പാണാടൻ സാറാണ് ബൈബിൾ നാടകം എഴുതി പരിശീലിപ്പിച്ചിരുന്നത്. മോശ, ഫറവോ, ജെഫ്ത വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജെഫ്തയ്ക്കാണ് നല്ല നടൻ പുരസ്കാരം കിട്ടിയത്.
∙ യുവാക്കൾ ഏറെയും വിദേശത്ത് പോകാൻ ആഗ്രഹിക്കുകയാണല്ലോ. ഇതിനെ എങ്ങനെ വിലയിരുത്തുന്നു?
ഇത്രയും വിദ്യാഭ്യാസവും സംസ്കാരവുമുള്ള സംസ്ഥാനമില്ല. എന്നാൽ എല്ലാം നെഗറ്റീവായി കാണുന്ന രീതിയുണ്ട്. ടെക്നോപാർക് ഇവിടെയാണ് ആദ്യം വന്നത്. എന്നാൽ ബെംഗളൂരുവും ഹൈദരാബാദും എല്ലാം എത്രയോ മുന്നിലായി. നമ്മൾ ഇങ്ങനെ പോയാൽ മതിയോ എന്ന് എല്ലാവരും ചിന്തിക്കണം. രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രത്യയശാസ്ത്രം മാറ്റണം. പ്രത്യയശാസ്ത്രം വേണം എന്നതിൽ തർക്കമില്ല. പക്ഷേ അതു സമൂഹത്തെ വളർത്തുന്നതാകണം.
∙ എപ്പോഴും അടുത്തു വച്ചിരിക്കുന്ന പുസ്തകം, നോട്ടെഴുതുന്ന സ്വഭാവം, ബൈബിളിലെ ഇഷ്ടവാക്യം?
നോട്ടെഴുതും. സൈക്കോ സ്പിരിച്വൽ പുസ്തകങ്ങൾ ഇഷ്ടമാണ്. പീറ്റർ സ്കാസെറോയുടെ ഇമോഷനലി ഹെൽത്തി സ്പിരിച്വാലിറ്റി ഏറെ ഇഷ്ടമാണ്. ബനഡിക്ട് പതിനാറാമന്റെ ജീസസ് ഓഫ് നസറേത്ത് എന്ന പുസ്തകം ഉൾപ്പെടെ അദ്ദേഹത്തിന്റെ ബൈബിൾ വ്യാഖ്യാനങ്ങൾ എല്ലാം ഇഷ്ടമാണ്. യേശു പാപിനിയായ സ്ത്രീയോട് പറഞ്ഞ ‘ഞാനും നിന്നെ വിധിക്കുന്നില്ല’ എന്ന ബൈബിൾ വാക്യം ഏറെ ഇഷ്ടമാണ്. വളരെ പോസിറ്റീവായിട്ടാണ് ഞാൻ ബൈബിളിനെ കാണുന്നത്. കുരിശു പൂക്കുന്ന പ്രത്യാശയുടെ കാലമാണ്. ക്രിസ്ത്യാനി മര്യാദയ്ക്ക് ജീവിക്കേണ്ടത് നരകത്തെ ഭയന്നല്ല മറിച്ച് സ്നേഹത്താൽ പ്രേരിതമായിട്ടു വേണം.
∙ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കണമെന്ന് പറയുമ്പോൾത്തന്നെ മൊബൈൽ ദുരുപയോഗത്തെക്കുറിച്ചും പറയുന്നുണ്ടല്ലോ. ഇതു വൈരുധ്യമല്ലേ?
സോഷ്യൽ മീഡിയ ഒഴിവാക്കണമെന്ന അഭിപ്രായം എനിക്കില്ല. ഭൗതിക ലോകത്ത് എന്തു വന്നാലും നന്മയും തിന്മയും ഉണ്ട്. അത് വിവേചിച്ചറിയാൻ പഠിപ്പിക്കുകയാണ് വേണ്ടത്. ആശയങ്ങൾ സംവദിക്കാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാം. തെറ്റിദ്ധാരണ പരത്താൻ പലപ്പോഴും സമൂഹമാധ്യമമാണ് ഉപയോഗിക്കുന്നത്. അതിനെ അതേ മാധ്യമം ഉപയോഗിച്ച് പ്രതിരോധിക്കണം.
∙ മെത്രാഭിഷേക സമയത്ത് പാലിയേറ്റീവ് പദ്ധതി തുടങ്ങിയല്ലോ, ആർച്ച്ബിഷപ് പദവി ഏറ്റെടുക്കുമ്പോൾ എന്തെങ്കിലും പദ്ധതി?
