ദൈവത്തെ മുറുകെപ്പിടിച്ച്, സധൈര്യം മുന്നോട്ട്; മോൺ. ജോർജ് ജേക്കബ് കൂവക്കാടും മാർ തോമസ് തറയിലും സംസാരിക്കുന്നു
Mail This Article
റോമിൽ ചെന്നാൽ റോമാക്കാരെപ്പോലെ എന്നാണ് പഴമൊഴി. എന്നാൽ റോമിൽ ചെന്നിട്ടും ചങ്ങനാശേരിക്കാരെപ്പോലെ ആയ നിമിഷങ്ങളെക്കുറിച്ച് ആർച്ച് ബിഷപ് മാർ തോമസ് തറയിലും നിയുക്ത കർദിനാൾ മോൺ.ജോർജ് ജേക്കബ് കൂവക്കാടും ഓർത്തു. മാർ തോമസ് തറയിൽ ഏഴുവർഷം റോമിലുണ്ടായിരുന്നു. മോൺ.ജേക്കബ് ജോർജ് കൂവക്കാട് 24 വർഷത്തിലേറെയായി റോമിൽ തുടരുന്നു. ഇന്ന് മെത്രാപ്പൊലീത്തയായി അഭിഷിക്തനാവുകയാണ് മോൺ. ജോർജ് കൂവക്കാട്. റോമിലെ കാലം ഉൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് ഇരുവരും സംസാരിക്കുന്നു...
മാർ തോമസ് തറയിൽ: രാവിലെ ഭക്ഷണത്തിന് ഇവിടെ പുട്ടും കടലയുമൊക്കെയാണല്ലോ. റോമിൽ ചെന്നപ്പോൾ ഒരു ബ്രെഡും ജാമും മാത്രം. ബ്രേക്ക് ഫാസ്റ്റ് അത്ര മതിയെന്നാണ് അവിടുള്ള രീതി. ശരിയാണ്, രാത്രി നീളുന്ന ഉപവാസം മുറിക്കാൻ അതു മതിയല്ലോ. ഇത്രയൊക്കെ ഭക്ഷണമേ ആവശ്യമുള്ളൂ എന്നു പിന്നീട് മനസ്സിലായി. എന്നാൽ അന്ന് പുട്ടും കടലയും മിസ്സായി. തന്നെയുമല്ല നമ്മുടെ സ്ത്രീകളൊക്കെ അടുക്കളയിൽ എത്രമാത്രം കഷ്ടപ്പെട്ടാണ് ഓരോ വിഭവവും ഒരുക്കുന്നതെന്നും മനസ്സിലായി.
മോൺ. ജോർജ് കൂവക്കാട്: ശരിയാണ്, ഇവിടെ വീട്ടമ്മമാർ ഏറെ കഷ്ടപ്പെടുന്നു. 1999ൽ റോമിൽ ചെന്നപ്പോൾ എനിക്ക് ചിക്കൻപോക്സ് പിടിപെട്ടു. അവിടൊന്നും ഇതിന് പ്രത്യേക പഥ്യമൊന്നും ഇല്ല. കുട്ടികൾക്കു വരുന്ന രോഗം പോലെയേ ഇതിനെ കാണുന്നുള്ളൂ. എനിക്ക് നമ്മുടെ വീട്ടിലെ കഞ്ഞി മിസ്സായി. തന്നെയുമല്ല വിവിധ രാജ്യങ്ങളിൽ ഒരേ ഭക്ഷണം തന്നെ ഏതെല്ലാം രീതിയിലേക്കു മാറുന്നു എന്നു കണ്ട് മനസ്സിലാക്കാനും സാധിച്ചു. ബ്രെഡ് തന്നെ ഇറ്റലി, ഫ്രാൻസ്, ഇറാൻ എന്നിവിടങ്ങളിലെല്ലാം അതത് ദേശത്തിന്റെ രീതിക്കനുസരിച്ച് മാറുകയാണ്. ദൈവകൃപയും മനുഷ്യന്റെ വൈഭവവും എല്ലാം ഈ വ്യത്യാസങ്ങളിൽ നിന്നു മനസ്സിലാകുന്നു.
