വേദിയിൽ ‘തെന്നിത്തെന്നി’ നാടോടിനൃത്തം
Mail This Article
തലയോലപ്പറമ്പ് ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ കർട്ടൻ ഉയരും മുൻപേ പ്രതിഷേധങ്ങൾ. നൃത്ത മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരുന്ന ബഷീർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ വേദി ടൈൽ വിരിച്ചതായിരുന്നു. നാടോടിനൃത്തമായിരുന്നു ഇന്നലെ വേദിയിലെ ആദ്യ മത്സരം. നൃത്ത മത്സരങ്ങൾ നടത്തുന്ന വേദിയുടെ തറ തടിയിലോ, വെറും തറയോ ആയിരിക്കണം എന്നാണു കലോത്സവത്തിന്റെ നിയമം.ടൈലിൽ നൃത്തം പറ്റില്ല എന്നു പറഞ്ഞതോടെ വേദിയിൽ പ്ലാസ്റ്റിക് മാറ്റ് വിരിച്ചു. 10.30 നു ആദ്യ മത്സരാർഥി പുതുപ്പള്ളി എച്ച്എസ്എസിലെ നേബൽ ജോസ് നൃത്തം അവതരിപ്പിക്കാൻ തുടങ്ങിയതോടെ പ്ലാസ്റ്റിക് വിരി തെന്നി മാറാൻ തുടങ്ങി.
ഇതോടെ വീണ്ടും പ്രതിഷേധമായി. തുടർന്ന് ടേപ്പ് ഒട്ടിച്ചു വിരി ഉറപ്പിച്ചു. ഇടയ്ക്ക് വീണ്ടും ഇതേ പ്രശ്നം ആവർത്തിച്ചു. സൗണ്ട് സിസ്റ്റവും ഇടയിൽ തകരാറിലായി. തുടർന്ന് 11 മുതൽ 12.15 വരെ മത്സരം നിലച്ചു. വീണ്ടും ആദ്യം മുതൽ മത്സരങ്ങൾ ആരംഭിക്കുകയും ചെയ്തു. യുപി വിഭാഗം നാടോടി നൃത്തമാണ് ഈ വേദിയിൽ ആദ്യം നടക്കുന്നതെന്നാണ് അറിയിച്ചിരുന്നത്. മത്സരം രാവിലെ ഒൻപതിന് ആരംഭിക്കുമെന്നായിരുന്നു നോട്ടിസിൽ. എന്നാൽ എച്ച്എസ്എസ് വിഭാഗം മത്സരങ്ങൾ ആദ്യം ആരംഭിച്ചു. ഇതൊന്നും അറിയാതെ വേഷമിട്ട് വന്ന വിദ്യാർഥികളുടെ ക്ഷമ അധികൃതർ ആവോളം പരീക്ഷിച്ചു. വേദിയുടെ കാര്യത്തിൽ ഉയർന്ന വലിയ പ്രതിഷേധത്തിൽ യുപി വിഭാഗം കുട്ടികളുടെ പ്രതിഷേധം അലിഞ്ഞു പോയി.