‘മിറിയാലുവും മറാട്ടി മൊഗ’യും തേടി തെലുങ്കരുടെ വരവ്; ഇവിടെ എല്ലാം റെഡി
Mail This Article
കോട്ടയം ∙ ‘മിറിയാലുവും മറാട്ടി മൊഗ’യും തേടി തെലുങ്കരുടെ വരവ്. ശബരിമല സീസൺ ആരംഭിക്കുമ്പോൾ നഗരത്തിലെ അങ്ങാടിമരുന്നുകൾ വിൽക്കുന്ന കടകളുടെ മുന്നിൽ തെലുങ്ക് ഭാഷയിലുള്ള ഈ ബോർഡുകളും പ്രത്യക്ഷപ്പെടും. ശബരിമല തീർഥാടന കാലമെത്തുമ്പോൾ മാർക്കറ്റിലെ അങ്ങാടി കടകളിലേക്കു തെലങ്കാനയിൽ നിന്ന് എത്തുന്ന തീർഥാടകരുടെ ഒഴുക്കാണ്. സീസണിൽ തെലുങ്കരുടെ 200 ഗ്രൂപ്പുകളെങ്കിലും എത്തുന്നുണ്ടെന്നു കച്ചവടക്കാർ പറയുന്നു. ശബരിമല ദർശനം കഴിഞ്ഞ് രാവിലെ 9 മുതൽ മാർക്കറ്റിലേക്കു തീർഥാടകരെത്തും. വർഷങ്ങൾ നീളുന്ന ബന്ധമാണ് അങ്ങാടിമരുന്നു വിൽപന നടത്തുന്ന കടക്കാർക്കു തെലുങ്കരുമായുള്ളത്.
നൽകുന്ന സാധനങ്ങളുടെ ഗുണമേന്മയാണ് അവർ ഇഷ്ടപ്പെടുന്നത്. ഒരു വർഷത്തേക്ക് ഉപയോഗിക്കാവുന്ന വിധത്തിലാണു സാധനങ്ങൾ കൊണ്ടുപോകുന്നതെന്നു കച്ചവടക്കാർ പറയുന്നു. എംഎൽ റോഡിൽ കാക്കനാട്ടുചിറ കെ.എസ്.ഗോപാലകൃഷ്ണന്റെ പിതാവ് 80 വർഷം മുൻപാണ് അങ്ങാടിക്കട ആരംഭിച്ചത്. ഇവിടെയെത്തുന്നവർക്ക് ആദ്യം കൗതുകം തോന്നും. കടയിലെ ബോർഡിൽ മിറിയാലു–കുരുമുളക്, ഏലക്കാലു–ഏലയ്ക്ക, ജീരകര–ജീരകം എന്നിങ്ങനെ തെലുങ്കിൽ കാണാം. തലമുറകളായി തെലങ്കാനയിൽ നിന്ന് ഇവിടെ എത്തുന്നവർക്കായാണു ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ശബരിമലയ്ക്കു പുറപ്പെടുന്നതിനു മുൻപേ ടൗണിലെ അങ്ങാടിമരുന്നു കടകളുടെ വിവരങ്ങളും വാങ്ങേണ്ട സാധനങ്ങളുടെ പട്ടികയും മുൻപു വന്നുപോയവർ തെലുങ്കർക്കു നൽകും. ടൗണിൽ താമസിക്കുന്ന തെലുങ്കു കുടുംബങ്ങളും ഇവിടെയെത്തിയാണ് അവശ്യവസ്തുക്കൾ വാങ്ങുന്നത്.
മറാട്ടി മൊഗ
∙ പേരിൽ മാറാട്ടി ലുക്കുണ്ടെങ്കിലും ആള് നമ്മുടെ നാട്ടിലുള്ള കക്ഷിയാണ്. സാക്ഷാൽ പഞ്ഞിമരത്തിന്റെ കായാണിത്. കായരൂപം കൊണ്ട് 15 ദിവസം കഴിയുമ്പോൾ ഇറുത്തെടുക്കും. തുടർന്ന് ഉണങ്ങി സൂക്ഷിക്കും. തെലുങ്കരുടെ കറികളിലും ബിരിയാണിയിലും ഉപയോഗിക്കും. 350 രൂപയാണു വിപണിവില.