ADVERTISEMENT

കോട്ടയം ∙ രാജാവും രാജ്ഞിയും പടയാളികളും നിശ്ശബ്ദതയുടെ തേരോട്ടത്തിൽ ചതുരംഗക്കളത്തിനു പുറത്തായി. പോരാട്ടവീര്യത്തിന്റെ കരുനീക്കങ്ങളിൽ എതിരാളിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് പങ്കെടുക്കുന്ന ഓരോരുത്തരും നിശ്ശബ്ദരായി കണക്കുകൂട്ടുന്നു.  ചെസിന്റെ ഭാഷയും ശബ്ദവും അവരുടെ മനസ്സിലും ബുദ്ധിയിലും മുഴങ്ങുകയാണ്. അത് അവരുടെ നീക്കങ്ങളിൽ പ്രതിഫലിക്കുന്നു. ഒരുപക്ഷേ ചെസിന്റെ മുൻപിൽ മാത്രമായിരിക്കും ഭാഷയും ശബ്ദവും ആയുധം വച്ചു കീഴടങ്ങുന്നത്.

ലോക ചെസ് ചാംപ്യൻഷിപ് സിംഗപ്പൂരിൽ ആരംഭിക്കുന്നതിനൊപ്പം അതിന്റെ തേരോട്ടം ജില്ലയിൽ ആരംഭിച്ചുകഴിഞ്ഞു. വൈഎംസിഎയിൽ  നടന്ന കേൾവി പരിമിതിയുള്ളവരുടെ ജില്ലാ ചെസ് ചാംപ്യൻഷിപ് നിശ്ശബ്ദതയെ കീറിമുറിച്ചു കൊണ്ടുള്ള പടയോട്ടത്തിനു വേദിയായി. ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 24 പേർ പങ്കെടുത്തു. 5 റൗണ്ടുകൾ ഉണ്ടായിരുന്നു.

സമ്മർദത്തിന്റെ അന്തരീക്ഷത്തിലും അവർ ചിരിയോടെയാണു കളിയെ നേരിട്ടത്. ‘ഈ പുഴയും കടന്ന്’ എന്ന സിനിമയിൽ അഭിനയിച്ച മുൻ വോളിബോൾ താരം കൂടിയായ എലിയാസ് ടി.മാത്യു തുടങ്ങി ജില്ലാ ചെസ് ചാംപ്യൻഷിപിന്റെ ആദ്യ പതിപ്പു മുതൽ ഒന്നാം സ്ഥാനത്തെത്തുന്ന ദേശീയതാരം എ.രഘുനാഥൻ വരെ ചതുരംഗക്കളത്തിൽ ‘സീനിയർ’ നീക്കങ്ങളുമായി മുന്നിലുണ്ടായിരുന്നു. തലയോലപ്പറമ്പിലെ ഹയർ സെക്കൻ‍ഡറി ബധിര വിദ്യാലയത്തിലെ കുട്ടികൾ മത്സരക്കളത്തിൽ ഇറങ്ങിയപ്പോൾ വർഷങ്ങൾ പഴക്കമുള്ള ചെസിനു ചെറുപ്പത്തിന്റെ തിളക്കവും ലഭിച്ചു.

ആദ്യമത്സരത്തിൽ ആദ്യം
∙ ജൂനിയർ വിഭാഗത്തിൽ ബധിര വിദ്യാലയത്തിലെ മുഹമ്മദ് അസ്‌ലമാണ് ഒന്നാമതെത്തിയത്. ഒൻപതാം ക്ലാസുകാരനായ അസ്‌ലത്തിന്റെ ആദ്യ ജില്ലാതല മത്സരം കൂടിയായിരുന്നു ഇത്. സഹോദരൻ അലിയുടെ കൂടെ ചെസ് കളിച്ചു വളർന്ന അസ്‌ലമിനു തന്റെ പരിശ്രമങ്ങൾക്കുള്ള പൊൻതൂവലായി ഈ നേട്ടം. സീനിയർ വിഭാഗത്തിലെ ക്രിസ്റ്റിൻ ജോസാകട്ടെ തന്റെ കന്നിമത്സരത്തിൽ തന്നെ നിലവിലെ ജില്ലാ ചാംപ്യനെ തോൽപിച്ച് ഒന്നാമതെത്തിയതിന്റെ സന്തോഷത്തിലാണ്.

ജില്ലാ ബധിര കായിക കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന മത്സരം വൈഎംസിഎ ചെസ് സെക്രട്ടറി സാബു സി.കുര്യൻ ഉദ്ഘാടനം ചെയ്തു.സമാപനസമ്മേളനം വൈഎംസിഎ പ്രസി‍‍ഡന്റ് അനൂപ് ജോൺ ഉദ്ഘാടനം ചെയ്തു.കെ.വി.ഫ്രാൻസിസ്, കെ.സി.ഐസക്, പി.ജെ.റോബിൻ, ജോജോ ആന്റണി, ഏലിയാസ് മാത്യു, സി.കെ.ബേബി, ജോസഫ് ബേബി എന്നിവർ പ്രസംഗിച്ചു.

English Summary:

The World Chess Championship in Singapore becomes a metaphorical "chariot race" as players engage in a silent battle of wits. This strategic game transcends language and sound, relying solely on intellectual prowess.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com