തസ്കര ഭീതിയിൽ കടുത്തുരുത്തി; മോഷ്ടാക്കളുടെ ശല്യം രൂക്ഷം, കുറുവ സംഘമെന്ന് പ്രചാരണം
Mail This Article
കടുത്തുരുത്തി ∙ മുട്ടുചിറ ഭാഗങ്ങളിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷം. കുറുവ സംഘമെന്ന് പ്രചാരണം. നാട്ടുകാർ ഭീതിയിൽ. മൂന്നു ദിവസങ്ങളായി കടുത്തുരുത്തി, ചിത്താന്തി, മുട്ടുചിറ പ്രദേശങ്ങളിലാണ് മോഷ്ടാക്കൾ വിഹരിക്കുന്നത്. ഒട്ടേറെ വീടുകളിൽ മോഷ്ടാക്കൾ എത്തി. അർധരാത്രിക്കു ശേഷമാണ് മോഷ്ടാക്കൾ എത്തുന്നത്. വീട്ടുകാർ ഉണർന്നതിനാൽ മോഷണം നടത്താനായിട്ടില്ല. ചിത്താന്തിയിൽ കഴിഞ്ഞ ദിവസം എത്തിയത് രണ്ട് മോഷ്ടാക്കളാണ്. കാവി മുണ്ടും തലയിൽ മങ്കി തൊപ്പിയും ധരിച്ചാണ് ഇവരുടെ സഞ്ചാരം.
പാറക്കാല വിനുവിന്റെ വീട്ടിലാണ് മോഷ്ടാക്കൾ ആദ്യം എത്തിയത്. പുലർച്ചെ രണ്ട് മണിയോടെ മുറ്റത്ത് കൂടി ആരോ നടക്കുന്നത് കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി. നാട്ടുകാരിൽ ചിലർ പിന്നാലെ ഓടിയെങ്കിലും മോഷ്ടാക്കളുടെ കയ്യിൽ പൊതിയായി സൂക്ഷിച്ചിരുന്ന കുപ്പിച്ചില്ലുകളും ചെറിയ ഒരു വിഗ്രഹവും നാട്ടുകാർക്ക് ലഭിച്ചു.
പൊലീസിനെ അറിയിച്ച് പൊലീസും നാട്ടുകാരും ചേർന്നു തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മുട്ടുചിറ അങ്കണവാടിക്കു സമീപമുള്ള വീട്ടിലും മോഷ്ടാക്കൾ എത്തി. കടുത്തുരുത്തി തളിയിൽ ക്ഷേത്ര ഭാഗത്തുള്ള വീടുകളിലും മോഷ്ടാക്കൾ എത്തിയതായി പരാതി ഉയർന്നു. സംഭവത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്തിന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകി.