അക്ഷരദേശത്തിന് സ്വന്തം അക്ഷരം മ്യൂസിയം; ഉദ്ഘാടനം 26ന്
Mail This Article
കോട്ടയം ∙ അക്ഷരങ്ങൾക്കും ഭാഷയ്ക്കും ആദരമേകി കോട്ടയത്തിന്റെ അക്ഷരം മ്യൂസിയം 26നു തുറക്കും അക്ഷരങ്ങളുടെ ഉൽപത്തി മുതൽ വർത്തമാനകാല രൂപം വരെ എങ്ങനെ മാറിയെന്ന് കണ്ടറിയാവുന്ന മ്യൂസിയത്തിൽ അറിവിന്റെ മുദ്രകൾ ഏറെ.ഉച്ചയ്ക്കു രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും.പ്രേമലേഖനം കൊത്തിവെച്ച ഗുഹയുടെ മാതൃകയുണ്ട് മ്യൂസിയത്തിന്റെ മുൻവശത്ത്.
ഛത്തീസ്ഗഡിലെ ജോഗിമാരാ ഗുഹയിലാണ് രാജ്യത്തെ ആദ്യപ്രേമലേഖനം കൊത്തിവച്ചിരിക്കുന്നത്. അക്ഷരത്തെയും ചരിത്രത്തെയും സ്നേഹിക്കുന്നവർക്ക് പുതിയ അനുഭവമേകും മ്യൂസിയത്തിലെ കാഴ്ചകൾ.ആറായിരത്തോളം ഭാഷകളുടെ ഡിജിറ്റൽ ശേഖരമുണ്ട്. അക്ഷരങ്ങളുടെ പരിണാമവും ഭാഷാ രൂപീകരണവും തുടങ്ങി മനുഷ്യൻ സംസാരിച്ചുതുടങ്ങിയ കാലം വരെ ഇവിടെ വിവരിക്കുന്നു.4 വർഷം കൊണ്ട് രാജ്യത്തും വിദേശത്തുമായി നടത്തിയ പഠനങ്ങൾക്കൊടുവിലാണ് അക്ഷരചരിത്രത്തെ മ്യൂസിയത്തിലേക്ക് എത്തിച്ചത്. സഹകരണ വകുപ്പ് 15 കോടി രൂപ മുടക്കിയാണ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്.
അക്ഷരങ്ങളുടെ ഉൽപത്തി
‘അ’ യുടെ ആദ്യരൂപം മുതൽ വർത്തമാനരൂപം വരെ 10 ഘട്ടങ്ങളെ മ്യൂസിയത്തിൽ പരിചയപ്പെടാം. ഇതുപോലെ ഓരോ അക്ഷരത്തിന്റെയും ശൈശവകാലം മുതൽ വളർച്ചഘട്ടങ്ങളോരോന്നും അറിയാം.മൊഴിയിൽനിന്നു വരയിലേക്കും അവിടെനിന്ന് 3 ഗാലറികൾ കടന്ന് ഭാഷാ ഗാലറിയിലേക്കും എത്തും വിധമാണ് ക്രമീകരണം.
മൊഴിയിൽനിന്ന് വരയിലേക്കും ലിപിയിലേക്കും
ഒന്നാം ഗാലറിയുടെ പേര് ‘മൊഴിയിൽനിന്നു വരയിലേക്കെ’ന്നാണ്. വാമൊഴി ചരിത്രം, ശിലാചിത്രം, ഗുഹാവര, ചിത്രലിപി എന്നിവയുടെ വിവരണവും ചിത്രങ്ങളും ദൃശ്യങ്ങളും മാതൃകകളും കാണാം.സ്പെയ്നിലെ അൾട്ടാമിറ ഗുഹ, മധ്യപ്രദേശിലെ ഭീംഭേട്ക, മറയൂർ ഗുഹാചിത്രങ്ങൾ, എടയ്ക്കൽ ഗുഹാചിത്രം, ചിത്രലിപികൾ എന്നിവ കാണാം. ലിപി പരിണാമത്തിന്റെ ചരിത്രമാണ് രണ്ടാം ഗാലറിയിൽ. ഇന്ത്യൻ ലിപികളുടെ മൂലലിപി ബ്രാഹ്മി ലിപിയെക്കുറിച്ചും ഖരോഷ്ഠി, സിദ്ധമാതൃക, തിഗളാരി, ആര്യ എഴുത്ത്, വട്ടെഴുത്ത്, കോലെഴുത്ത് എന്നിവയെക്കുറിച്ചും അറിയാൻ അവസരമുണ്ട്.
എഴുത്തിൽനിന്ന് അച്ചടിയിലേക്ക്
സംസ്ഥാനത്തെ 36 ഭാഷകൾ കേൾക്കാമെന്നതാണ് വലിയ പ്രത്യേകത. ‘എഴുത്തിൽനിന്ന് അച്ചടിയിലേക്ക്’ എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ഗാലറിയിൽ വ്യത്യസ്ത അച്ചടി സാങ്കേതികവിദ്യകൾ, മലയാളം അച്ചടി, രാജ്യത്തിനു പുറത്തും കേരളത്തിനു പുറത്തുമുള്ള ആദ്യകാല അച്ചടി എന്നിവ പരിചയപ്പെടാം. നാലാം ഗാലറിയിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ വളർച്ചയും വികാസവും കാണാം.
ലോക ഭാഷാ ഗാലറി
ലോക ഭാഷാ ഗാലറിയിൽ ഭാഷ, സംസാരിക്കുന്ന രാജ്യം, ഭാഷകളുടെ സ്ഥിതി, എത്രയാളുകൾ സംസാരിക്കുന്നു എന്നീ വിവരങ്ങളുണ്ട്. ലോകത്തെ പ്രധാന എഴുത്തുകാരുടെ ശിൽപങ്ങളുമുണ്ട്. 124 സാഹിത്യകാരൻമാരുടെ ഒപ്പുകളും ശേഖരത്തിലുണ്ട്.
പ്രവേശനം ഡിസംബർ 10 മുതൽ
ഫീസ് ഈടാക്കിയാണ് പ്രവേശനം. ഉദ്ഘാടനം കഴിഞ്ഞ് ആദ്യ ദിവസങ്ങളിൽ രാജ്യത്തെ പ്രമുഖർക്കാണ് ക്ഷണം.ഡിസംബർ 10നു ജനങ്ങൾക്ക് തുറന്നുകൊടുക്കും.