ബോട്ട്ജെട്ടിക്ക് 50 മീറ്റർ ചുറ്റളവിൽ മറ്റു ബോട്ടുകൾ പാർക്ക് ചെയ്യരുത്
Mail This Article
കുമരകം ∙ ജലഗതാഗത വകുപ്പിന്റെ ബോട്ട് അടുക്കുന്ന സമയത്ത് ബോട്ട്ജെട്ടിയുടെ 50 മീറ്റർ ചുറ്റളവിൽ മറ്റ് ബോട്ടുകൾ പാർക്ക് ചെയ്യാൻ പാടില്ലെന്നു അധികൃതർ. ഇതുസംബന്ധിച്ച ബോർഡ് ജലഗതാഗത വകുപ്പ് ബോട്ട് ജെട്ടിയിൽ സ്ഥാപിച്ചു. മുഹമ്മയിൽ നിന്നു എത്തിയ ജലഗതാഗത വകുപ്പിന്റെ ബോട്ട് നിയന്ത്രണം വിട്ടു അടുത്തയിടെ കെട്ടിടത്തിൽ ഇടിച്ചു അപകടം ഉണ്ടായി. ബോട്ടിന്റെ ഞാലി വന്നിടിച്ചു കെട്ടിടത്തിന്റെ ഭിത്തിക്കു പൊട്ടലും കുറെ ഇഷ്ടിക അടർന്നു വീഴുകയും ചെയ്തിരുന്നു. ബോട്ടിന്റെ കൂമ്പ് ഇടിച്ചിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു.
ബോട്ട് ജെട്ടിക്ക് അടുത്തു മറ്റ് ജലവാഹനങ്ങൾ കിടന്നാൽ മുഹമ്മയിൽ നിന്നു എത്തുന്ന ബോട്ട് നിയന്ത്രണം വിട്ടു ഇതിൽ ഇടിച്ചാൽ വലിയ അപകടമാകും ഉണ്ടാകുകയെന്നും അത് ഒഴിവാക്കാനാണു 50 മീറ്റർ ചുറ്റളവിൽ മറ്റ് ജലവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടഞ്ഞതെന്നും മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ പറഞ്ഞു. ബോട്ട് ജെട്ടിക്കു 50 മീറ്റർ ചുറ്റളവിൽ മറ്റ് ബോട്ടുകൾ പാർക്ക് ചെയ്യാൻ പാടില്ലെന്നു കനാൽ നിയമത്തിൽ ഉണ്ടെന്നും സ്റ്റേഷൻ മാസ്റ്റർ പറയുന്നു. ബോട്ടിന്റെ പ്രൊപ്പല്ലറിൽ പ്ലാസ്റ്റിക്കും ചവറും കുടുങ്ങുമ്പോഴാണ് പലപ്പോഴും നിയന്ത്രണം വിട്ടു ഇടിച്ചു അപകടം ഉണ്ടാകുന്നത്.