മീനടത്ത് രാജ്യാന്തര നിലവാരത്തിൽ സ്വിമ്മിങ് പൂൾ; നിർമാണം ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ
Mail This Article
പയ്യപ്പാടി ∙ ആറുകളും തോടുകളും ഏറെയുണ്ടെങ്കിലും രാജ്യാന്തര നിലവാരത്തിൽ സ്വിമ്മിങ് പൂൾ വരുകയാണു മീനടത്ത്. രാജ്യാന്തര നിലവാരത്തിനോടു ഒപ്പം നിൽക്കുന്ന നീന്തൽ കുളമാണ് മീനടം പഞ്ചായത്തിലെ പുതുവേലിൽ അടുപ്പുകാട് ഒരുങ്ങുന്നത്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പൂളിന്റെ നിർമാണം. പേര് നൈനാൻ മെമ്മോറിയൽ രാജ്യാന്തര നീന്തൽകുളം.
ഉമ്മൻ ചാണ്ടിയുടെ 81ാം ജന്മദിനത്തോടനുബന്ധിച്ചു നീന്തൽ കുളത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു. വികസനത്തിന്റെ വെളിച്ചം നാടിന് കൊണ്ടുവരുന്ന ദിനമാണിന്ന്. മലമേൽ ജ്വലിക്കുന്ന പ്രകാശം പോലെ സ്വിമ്മിങ് പൂൾ യാഥാർഥ്യമാകുന്നതോടെ പ്രദേശം മാറുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കൂരോപ്പടയിൽ ഒന്നരയേക്കർ സ്ഥലത്ത് ഒരു ആശുപത്രി സ്ഥാപിക്കുമെന്നും ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചു. മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം അധ്യക്ഷത വഹിച്ചു.
നൈനാൻ മെമ്മോറിയൽ രാജ്യാന്തര നീന്തൽക്കുളം
മുൻ കാൻപുർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.നൈനാൻ ഏബ്രഹാമിന്റെ ഓർമയ്ക്കായി മകൻ ഡോ.ബോബി ഏബ്രഹാം നൽകിയ 50 സെന്റ് സ്ഥലത്ത് നിന്നും സൗജന്യമായി ലഭിച്ച 25 സെന്റ് സ്ഥലത്താണ് പൂൾ ഒരുക്കുന്നത്. ഒന്നരക്കോടി രൂപയാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി പ്രതീക്ഷിക്കുന്നത്.
പൂളിനോടുചേർന്ന് അനുബന്ധ സൗകര്യങ്ങളും ഒരുക്കും. പുതുപ്പള്ളി പയ്യപ്പാടി നാരകത്തോട്ടിൽനിന്നു ചീരംകുളം സ്കൂളിന് സമീപത്തുകൂടി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ പൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്താം. മീനടത്തുനിന്ന് എസ് ബിഐ ജംക്‌ഷനിലെത്തി 2 കിലോമീറ്റർ സഞ്ചരിച്ചാലും ഇവിടെയെത്താം. 2025 ഒക്ടോബർ 31ന് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ഫൗണ്ടേഷന്റെ നീക്കം.