മെമു: കോച്ചുകളുടെ എണ്ണം കുറഞ്ഞു; തിക്കിത്തിരക്കി യാത്രക്കാർ
Mail This Article
കോട്ടയം ∙ വൈകിട്ടുള്ള എറണാകുളം– കൊല്ലം മെമുവിന്റെ കോച്ചുകളുടെ എണ്ണം കുറഞ്ഞു. തിക്കിത്തിരക്കി യാത്രക്കാർ. വൈകിട്ട് 6.15ന് എറണാകുളം ജംക‌്‌ഷനിൽ (സൗത്ത്) നിന്നു പുറപ്പെടുന്ന കോട്ടയം വഴിയുള്ള കൊല്ലം മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണമാണു കഴിഞ്ഞ കുറച്ചു ദിവസമായി കുറച്ചത്. നേരത്തേ 12 കോച്ചുകളുള്ള മെമുവായിരുന്നു സർവീസ് നടത്തിയിരുന്നത്.
4 ദിവസമായി 8 കോച്ചുകളുള്ള മെമുവാണു സർവീസിന് ഉപയോഗിക്കുന്നതെന്നു യാത്രക്കാർ പറയുന്നു. ഇതോടെ എറണാകുളത്തുനിന്ന് എടുക്കുമ്പോൾതന്നെ കാലുകുത്താൻ സാധിക്കാത്തവിധം മെമു നിറയുന്നു. എറണാകുളത്തു ജോലി ചെയ്തു കോട്ടയം ഭാഗത്തേക്കു മടങ്ങുന്നവർ പ്രധാനമായും ആശ്രയിക്കുന്നത് ഈ ട്രെയിനാണ്.
വേണാട് എക്സ്പ്രസ് സൗത്ത് സ്റ്റേഷൻ ഒഴിവാക്കി എറണാകുളം ടൗൺ (നോർത്ത്) വഴി കടന്നുപോകാൻ തുടങ്ങിയതോടെ എറണാകുളം– കൊല്ലം മെമുവിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിരുന്നു. അതിനിടെയാണു കോച്ചുകളുടെ എണ്ണവും കുറഞ്ഞത്. ഇന്നലെ ശനിയാഴ്ച കൂടിയായതിനാൽ തിരക്ക് അധികമായിരുന്നു.
പഴയ പോലെ 12 കോച്ചുകളുള്ള മെമു പുനഃസ്ഥാപിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. ഇതിനൊപ്പം ഈയിടെ പുതുതായി അനുവദിച്ച കൊല്ലം– എറണാകുളം മെമു വൈകിട്ടു കൂടി സർവീസ് നടത്തണമെന്നും ആവശ്യമുണ്ട്.