റൂട്ട് ഉൾപ്പെടെ ബസ് നൽകാമെന്നു വിശ്വസിപ്പിച്ച് 17 ലക്ഷം തട്ടിയെന്ന് പ്രവാസി വനിത
Mail This Article
കോട്ടയം ∙ റൂട്ടടക്കം ബസ് നൽകാമെന്നു വിശ്വസിപ്പിച്ചു പ്രവാസി വനിതയിൽ നിന്ന് പണം തട്ടിയതായി പരാതി. മാടപ്പള്ളി സ്വദേശിനി ഷേർലി ജേക്കബ് ആണു പരാതിയുന്നയിച്ചത്. അട്ടിപ്പീടിക–കുമരകം–കോട്ടയം–മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ (കെഎൽ 34 –5441) ഉടമ ചാന്നാനിക്കാട് സ്വദേശി ടി.സി.തോമസിനെതിരെയാണു പരാതി. റൂട്ടടക്കം ബസ് വാങ്ങുന്നതിന് ഉടമയുമായി 25 ലക്ഷം രൂപ വില നിശ്ചയിച്ചിരുന്നു. 17 ലക്ഷം രൂപ കൈമാറുകയും ബസ് സർവീസ് ആരംഭിക്കുകയും ചെയ്തു.
ഇരുവരും ചേർന്നു ബസ് റൂട്ട് ഷേർലിയുടെ പേരിലേക്കു മാറ്റുന്നതിനു സംയുക്ത അപേക്ഷ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ബോർഡിനു സമർപ്പിച്ചിരുന്നു. അതേസമയം ഓഗസ്റ്റിൽ നടന്ന ബോർഡ് യോഗത്തിൽ ടി.സി.തോമസ് ബസ് റൂട്ട് കൈമാറുന്നതിൽ വിസമ്മതം അറിയിച്ചു. തുടർന്ന് കൈമാറ്റം നിർത്തിവച്ചു. ആർടിഎ ബോർഡാണു ബസ് റൂട്ട് കൈമാറുന്നതിൽ തീരുമാനം എടുക്കേണ്ടത്. 25 ലക്ഷത്തിൽ 17 ലക്ഷം കുറച്ചു ബാക്കിയുള്ള തുകയ്ക്ക് തോമസിനു നൽകിയ ചെക്ക് പാസാക്കാതിരിക്കാൻ ഷേർലി ബാങ്കിൽ കത്തു നൽകുകയും ചെക്ക് മരവിപ്പിക്കുകയും ചെയ്തു.
നാഗമ്പടം സ്റ്റാൻഡിൽനിന്നു തോമസ് ബസ് തട്ടിയെടുത്തെന്നു ഷേർലി ആരോപിച്ചു. നിലവിലുള്ള ബസ് ഓടിക്കാൻ പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി താൽക്കാലിക പെർമിറ്റ് എടുത്തു മറ്റൊരു ബസ് ഉപയോഗിച്ച് തോമസ് സർവീസ് നടത്തുന്നുണ്ട്. നൽകിയ 17 ലക്ഷം രൂപ തിരികെ നൽകാനും തോമസ് തയാറല്ലെന്നു ഷേർലി പറഞ്ഞു. തട്ടിപ്പ് സംബന്ധിച്ചു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഷേർലി പറഞ്ഞു.