ചങ്ങനാശേരിയിലെ ബിഎസ്എൻഎൽ കെട്ടിടം ‘കയ്യേറി’ മരം
Mail This Article
ചങ്ങനാശേരി ∙ അപകടഭീഷണിയായ മരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പുഴവാത് കാവിൽ ഭഗവതി ക്ഷേത്രത്തിനു സമീപം പ്രവർത്തനം നിലച്ച ബിഎസ്എൻഎൽ ഓഫിസിന്റെ കെട്ടിടത്തിൽ വളർന്നു നിൽക്കുന്ന മരമാണ് റോഡിലൂടെ കടന്നുപോകുന്ന യാത്രക്കാർക്കും സമീപവാസികൾക്കും ഭീഷണിയാകുന്നത്. ഏതു നിമിഷവും കടപുഴകി വീഴാവുന്ന നിലയിലാണ് മരം റോഡിലേക്കു ചാഞ്ഞുനിൽക്കുന്നത്.
മരത്തിന്റെ വേര് ഇറങ്ങി കെട്ടിടത്തിന്റെ ഭിത്തി പലയിടത്തും അടർന്നു മാറിയ നിലയിലാണ്. കാവിൽ ക്ഷേത്രത്തിലെ ഉത്സവം, ചന്ദനക്കുടം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ടു നൂറുകണക്കിനാളുകളാണ് ഈ ഭാഗത്ത് തടിച്ചുകൂടുക. അപകടഭീഷണിയായ മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭാ മുൻ ഉപാധ്യക്ഷ അംബിക വിജയൻ തഹസിൽദാർക്കു കത്തു നൽകി.
പ്രേതാലയം പോലെ ബിഎസ്എൻഎൽ കെട്ടിടം
പ്രവർത്തനം നിലച്ച ബിഎസ്എൻഎൽ കെട്ടിടം ഇപ്പോൾ ഇഴജന്തുക്കളുടെ താവളമാണ്. പരിസരം മുഴുവൻ കാട് കയറി മൂടിയിരിക്കുകയാണ്. പഴയ ഓഫിസ് മുറികൾക്കുള്ളിലും മരങ്ങൾ കിളിർത്തു. സമീപത്തെ വ്യാപാരികളും കുടുംബങ്ങളുമാണ് ഇഴജന്തുക്കളുടെ ശല്യം നേരിടുന്നത്. ബിഎസ്എൻഎല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പലതും വാടകയ്ക്കു കൊടുക്കാമെന്ന് അറിയിപ്പ് വന്നെങ്കിലും ഇവിടെ ഒന്നും നടപ്പായില്ല. കാട് വെട്ടിത്തെളിച്ച് പ്രദേശം സുരക്ഷിതമാക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയാറാകണമെന്ന് നാട്ടുകാർ പറഞ്ഞു.