അതിന്റെ തന്നെ ഒരു വളർച്ചയാണ് ആഗ്രഹിക്കുന്നത്. 50 കിടക്കകളുള്ള സ്ഥിരം പാലിയേറ്റീവ് യൂണിറ്റ് രൂപീകരിക്കാൻ ആഗ്രഹിക്കുന്നു. ചെത്തിപ്പുഴയും മറ്റ് ആശുപത്രികളുമായി ചേർന്നുള്ള സ്ഥിരം സംവിധാനമാണ് ആലോചനയിലുള്ളത്. ഭവനനിർമാണത്തിന് ലാൻഡ് ബാങ്ക് രൂപീകരിക്കാനും ആഗ്രഹിക്കുന്നു. ഇപ്പോൾ തന്നെ ചിലർ വീടുകൾ വച്ചു കൊടുക്കാൻ സ്ഥലം തന്നിട്ടുണ്ട്. അത് വിപുലീകരിക്കും.
∙ സഭയോടുള്ള വിധേയത്വം പ്രഖ്യാപിക്കുന്ന വൈദികർ എങ്ങനെ എതിർപ്പിന്റെ ശബ്ദം ഉയർത്തുന്നു?
എനിക്കും മനസ്സിലാകാത്ത കാര്യമാണ്. ഒരു തീരുമാനത്തിനു മേൽ സഭയിലെ പതിനായിരത്തോളം വൈദികരിൽ അഞ്ഞൂറോളം പേർക്ക് മാത്രം പ്രശ്നം. ഒരു സ്ഥലത്തെ ആളുകൾക്ക് മാത്രമാണ് പ്രശ്നം. പ്രാദേശിക വാദമാണോ എന്നൊന്നും അറിയില്ല. സഭയുടെ 34 രൂപതയിലും പ്രശ്നമില്ല. സഭാപരമല്ലാത്ത ചില ശക്തികൾ അവിടെ പ്രവർത്തിക്കുന്നു. അവർക്ക് ഈ പ്രശ്നം തീരാൻ ആഗ്രഹമില്ല എന്നാണ് തോന്നുന്നത്. ആ രൂപതയിലെ അംഗങ്ങൾ ബാക്കി രൂപതകളിലും ഉണ്ട്. അവർക്കാർക്കും പ്രശ്നമില്ല. വിശ്വാസവുമായി ബന്ധമില്ലാത്ത ചില ഘടകങ്ങൾ ഉണ്ട്. അതു കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ ഇത്രയും ഇടപെടൽ നടത്തിയിട്ടും പ്രശ്നം തീരാത്തത്. ഏറെ വിഷമമുള്ള കാര്യമാണ്.
∙ മാർ ജോസഫ് പൗവത്തിൽ, മാർ ജോസഫ് പെരുന്തോട്ടം ഈ മുൻഗാമികളിൽ നിന്ന് പഠിക്കാൻ ശ്രമിച്ച പാഠങ്ങൾ?
പൗവത്തിൽ പിതാവ് ഭക്ഷണ മേശയിൽ ഒരുമിച്ച് തൊട്ടടുത്തായിരുന്നു ഇരുന്നിരുന്നത്. വലിയ ബൗദ്ധിക ഔന്നത്യം പുലർത്തുമ്പോഴും വ്യക്തിപരമായി എല്ലാവരുമായും വലിയ അടുപ്പം പിതാവ് പുലർത്തിയിരുന്നു. വത്തിക്കാനിൽ ആയിരുന്നപ്പോഴും ഇടവേളകളിൽ പോസ്റ്റ് കാർഡ് വാങ്ങി എല്ലാവർക്കും കത്ത് അയയ്ക്കുമായിരുന്നു. ഇതിനും മാത്രം സമയം എങ്ങനെ പിതാവ് കണ്ടെത്തി എന്ന് അതിശയിച്ചിട്ടുണ്ട്.
പെരുന്തോട്ടം പിതാവ് സെമിനാരിയിൽ എന്റെ അധ്യാപകനായിരുന്നു. സഭയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം, സമുദായം വളരണമെന്ന താൽപര്യം ഇതെല്ലാം സവിശേഷമാണ്. നിലപാടുകൾ സൂക്ഷിച്ച വ്യക്തി. സഭയുടെ അജപാലന പ്രവർത്തനങ്ങൾ കൃത്യമായി സംഘടിപ്പിച്ച വ്യക്തി.