മണ്ഡലകാലം: കാനനപാത തുറക്കുന്ന സമയം പുനഃക്രമീകരിക്കണം; അഖില തിരുവിതാംകൂർ മലയരയ മഹാസഭ
Mail This Article
എരുമേലി ∙ പരമ്പരാഗത കാനനപാതയിൽ അഴുതക്കടവിൽ കൂടി തീർഥാടകരെ കടത്തി വിടുന്നതിനുള്ള സമയം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഖില തിരുവിതാംകൂർ മലഅരയ മഹാസഭ പ്രതിനിധികൾ കാളകെട്ടിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നിലവിൽ രാവിലെ 7 മുതൽ ഉച്ചയ്ക്കു 2.30 വരെയാണു തീർഥാടകരെ അഴുതക്കടവിൽ നിന്നു കടത്തി വിടുന്നത്. ഇതുമൂലം ആചാര അനുഷ്ഠാനങ്ങൾ പൂർത്തിയാക്കാനാകില്ലെന്ന് ആക്ഷേപം.
ഇതുവഴിയുള്ള കാൽനടയാത്ര ഏഴര മണിക്കൂർ ആക്കി ചുരുക്കിയതോടെ ആയിരക്കണക്കിനു തീർഥാടകരാണു പരമ്പരാഗത കാനനപാത ഉപേക്ഷിച്ചു ബസിലും സ്വകാര്യ വാഹനങ്ങളിലും പോകുന്നത്. 2.30നു ശേഷം ഇവിടെ എത്തുന്ന തീർഥാടകർക്കു കാളകെട്ടിയിലും അഴുതക്കടവിലും രാത്രി തങ്ങിയ ശേഷം പിറ്റേന്നു മാത്രമാണു കടന്നുപോകാൻ കഴിയുന്നത്. മുൻ വർഷങ്ങളിൽ അഴുതക്കടവിൽ നിന്നു 3.30 വരെ തീർഥാടകരെ കടത്തിവിട്ടിരുന്നു.എന്നാൽ ഈ വർഷം ഒരു മണിക്കൂർ സമയം കുറച്ചു.
ഇതും പ്രതിസന്ധിക്ക് കാരണമായതായി അഖില തിരുവിതാംകൂർ മലഅരയ മഹാസഭ പ്രതിനിധികൾ പറയുന്നു. ഈ പ്രതിസന്ധിക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അഖില തിരുവിതാംകൂർ മലഅരയ മഹാസഭ പ്രതിനിധികൾ ഇടുക്കി ജില്ലാ കലക്ടറുമായി ചർച്ച നടത്താനും തീരുമാനിച്ചു. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അഖില തിരുവിതാംകൂർ മലഅരയ മഹാസഭ ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.ബി. ശങ്കരൻ, ജനറൽ സെക്രട്ടറി വി.പി.ബാബു, വൈസ് പ്രസിഡന്റ് പി.വി.വിജയൻ, ട്രഷറർ വി.എം. രുക്മിണി, ബോർഡ് അംഗങ്ങളായ എം.എസ്. സതീഷ്, പി.കെ.ശശി, പി.ലീല, കാളകെട്ടി ശാഖാ പ്രസിഡന്റ് കെ.കെ.ജനാർദനൻ,കെ.കെ.ഷൈലേന്ദ്രൻ, പ്രദീപ് കുമാർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
തീർഥാടന മേഖലയിൽ കയ്യേറ്റം വ്യാപകം.
തീർഥാടന മേഖലയായ എരുമേലി നഗരത്തിലും പരിസരങ്ങളിലും വ്യാപക കയ്യേറ്റം. അനധികൃത തട്ടുകളും പെട്ടിക്കടകളും റോഡിലേക്ക് ഇറക്കി വച്ചിരിക്കുന്നതുമൂലം ഗതാഗത തടസ്സം ഉണ്ടാകുന്നതായാണു പരാതി. തീർഥാടക വാഹനങ്ങളുടെ ഏറെ തിരക്കുളള എരുമേലി – കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി– റാന്നി റോഡ്, എരുമേലി റോഡ് എന്നിവിടങ്ങളിലാണു വ്യാപകമായ കയ്യേറ്റമുള്ളത്. നടപ്പാതകൾ വരെ താൽക്കാലിക കച്ചവടക്കാർ കയ്യേറിയിരിക്കുകയാണ്. നിരവധി ലോട്ടറി തട്ടുകളും റോഡിലേക്ക് ഇറക്കി വച്ചിട്ടുണ്ട്. അനധികൃത കടകളും കച്ചവടങ്ങളും ഒഴിപ്പിക്കണമെന്നു വ്യാപാരി വ്യവസായി സംഘടനകളും ഏറെ നാളായി ആവശ്യപ്പെടുന്നു.
മുക്കൂട്ടുതറ അസീസി ഹോസ്പിറ്റൽ മെഡിക്കൽ കിറ്റ് വിതരണം നടത്തി
ശബരിമല തീർഥാടനത്തോടനുബന്ധിച്ചു മോട്ടർ വെഹിക്കിൾസ് ഡിപ്പാർട്മെന്റ് സേഫ് സോൺ എരുമേലി പട്രോളിങ് വാഹനത്തിൽ ആവശ്യമായ ഫസ്റ്റ് എയ്ഡ് കിറ്റ് അസീസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ആഗ്നൽ നിന്നു സേഫ് സോൺ എരുമേലി ചീഫ് കൺട്രോളിങ് ഓഫിസർ ഷാനവാസ് കരിം ഏറ്റുവാങ്ങി, എംവിഐ എം.കെ.മനോജ് കുമാർ, ടിനേഷ് മോൻ റെജി എ. സലാം, ആശുപത്രി പിആർഒ അനുപമം, ബിജു, ജെയിൻ എന്നിവർ പങ്കെടുത്തു.