കച്ചേരിക്കുന്നിലെ മുൻസിഫ്–മജിസ്ട്രേട്ട് കോടതി ഇനി ഓർമ; പുതിയ കെട്ടിടം പണിയാൻ 39 കോടി രൂപ അനുവദിച്ചു
Mail This Article
ഏറ്റുമാനൂർ∙ രാജഭരണവും ജനാധിപത്യ ഭരണവും കണ്ട കച്ചേരിക്കുന്നിലെ മുൻസിഫ് – മജിസ്ട്രേട്ട് കോടതി ഇനി ഓർമ. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതും സിംഹഭാഗവും തടി കൊണ്ടു നിർമിച്ചതുമായ കോടതിക്കെട്ടിട സമുച്ചയം പൊളിച്ചു നീക്കിത്തുടങ്ങി. പുതിയ കെട്ടിടം നിർമിക്കാനാണ്, കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കുന്നത്. പുതിയ കെട്ടിടത്തിനായി 39 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കെട്ടിടം പൊളിക്കുന്നതിനു മുന്നോടിയായി ഇവിടെ പ്രവർത്തിച്ചിരുന്ന മുൻസിഫ് – മജിസ്ട്രേട്ട് കോടതികൾ കുടുംബക്കോടതിയുടെ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
കെട്ടിടത്തിന്റെ ചരിത്രം
കൊല്ലവർഷം 1115 കുംഭം ഒന്നിനാണ് കച്ചേരിക്കുന്നിൽ മുൻസിഫ് കോടതി ആരംഭിച്ചത്. മുൻസിഫ് കോടതിയും താലൂക്ക് കച്ചേരിയും നേരത്തേ ഇവിടെ പ്രവർത്തിച്ചിരുന്നു. കൊല്ലവർഷം 1040ൽ സിവിൽ കോടതിയും ഉണ്ടായിരുന്നു. താളിയോലകളിലാണ് ആധാരങ്ങളും മറ്റും എഴുതി റജിസ്റ്ററായി വന്നിരുന്നത്. ദേവസ്വവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇത്തരത്തിലുള്ള താളിയോലകൾ കൊണ്ടുവന്നിരുന്നത്. അമ്പലപ്പുഴയിൽ പ്രവർത്തിച്ചിരുന്ന കോടതി പൊളിച്ച് അതേ രൂപത്തിൽ ഇവിടെ സ്ഥാപിക്കുകയായിരുന്നെന്നാണ് പഴയ ചില രേഖകളിലുള്ളത്.
തിരുവിതാംകൂർ ഹൈക്കോടതി ജഡ്ജിയായിരുന്ന പരേതനായ കെ.ശങ്കര സുബ്ബയ്യർ ആണ് മുൻസിഫ് കോടതി ഇവിടെ സ്ഥാപിക്കാൻ മുൻകയ്യെടുത്തത്. കോടതിയിലെ ആദ്യ മുൻസിഫ് ആർ.ഗണപതി അയ്യർ ആയിരുന്നു. കോട്ടയം, പാലാ, വൈക്കം എന്നീ താലൂക്കുകളിൽ നിന്ന് ഏതാനും വില്ലേജുകൾ കോടതിയുടെ പരിധിയിലാക്കി. കോടതി പ്രവർത്തിച്ചു തുടങ്ങിയ സമയത്ത് വിവിധ കോടതികളിൽ നിന്നുൾപ്പെടെ 1389 കേസുകളാണ് ഉണ്ടായിരുന്നത്.