കോടിമത–ചന്തക്കടവ് എംജി റോഡ്: വാഹനങ്ങൾക്ക് ഇവിടെ സ്വസ്ഥം, അന്ത്യവിശ്രമം !
Mail This Article
കോട്ടയം ∙ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കോടിമത–ചന്തക്കടവ് എംജി റോഡ് വാഹനങ്ങളുടെ ഡംപിങ് സ്ഥലമായി മാറി. എംസി റോഡ് മുതൽ സബ്സ്റ്റേഷൻ വരെയുള്ള റോഡിന്റെ വശങ്ങളിൽ ഒട്ടേറെ വാഹനങ്ങളാണ് ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത്. വായ്പത്തിരിച്ചടവു മുടങ്ങിയപ്പോൾ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഒഴിവാക്കാൻ പ്രധാന ഭാഗങ്ങൾ ഊരി മാറ്റിയ ശേഷം ഇട്ടിരിക്കുന്നതാണെന്നു സമീപവാസികൾ പറഞ്ഞു.ഉപേക്ഷിച്ച വാഹനങ്ങളുടെ മറവിൽ പല സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന ആരോപണമുണ്ട്.
വാഹനങ്ങളുടെ വശങ്ങളിൽ മാലിന്യവും വലിച്ചെറിയുന്നുണ്ട്. ഇതുവഴി വാഹനങ്ങൾ അമിതവേഗത്തിലാണു കടന്നുപോകുന്നത്. റോഡിന്റെ വശങ്ങളിൽ കിടക്കുന്ന വാഹനങ്ങൾ കാഴ്ച മറയ്ക്കുന്നുണ്ട്. ആറു മാസം മുൻപു വാഹനമിടിച്ച് ഈ ഭാഗത്ത് ഒരാൾ മരിച്ചിരുന്നു. വലിയ കണ്ടെയ്നർ ലോറികളും റോഡരികത്തു പാർക്ക് ചെയ്യുന്നുണ്ട്. ഇവയും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നുണ്ട്. ഇവിടെ വാഹനപരിശോധനയും കുറവായതു സാമൂഹികവിരുദ്ധർക്കു വളമാണ്.