പുൽമേടുകൾക്കൊപ്പം എഐ തോട്ടങ്ങളും തിരിച്ചറിയണം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Mail This Article
ചങ്ങനാശേരി ∙ ഇനിയുള്ള കാലഘട്ടങ്ങളിൽ പുൽമേടുകൾ മാത്രമല്ല, നിർമിതബുദ്ധി (എഐ) തോട്ടങ്ങളുമുണ്ടാകുമെന്നു സഭാധ്യക്ഷൻമാർ തിരിച്ചറിയണമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ആർച്ച്ബിഷപ് മാർ തോമസ് തറയിലിനുള്ള അനുമോദനച്ചടങ്ങും അധ്യക്ഷസ്ഥാനത്തു നിന്നു പടിയിറങ്ങുന്ന മാർ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദിപ്രകാശന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂതന ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും തലമുറയാണ് ഇനി കടന്നുവരുന്നത്. ഇതിന്റെ ഗുണങ്ങളെ സ്വീകരിച്ച്, വെല്ലുവിളികളെ നേരിടാൻ സഭാസമൂഹങ്ങൾ സജ്ജമാകണം. ചങ്ങനാശേരി അതിരൂപതയെ നയിച്ച മാർ ജോസഫ് പൗവത്തിലും മാർ ജോസഫ് പെരുന്തോട്ടവും ലാളിത്യത്തിന്റെ പ്രതീകങ്ങളാണ്. ഇവരുടെ പാതയിലൂടെ കരുത്തുള്ള നേതൃത്വവും സൗമ്യമാർന്ന ആരാധനാജീവിതവും മാർ തോമസ് തറയിലിനും പിന്തുടരാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നതായും മന്ത്രി പറഞ്ഞു.
സിറോ മലബാർ സഭക്കാരനാണെന്നു പറയുന്നതിൽ തനിക്ക് എന്നും അഭിമാനമുണ്ടെന്നും ജോർജ് കുര്യൻ പറഞ്ഞു. സിബിസിഐ പ്രസിഡന്റ് ആർച്ച്‌ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ആർച്ച്‌ബിഷപ് ഇമെരിറ്റസ് മാർ ജോർജ് കോച്ചേരി, നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാട് എന്നിവർ ദീപം തെളിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, ജർമനി ബാംബർഗ് ആർച്ച്ബിഷപ് ഡോ. ഹെർവിഗ് ഗൊസ്സൽ, ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ജോബ് മൈക്കിൾ എംഎൽഎ, ചങ്ങനാശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, അതിരൂപത വികാരി ജനറൽമാരായ മോൺ. വർഗീസ് താനമാവുങ്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ദീപ്തി ജോസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പ്രഫ. രേഖാ മാത്യൂസ് എന്നിവർ പ്രസംഗിച്ചു. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ആർച്ച്ബിഷപ് ഇമെരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർ മറുപടിപ്രസംഗം നടത്തി.
ശ്ലൈഹികമുദ്രയ്ക്ക് പ്രത്യേകതകളേറെ
ചങ്ങനാശേരി ∙ ആർച്ച്‌ബിഷപ് മാർ തോമസ് തറയിലിന്റെ ശ്ലൈഹികമുദ്ര ഏറെ പ്രത്യേകതകൾ നിറഞ്ഞത്. ആധികാരിക പ്രബോധനരേഖകളിലും കത്തിടപാടുകളിലുമെല്ലാം ഇനി ഈ മുദ്രയാവും അദ്ദേഹം ഉപയോഗിക്കുക. അതിരൂപതയുടെ ഭൂപ്രകൃതിയും പ്രത്യേകതകളുള്ള ചങ്ങനാശേരി കുരിശുമെല്ലാം മുദ്രയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുദ്രയുടെ ഏറ്റവും മുകളിൽ കമാനം പോലെ ചിത്രീകരിച്ചിരിക്കുന്നത് സിറോ മലബാർ സഭാ ദേവാലയങ്ങളുടെ മദ്ബഹയെ സൂചിപ്പിക്കുന്നു. മുദ്രയിലെ 7 രശ്മികൾ 7 കൂദാശകളെയും മാർ സ്ലീവായും ചുവപ്പുചേലയും മേൽപട്ട ശുശ്രൂഷയെയും സൂചിപ്പിക്കാനാണ്. കൈസ്ലീവാ ഉപയോഗിച്ചാണ് മെത്രാപ്പൊലീത്തമാർ വിശ്വാസികളെ ആശീർവദിക്കുന്നത്.
മുദ്രയിലെ 2 മയിലുകൾ ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളിയിലെ കൽക്കുരിശിൽ സ്ലീവായോടൊപ്പമുള്ള മയിലുകളെ സൂചിപ്പിക്കാനാണ്. തുറന്നിരിക്കുന്ന ബൈബിൾ എല്ലാവർക്കും ലഭ്യമായ ദൈവവചനത്തെയും 12 നക്ഷത്രങ്ങൾ യേശുവിന്റെ 12 ശിഷ്യരെയും സൂചിപ്പിക്കുന്നു. മുദ്രയിലെ തെങ്ങും നെൽക്കതിരും മലനിരകളും മലനാടും ഇടനാടും കുട്ടനാടും ഉള്ള ചങ്ങനാശേരി അതിരൂപതയുടെ പ്രദേശങ്ങളെയും കാർഷിക പാരമ്പര്യത്തെയും കാണിക്കുന്നു. മാർ തോമസ് തറയിൽ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന ബൈബിൾ വാക്യം ‘എനിക്ക് നിന്റെ കൃപ മതി’ എന്നതും മുദ്രയിൽ ആലേഖനം ചെയ്തിട്ടുണ്ട്.