ഈരാറ്റുപേട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ; കയറാൻ മൂക്കുപൊത്തണം
Mail This Article
ഈരാറ്റുപേട്ട ∙ നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ കേന്ദ്രമായ ടൗൺ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കയറണമെങ്കിൽ മൂക്ക് പൊത്തണം. പൊട്ടിയൊലിക്കുന്ന ശുചിമുറികളും തുറസ്സായ സ്ഥലത്തുള്ള പ്രാഥമികാവശ്യങ്ങളുടെ നിറവേറ്റലും മാലിന്യം തള്ളലും ബസ് സ്റ്റാൻഡിനെ മലീമസമാക്കുന്നു. 40 വർഷത്തിലധികം പഴക്കമുള്ള ബസ്സ്റ്റാൻഡ് കെട്ടിടം പൂർണമായും അപകടാവസ്ഥയിലാണ്. കടുവാമൂഴി ബസ് സ്റ്റാൻഡ് ഉപേക്ഷിച്ച നിലയിലും.
ടൗൺ ബസ് സ്റ്റാൻഡ് കെട്ടിടം പുനർനിർമിക്കുവാൻ നഗരസഭാ തീരുമാനിച്ചെങ്കിലും പദ്ധതി ഉദ്ഘാടനത്തിൽ മാത്രമായി. പലപ്പോഴും ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്ന് വീണ് യാത്രക്കാർക്ക് പരുക്കേറ്റ സംഭവവും ഉണ്ടായി. ടൗൺ ബസ് സ്റ്റാൻഡിലെ 3നില കെട്ടിടത്തിന്റെ 2 നിലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. മുകളിലത്തെ ഭാഗം സുരക്ഷിതമല്ലാത്തതിനാൽ വർഷങ്ങളായി ഉപേക്ഷിച്ച നിലയിലാണ്.
കെട്ടിടം താങ്ങി നിർത്തുന്ന പല തൂണുകളുടെ കോൺക്രീറ്റ് അടർന്ന് കമ്പി തെളിഞ്ഞ് നിൽക്കുന്ന അവസ്ഥയിലാണ്. മേൽക്കൂരയിലും ഭിത്തിയിലുമെല്ലാം വലിയ വിള്ളലാണ് രൂപപ്പെട്ടിരിക്കുന്നത്. അടർന്ന് വീണിരുന്ന ഭിത്തികൾ പൊളിച്ചു നീക്കിയതല്ലാതെ യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. നിലവിലെ കെട്ടിടം പൂർണമായും പൊളിച്ച് മാറ്റി 7.80 കോടിരൂപ മുതൽ മുടക്കി നിലകളുള്ള പുതിയ കെട്ടിടവും ബസ് സ്റ്റാൻഡും നിർമിക്കാൻ നഗരസഭ പദ്ധതിയിടുകയും നിർമാണ ഉദ്ഘാടനം നടത്തുകയും ചെയ്തു. പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല.
ഇപ്പോൾ ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിലാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും യാത്രക്കാർ ബസ് കാത്തു നിൽക്കുന്നതും. കഴിഞ്ഞ മാസം ചേർന്ന മീനച്ചിൽ താലൂക്ക് സഭയിൽ ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തതാണ്. ശുചിമുറിയുടെ പൈപ്പ് പൊട്ടി ഒഴുകുന്ന മാലിന്യത്തിൽ ചവിട്ടി വേണം യാത്രക്കാർക്കു ബസിൽ കയറാനും ഇറങ്ങാനും. മഴ പെയ്യുമ്പോൾ ഈ മലിനജലം ഒഴുകിയെത്തുന്നത് പ്രധാന റോഡിലേക്കാണ്. ഇതു വഴി കടന്നു പോകുന്ന യാത്രക്കാരും ഇതിന്റെ ദുരിതം അനുഭവിക്കണം.
ബസ് നിർത്തരുതെന്ന തീരുമാനം പിൻവലിക്കണം
ടൗണിൽ പുളിക്കൽ മാളിനു മുൻപിലുള്ള ബസ് സ്റ്റോപ്പിൽ നിന്നും ആളെ കയറ്റാനും ഇറക്കാനും പാടില്ല എന്ന തീരുമാനം പിൻവലിക്കണമെന്നു സിപിഐ ആവശ്യപ്പെട്ടു. ബസ് നിർത്തി ആളെ ഇറക്കി കയറ്റിപ്പോയാൽ ഇവിടെ യാതൊരു ഗതാഗത തടസ്സവും ഉണ്ടാകില്ല. കട്ടപ്പന, വാഗമൺ, തലനാട്, അടുക്കം, അടിവാരം. കൈപ്പള്ളി, കുന്നോന്നി, പാതാമ്പുഴ, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസിൽ യാത്ര ചെയ്യുന്നവരിൽ ഭൂരിപക്ഷവും ഉപയോഗിച്ചിരുന്നത് കുരിക്കൾ നഗർ ബസ് സ്റ്റോപ്പാണ്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനു പേരാണു ദുരിതമനുഭവിക്കുന്നത്. നിർത്തലാക്കിയ ബസ് സ്റ്റോപ്പിലെ യാത്രക്കാർ ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിന്റെ കീഴിൽ ബസ് കാത്തു നിൽക്കണമെന്ന അധികാരികളുടെ തീരുമാനം മനുഷ്യ ജിവനു വില നൽകുന്നില്ല എന്നതിനു തെളിവാണെന്നും സിപിഐ ആരോപിച്ചു. എം.ജി ശേഖരൻ അധ്യക്ഷത വഹിച്ചു.