വൈക്കത്തഷ്ടമി:ഉത്സവബലിക്ക് ഇന്നു സമാപനം
Mail This Article
വൈക്കം ∙ മഹാദേവ ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമി നാളെ. പുലർച്ചെ 4.30ന് ആണ് അഷ്ടമി ദർശനം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തു വ്യാഘ്രപാദത്തറയ്ക്കു മുൻവശം തപസ്സ് അനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്കു ഭഗവാൻ ദർശനം നൽകിയ മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം നടക്കുന്നത് എന്നാണ് ഐതിഹ്യം. നാളെ പുലർച്ചെയുള്ള അഷ്ടമി ദർശനത്തിനായി ഭക്തരുടെ കാത്തുനിൽപ് ഇന്നു രാത്രിയോടെ ആരംഭിക്കും. ഇന്നലെ വൈക്കത്തഷ്ടമിയുടെ വലിയ ശ്രീബലി ഭക്തിസാന്ദ്രമായി. 15 ഗജ രാജാക്കൻമാർ എഴുന്നള്ളിപ്പിനു ചമയങ്ങൾ അണിഞ്ഞ് അണിനിരന്നു. ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി.
തിടമ്പ് ആനയുടെ വലത്തേ കൂട്ട് നന്തിലത്ത് ഗോപാലകൃഷ്ണനും ഇടത്തേ കൂട്ട് മധുരപ്പുറം കണ്ണനും സ്വർണത്തലക്കെട്ടും സ്വർണക്കുടയുമാണ് ഉപയോഗിച്ചത്. പാറമേക്കാവ് ദേവസ്വത്തിന്റെ ആനച്ചമയങ്ങളാണ് എഴുന്നള്ളത്തിന് ഉപയോഗിച്ചത്.അഷ്ടമി ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഉത്സവബലി 11–ാം ഉത്സവ ദിനമായ ഇന്നു സമാപിക്കും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ഉച്ചയ്ക്ക് 2നാണ് ഉത്സവബലി. ശ്രീഭൂതബലിക്കു പകരമായാണ് ഉത്സവബലി നടത്തുന്നത്.
ഭക്തിസാന്ദ്രം കാഴ്ചകൾ; ഇന്ന് 11ാം ഉത്സവം
∙ രാവിലെ 8.00– 12.00 ശ്രീബലി
∙ ഉച്ചയ്ക്ക് 2.00– ഉത്സവബലി ദർശനം
∙ വൈകിട്ട് 5.00– കാഴ്ചശ്രീബലി
∙ രാത്രി 7.30 – ചലച്ചിത്ര നടി ദിവ്യ ഉണ്ണിയും സംഘവും അവതരിപ്പിക്കുന്ന
നൃത്തനൃത്യങ്ങൾ.
9.30– മാൻഡലിൻ കച്ചേരി– എസ്. ശ്രീജേഷ്
∙ രാത്രി 12.00– വിളക്ക്
ശ്രീബലി, കാഴ്ച ശ്രീബലി, വിളക്ക് എന്നിവയ്ക്ക് ശ്രീലങ്കൻ നാഗസ്വര ചക്രവർത്തി യാഴ്പാണം പി.എസ്.ബാലമുരുകൻ ജാഫ്നയുടെ നേതൃത്വത്തിൽ നാഗസ്വരം.
നാളെ 12ാം ഉത്സവം
∙ പുലർച്ചെ 4.30 അഷ്ടമി ദർശനം
∙ വൈകിട്ട് 4.00 – വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി.
∙ രാത്രി 11.00– ഉദയനാപുരത്തപ്പന്റെ വരവ്,
∙ 24 പുലർച്ചെ 2.00– അഷ്ടമിവിളക്ക്
∙ 3.30– ഉദയനാപുരത്തപ്പന്റെ
യാത്രയയപ്പ്.
ഈ സമയം വൈക്കം ക്ഷേത്ര കലാപീഠം അധ്യാപകൻ വൈക്കം ഷാജി, വൈക്കം സുമോദ് എന്നിവർ ദുഃഖം ദുഃഖകണ്ഠാരം രാഗത്തിൽ നാഗസ്വരം വായിക്കും. വൈക്കം ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന പരേതനായ കുഞ്ഞുപിള്ള പണിക്കർ ചിട്ടപ്പെടുത്തിയതാണു ദുഃഖം ദുഃഖകണ്ഠാരം.
24ന് 13ാം ഉത്സവം
∙ വൈകിട്ട് 6.00– ആറാട്ടെഴുന്നള്ളിപ്പ്
∙ രാത്രി 11.00– കുടിപ്പൂജവിളക്ക് (ഉദയനാപുരം ക്ഷേത്രം)