? ദേവാലയങ്ങളിലെ പ്രസംഗങ്ങൾ ചുരുക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തെക്കുറിച്ച്
മാർ തോമസ് തറയിൽ: ചെറുവാചകങ്ങളിലുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗങ്ങൾ ഹൃദ്യമാണ്. പ്രായോഗികമായ നിർദേശങ്ങളിലൂടെയും ലളിതവും ആകർഷകവുമായ അവതരണത്തിലൂടെയും പരിശുദ്ധ പിതാവ് കേൾവിക്കാരുടെ ഹൃദയത്തിലേക്ക് എത്തും. ലിസ്ബണിൽ ആഗോള യുവജനസമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗം കേൾക്കാൻ 15 ലക്ഷത്തോളം യുവാക്കളാണ് വന്നത്. മാർപാപ്പ പതിനഞ്ചു മിനിറ്റ് മാത്രമാണ് പ്രസംഗിച്ചത്. കൊച്ചുകാര്യങ്ങൾ യുവാക്കളെക്കൊണ്ട് ഏറ്റുപറയിച്ചു നടത്തിയ ഗംഭീര പ്രസംഗം.
പ്രസംഗം ചെറുതാക്കണമെങ്കിൽ നല്ല ഒരുക്കം വേണം. വൈദികരുടെ പ്രസംഗം നീളുന്നത് ഒരുക്കമില്ലാഞ്ഞിട്ടാണ്. ഞാനും ചെറിയ പ്രസംഗങ്ങളാണ് ഇഷ്ടപ്പെടുന്നത്. സംഘാടകരുടെ നിർദേശം മൂലം കൺവൻഷൻ പ്രസംഗം മാത്രമേ ദീർഘനേരം പറയൂ. ആന്റണി പടിയറ പിതാവിന്റെയും ജോസഫ് പൗവത്തിൽ പിതാവിന്റെയും പ്രസംഗങ്ങളാണ് പിന്നീട് മനസ്സിലുള്ളത്. പടിയറ പിതാവ് കഥകളിലൂടെയാണ് കാര്യം പറയുന്നത്. പൗവത്തിൽ പിതാവിന്റേത് ശക്തമായ സ്വരമായിരുന്നല്ലോ.
മോൺ. ജോർജ് കൂവക്കാട്: മാർപാപ്പയുടെ ലിസ്ബണിലെ പ്രസംഗം ശ്രദ്ധേയമായിരുന്നു. വളരെ ഒരുക്കത്തോടെയാണ് പരിശുദ്ധ പിതാവിന്റെ ഓരോ പ്രസംഗവും. എന്നാൽ, ഒട്ടും ഒരുക്കമില്ലാതെ പോയി മാർപാപ്പ പ്രസംഗിച്ചത് ഈസ്റ്റ് തിമോറിലാണ്. അദ്ദേഹത്തിന്റെ എല്ലാ യാത്രയിലും പാവപ്പെട്ടവർക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തിയിരിക്കും. ഈ യാത്രയിൽ അനാഥക്കുട്ടികളുടെ കേന്ദ്രത്തിലായിരുന്നു ചെലവഴിച്ചത്. രണ്ടു കയ്യും ഇല്ലാത്ത ഒരു കുട്ടി കഴുത്തിൽ പൂച്ചെണ്ട് വച്ചാണ് മാർപാപ്പയെ സ്വീകരിച്ചത്. കൈകൾ ഇല്ലാത്തതിനാൽ ചെറുപ്പത്തിലേ അമ്മ ഉപേക്ഷിച്ചതായിരുന്നു. മാർപാപ്പ അവനെ പ്രത്യേകം ശ്രദ്ധിച്ചു. അവിടെ വച്ചാണ് ഞാൻ വിശക്കുന്നവനായി വന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു, ഞാൻ പരദേശിയായിരുന്നിട്ടും നിങ്ങളെന്നെ സ്വീകരിച്ചു എന്ന മനോഹരമായ പ്രസംഗം മാർപാപ്പ പെട്ടെന്ന് പറഞ്ഞത്.പാവപ്പെട്ടവരെ കൂദാശയെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഹൃദയത്തിൽ നിന്നാണ് ആ വാക്കുകൾ പിറന്നത്. പരിശുദ്ധാത്മാവിന്റെ മാർപാപ്പയാണ് അദ്ദേഹമെന്ന് തോന്നുന്നത് അതിനാലാണ്.
