ഡിവൈഎഫ്ഐയുടെ സ്നേഹക്കടയിൽ അപ്രതീക്ഷിത അതിഥിയായി ചാണ്ടി ഉമ്മൻ
Mail This Article
കുറുമ്പനാടം ∙ ഇതു വേർതിരിവുകളില്ലാത്ത സ്നേഹത്തിന്റെ കട. ഡിവൈഎഫ്ഐയുടെ ‘സ്നേഹത്തിന്റെ കട’യിൽ അപ്രതീക്ഷിത അതിഥിയായി ചാണ്ടി ഉമ്മൻ എംഎൽഎ. സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചങ്ങനാശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ മാടപ്പള്ളി മേഖലാ കമ്മിറ്റി ഒരുക്കിയ സ്നേഹത്തിന്റെ കടയിലാണു ചാണ്ടി ഉമ്മനെത്തിയത്.
കലോത്സവത്തിൽ പങ്കെടുക്കുന്ന കലാപ്രതിഭകൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പഴങ്ങളും ശുദ്ധജലവും ഉൾപ്പെടെയുള്ള ഭക്ഷണം സൗജന്യമായി വിതരണം ചെയ്യാനാണ് ഡിവൈഎഫ്ഐ സ്നേഹത്തിന്റെ കട തുറന്നത്. ഇന്നലെ കലോത്സവത്തിൽ വിദ്യാർഥികൾക്ക് ആശംസ നേർന്നു മടങ്ങുന്നതിനിടെയാണ് കടയിലേക്ക് ചാണ്ടി ഉമ്മനെത്തിയത്.
സിപിഎം മാടപ്പള്ളി ലോക്കൽ സെക്രട്ടറി പി.എ.ബിൻസണും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ഭക്ഷണവും പങ്കിട്ടു. സെൽഫിയുമെടുത്താണ് ഇവർ പിരിഞ്ഞത്. കടയുടെ ഉദ്ഘാടനം പി.എ.ബിൻസൺ നിർവഹിച്ചു. ഡിവൈഎഫ്ഐ മാടപ്പള്ളി മേഖലാ പ്രസിഡന്റ് മനേഷ് മാടത്താനി അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി എഇഒ കെ.ഒ.സുനി, മേഖലാ സെക്രട്ടറി വൈശാഖ് എസ്.പണിക്കർ, ബ്ലോക്ക് സെക്രട്ടറി ജസ്റ്റിൻ ജോസഫ്, ബ്ലോക്ക് കമ്മിറ്റി അംഗം രഞ്ജിഷ് രവി, അജിത് വിനോദ്, വി.കെ.നിഷാദ് ജിബി ജോൺ, സാജൻ ജോൺ, രാജേഷ്, ബിജു ജോൺ ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു.