നാടിനെ തകർത്ത പ്രളയം കിടങ്ങൂരിന് ഒരു സമ്മാനം നൽകി; കാവാലിപ്പുഴക്കടവ് മിനി ബീച്ച് - വിഡിയോ
Mail This Article
നാടിനെ തകർത്ത പ്രളയം കിടങ്ങൂരിന് ഒരു സമ്മാനം നൽകിയാണു പിൻവാങ്ങിയത്– കാവാലിപ്പുഴക്കടവ് മിനി ബീച്ച്. കടലില്ലാത്ത കോട്ടയത്തിന് അങ്ങനെ 2018 മുതൽ ഒരു ബീച്ച് ലഭിച്ചു. കാവാലിപ്പുഴക്കടവിൽ രൂപപ്പെട്ട പഞ്ചാര മണൽപുറം ജനകീയ സമിതിയുടെയും കിടങ്ങൂർ പഞ്ചായത്തിന്റെയും ജനമൈത്രി പൊലീസിന്റെയും സമീപത്തെ സ്കൂൾ– കോളജ് വിദ്യാർഥികളുടെയും സഹകരണത്തോടെയാണു നവീകരിച്ചത്. കാവാലിപ്പുഴ ടൂറിസം പ്രോജക്ടിനുള്ള നടപടികളും നടന്നു വരുന്നു.
കാണാം കാവാലി
മീനച്ചിലാറ്റിലെ യു ടേൺ പ്രദേശമാണു കാവാലിപ്പുഴക്കടവ്. ഇവിടെ കാവാലിപ്പുഴ പമ്പ് ഹൗസിന് എതിർവശത്താണ് 180 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും മണൽത്തിട്ട രൂപപ്പെട്ടത്. മണരൽപ്പരപ്പിന്റെ വശത്ത് ആറ്റിൽ കുഴികൾ ഇല്ലാത്തതിനാൽ അപകടമില്ലാതെ ഇറങ്ങാം. ചാരുബെഞ്ചുകളും ഊഞ്ഞാലുകളും ഒരു കോഫി ഷോപ്പും ഇവിടെയുണ്ട്. കടത്തു തോണിയുമുണ്ട്. ആറ്റിൽ ഇറങ്ങാനും പ്രകൃതിഭംഗി ആസ്വദിച്ച് പ്രദേശത്ത് ഇരിക്കാനും സാധിക്കും. നട്ടുച്ച സമയത്ത് പോലും നല്ല തണലും തണുപ്പും പ്രദേശത്തിന്റെ പ്രത്യേകതയാണ്. ചീവീടുകളുടെയും പക്ഷികളുടെയും ശബ്ദവും ആസ്വദിച്ച് വിശ്രമിക്കാം. തോണിയിൽ കയറി മീനച്ചിലാറ്റിലൂടെ സഞ്ചരിക്കാം.
ഇതുവഴി എത്താം
∙ കോട്ടയത്തു നിന്ന് അയർക്കുന്നം കിടങ്ങൂർ റോഡ് വഴി എത്തുമ്പോൾ കിടങ്ങൂർ ക്ഷേത്രം എത്തുന്നതിനു തൊട്ടു മുൻപ് തിരിഞ്ഞ് കിടങ്ങൂർ– ചെമ്പിളാവ് റോഡിൽ പ്രവേശിക്കുക. ഇതുവഴി പോകുമ്പോൾ ഉത്തമേശ്വരം ക്ഷേത്രം കഴിഞ്ഞ് 100 മീറ്റർ കഴിയുമ്പോൾ ഇടത്തോട്ട് തിരിഞ്ഞ് ഉത്തമേശ്വരം കാവാലിക്കടവ് റോഡ് വഴി മിനി ബീച്ചിൽ എത്താം. ദൂരം 20 കിലോമീറ്റർ (കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന്)
∙ പാലായിൽ നിന്ന് കിടങ്ങൂർ ജംക്‌ഷനിൽ എത്തി കിടങ്ങൂർ ക്ഷേത്രം കഴിഞ്ഞ് കിടങ്ങൂർ– ചെമ്പിളാവ് റോഡ് വഴി മിനി ബീച്ചിൽ എത്താം. (12 കിലോമീറ്റർ)
∙ പാലായിൽ നിന്നു ചേർപ്പുങ്കൽ– ചെമ്പിളാവ് റോഡ് വഴി എത്തി കിടങ്ങൂർ ക്ഷേത്രം റോഡിലൂടെയും മിനി ബീച്ചിൽ എത്താം. (10 കിലോമീറ്റർ)
∙ ഗൂഗിൾ മാപ്പിൽ കാവാലിപ്പുഴ ബീച്ച് സെറ്റ് ചെയ്താൽ ഇങ്ങോട്ടേക്ക് എത്താം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
∙ മീനച്ചിലാറിന്റെ തീരമാണ് കാവാലിപ്പുഴക്കടവ്. തീരം മലിനമാക്കാതെ സഞ്ചാരികൾ ശ്രദ്ധിക്കണം.
∙ ആറ്റിൽ ഇറങ്ങാമെങ്കിലും അക്കരെയിക്കരെ നീന്തരുത്. തീരത്തോടു ചേർന്ന പ്രദേശത്തു മാത്രമാണ് ആഴക്കുറവ്. എതിർവശത്ത് കാവാലിപ്പുഴ പമ്പ് ഹൗസിന്റെ ഭാഗത്ത് ആറിന് 28 അടി താഴ്ചയുണ്ട്.
∙ ആറ്റിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം.
∙ മഴ , മിന്നൽ മുന്നറിയിപ്പുകൾ മഴക്കാലത്ത് ശ്രദ്ധിക്കുക.
∙ കാവാലിപ്പുഴക്കടവിലേക്കുള്ള 700 മീറ്റർ റോഡ് ഇടുങ്ങിയതാണ്. ശ്രദ്ധയോടെ വാഹനം ഓടിക്കുക.
∙ കടവിന് സമീപം സ്വകാര്യ സ്ഥലത്ത് പാർക്കിങ് സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ ഇരുപതോളം കാറുകൾ പാർക്ക് ചെയ്യാം. ഗതാഗതക്കുരുക്കുണ്ടാകാത്ത വിധത്തിൽ നിർദേശങ്ങൾ പാലിച്ചു മാത്രം വാഹനങ്ങൾ നിർത്തുക.
∙ പ്രദേശത്ത് ചെടികളും മരങ്ങളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഇവ നശിപ്പിക്കരുത്.
∙ കടത്തുവള്ളം ഉണ്ടെങ്കിലും എല്ലാ സമയവും സേവനം ലഭ്യമാകണമെന്നില്ല.