? റോമിൽ അതിശയിപ്പിച്ച കാഴ്ച
മോൺ. ജോർജ് കൂവക്കാട്: 1999ലാണ് ആദ്യം പോകുന്നത്. ശാസ്ത്രത്തിന്റെ വലിയ പിന്തുണയൊന്നും ഇല്ലാത്ത കാലത്ത് അവിടെ എങ്ങനെ ഇത്രയും ഭംഗിയായി ശിൽപങ്ങളും പെയ്ന്റിങ്ങുകളും ഒരുക്കി എന്നതും അതിശയിപ്പിച്ചിട്ടുണ്ട്. വിശുദ്ധന്മാരുടെ ദേവാലയങ്ങളിലെ ലിഖിതങ്ങളിൽ നിന്ന് എന്തെങ്കിലും വായിച്ചു പഠിക്കാനും സാധിക്കും.
മാർ തോമസ് തറയിൽ: മാർപാപ്പമാരുടെ കുർബാനകൾ മറക്കാനാവില്ല. ലത്തീനിലാണ് മാർപാപ്പ കുർബാന അർപ്പിക്കുന്നതെങ്കിലും വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ലക്ഷങ്ങൾ ഒരേ ഭാഷ കേൾക്കുന്ന രീതിയിൽ കുർബാനയിൽ പങ്കുകൊള്ളുന്നത് അതിശയിപ്പിക്കുന്ന കാഴ്ചയാണ്. ഗ്രിഗോറിയൻ ചാന്റും മാർപാപ്പയുടെ സാന്നിധ്യവും എല്ലാം ആ നിമിഷങ്ങളെ ഭക്തിനിർഭരമാക്കും. മനുഷ്യന്റെ വിശ്വാസം കുറഞ്ഞു എന്ന് പറയുന്നത് വെറുതേയാണെന്ന് തോന്നുന്നു. എല്ലാവരുടെയും ഉള്ളിൽ വിശ്വാസം ഉണ്ട്. പള്ളിയിൽ എത്തുന്നവർ കുറവായിരിക്കും.
അല്ലെങ്കിൽ ഇത്രയും മനുഷ്യർ റോമിലേക്ക് ഇങ്ങനെ ഒഴുകുമോ! റോമിലെ വാസ്തുശിൽപ ചാതുര്യവും അതിശയിപ്പിച്ചിട്ടുണ്ട്. ടൈബർ നദി റോമിന്റെ നടുവിലൂടെ ഒഴുകുകയാണ്. എത്ര വെള്ളം വന്നാലും അവിടെ വെള്ളപ്പൊക്കമാകില്ല. അത്ര ഭംഗിയായി രൂപകൽപന ചെയ്തിരിക്കുന്ന നഗരമാണത്. മാർപാപ്പമാർ നിർമിച്ച നഗരമാണ് അത്. അതിന്റെ പ്രൗഢിയും നന്മയും അതിനുണ്ട്. രണ്ടായിരം വർഷം പിന്നിടുമ്പോഴും റോമിന് തുടർച്ചയായി ഒരു തലവനുണ്ട്. നമ്മൾ പള്ളികളുടെ പുറംമോടിക്കു വളരെ പ്രാധാന്യം നൽകുന്നു. എന്നാൽ അവിടെ പുറംഭംഗിയൊന്നും ഇല്ലെങ്കിലും ഉള്ളിൽ പ്രവേശിക്കുമ്പോൾ വിസ്മയം തോന്നും.
? പരസ്പരം വിലയിരുത്തിയാൽ
മാർ തോമസ് തറയിൽ: കൂവക്കാട് അച്ചനെ രണ്ട് പിതാക്കന്മാർ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ സ്വാധീനം വളരെ പ്രകടമാണ്. മെത്രാഭിഷേകത്തിന് ചെറിയ ചടങ്ങ് മതി, ആർഭാടം വേണ്ടെന്നും കാരുണ്യ ഭവനങ്ങളിലെ കുട്ടികളെ ചടങ്ങിൽ പങ്കെടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം 21ന് നടക്കുന്ന സ്വീകരണച്ചടങ്ങിലും കാരുണ്യഭവനിലെ കുട്ടികളുടെ പരിപാടി വേണമെന്നു പറഞ്ഞിട്ടുണ്ട്. പ്രായമുള്ള വൈദികർ താമസിക്കുന്ന പ്രീസ്റ്റ് ഹോമിലെ ഒരു മുറിയാണ് താമസത്തിന് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. പൗവത്തിൽ പിതാവിന്റെ നിലപാടുകളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. കൂവക്കാട് അച്ചന് പദവികൾ ലഭിക്കുമ്പോൾ പൗവത്തിൽ പിതാവ് സ്വർഗത്തിൽ സന്തോഷിക്കുന്നുണ്ട്.
മോൺ. ജോർജ് കൂവക്കാട്: വചനം എങ്ങനെ ആകർഷകമായി സംവദിക്കാം എന്ന എക്കാലത്തെയും പ്രസക്തമായ വിഷയം ഭംഗിയായി ചെയ്യുന്ന പിതാവാണ് മാർ തോമസ് തറയിൽ. പ്രസന്നതയോടെ വചനം പ്രസംഗിക്കുന്നയാളാണ്. ഫ്രാൻസിസ് മാർപാപ്പ യുവജനങ്ങളെ ആകർഷിക്കുന്നതു പോലെ തറയിൽ പിതാവും യുവതീയുവാക്കളോട് ആകർഷകമായി സംസാരിക്കുന്നു. വചനം മനോഹരമായി പങ്കുവയ്ക്കുന്നു.
? മെത്രാൻ പദവിയിലേക്ക് ഉയരുന്ന മോൺ. കൂവക്കാടിന് നൽകുന്ന സന്ദേശം
മാർ തോമസ് തറയിൽ: മോൺ. കൂവക്കാട് കർദിനാൾ പദവിയിലേക്കും ഉയർത്തപ്പെടാൻ പോകുകയാണ്. അങ്ങനെയൊരു വ്യക്തിക്ക് ഉപദേശം നൽകാൻ മാർപാപ്പയാണ് യോഗ്യൻ. മെത്രാൻ ശുശ്രൂഷയെ അധികാരങ്ങൾ ഏറെയുള്ള പദവിയായിട്ടാണ് ജനം കാണുന്നത്. എന്നാൽ ഇത് തികച്ചും ആത്മീയമായി മാത്രം നടക്കുന്നതാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ദൈവത്തെ മുറുകെപ്പിടിച്ച് സധൈര്യം മുന്നോട്ടു പോകുക എന്നു മാത്രമേ പറയാനുള്ളൂ.
? യുവാക്കളോട് പറയാനുള്ളത്
മാർ തോമസ് തറയിൽ: പ്രത്യാശ കളയരുത്. ധൈര്യം കളയരുത്. ജീവിതത്തിൽ പേടിക്കരുത്. കുരിശിൽ കർത്താവ് മരിച്ചു എന്നു മാത്രമല്ലല്ലോ നമ്മുടെ വിശ്വാസം. പ്രത്യാശ നഷ്ടപ്പെട്ടാലാണ് യുവത്വം ഭീകരമാകുന്നത്.
മോൺ. ജോർജ് കൂവക്കാട്: മുൻപുള്ള തലമുറയെക്കാൾ പഠനത്തിനെല്ലാം അവസരം ലഭിക്കുന്നവരാണ്. യുവാക്കൾ വിദ്യാലയത്തിലും പൊതുസ്ഥലങ്ങളിലും നല്ല രീതിയിൽ പെരുമാറുന്നു. എന്നാൽ വീട്ടിൽ അങ്ങനെയല്ലെന്ന് തോന്നിയിട്ടുണ്ട്. പരസ്പരമുള്ള ആദരം വേണം. കുടുംബങ്ങളിൽ മുതിർന്നവരോടുള്ള ആദരം കുറയുന്നു. ശക്തമായ കുടുംബ ബന്ധങ്ങൾ സംരക്ഷിക്കണം.