കാനന പാതയിൽ തീർഥാടകർക്ക് താങ്ങായി വനം വകുപ്പ് ഉദ്യോഗസ്ഥർ
Mail This Article
എരുമേലി∙ കാനന പാതയിൽ തീർഥാടകർക്ക് താങ്ങായി വനം വകുപ്പ് ഉദ്യോഗസ്ഥർ. പരമ്പരാഗത കാനന പാതയിൽ നടന്നു പോകുമ്പോൾ ആരോഗ്യപ്രശ്നമുണ്ടായ ഒട്ടേറെ തീർഥാടകരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ട്രെച്ചറിലും താങ്ങിപ്പിടിച്ചും ആശുപത്രികളിലും വാഹന സൗകര്യമുള്ള സ്ഥലങ്ങളിലും എത്തിക്കുന്നത്. കാനന പാതവഴി കഴിഞ്ഞ ദിവസം നടന്നുപോയ ഹൈദരാബാദ് സ്വദേശിയായ ശിവകുമാറിന്(41) നടക്കാൻ കഴിയാതെ വന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ട്രെച്ചറിൽ ചുമന്ന് ആരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. ചെരിപ്പ് ധരിക്കാതെ നടന്നതിനെ തുടർന്നാണ് കാൽ പൊട്ടി നടക്കാൻ കഴിയാതായത്.
ഹൈദരാബാദ് സ്വദേശി ഡോ. രവിസുന്ദർ(61), ബെംഗളൂരു സ്വദേശി യു.എൻ. ശർമ (65) എന്നിവരെയും വനം വകുപ്പ് ഉദ്യോഗസ്ഥർ താങ്ങി എടുത്ത് എംജിആർ താവളത്തിൽ എത്തിച്ചു. കാനന പാതയിലൂടെ നടന്നുപോകുമ്പോൾ കനത്ത മഴ പെയ്തതുമൂലമാണ് ഇവർക്ക് നടക്കാൻ കഴിയാതെ വനത്തിൽ കുടങ്ങിയത്. വൈകിട്ട് ആറുമണി പിന്നിട്ടതോടെ വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകുന്നതിനു മുൻപ് ഇവരെ സുരക്ഷിത സ്ഥലത്ത് എത്തിക്കുകയായിരുന്നു. രാവിലെയും വൈകിട്ടും വനത്തിലൂടെ കടന്നു പോകുന്ന തീർഥാടകർക്ക് ആയുധങ്ങളുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ അനുഗമിക്കാറുണ്ടെന്നു ചാർജ് ഓഫിസർ എം. സുരേഷ് അറിയിച്ചു.
ശബരിമല സമാന്തര പാതയിൽ കാടു തെളിച്ചില്ല
തീർഥാടക വാഹനങ്ങൾ പോകുന്ന സമാന്തര പാതയായ മുക്കൂട്ടുതറ – പനയ്ക്കവയൽ– അറുവച്ചാംകുഴി– ഇടകടത്തി– ഉമ്മിക്കുപ്പ റോഡിന്റെ ഇരുവശങ്ങളിലും കാടു കയറി. എല്ലാ വർഷവും തീർഥാടന കാലത്തിനു മുൻപായി ഈ റോഡിന്റെ ഇരുവശങ്ങളിലെയും കാട് വെട്ടിത്തെളിക്കാറുണ്ടായിരുന്നു. എന്നാൽ ഈ വർഷം കാടു തെളിച്ചില്ല. ഈ റോഡിൽ പാറക്കടവ് വളവിൽ വഴിവിളക്കുകൾ കത്താത്തതും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
അഖില ഭാരതീയ അയ്യപ്പ ധർമ പ്രചാരസഭ അന്നദാനം തുടങ്ങി
അഖില ഭാരതീയ അയ്യപ്പ ധർമ പ്രചാരസഭയുടെ നേതൃത്വത്തിൽ എരുമേലി നാരാണംതോടിനു സമീപം തീർഥാടകർക്കായി അന്നദാനം ആരംഭിച്ചു. ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് സന്നിധാനത്ത് ദീപം തെളിച്ച് അന്നദാനം ഉദ്ഘാടനം ചെയ്തു. എബിഎപി സ്ഥാപകൻ പി.എൻ.കെ. മേനോൻ, ദേശീയ പ്രസിഡന്റ് അയ്യപ്പദാസ്, ജനറൽ സെക്രട്ടറി ബേത്തി തിരുമൽ റാവു, ട്രഷറർ എൽ.ആർ. രാജു, സിരിശെട്ടി രാജേഷ്, പാർഥസാരഥി, ശങ്കരാചാര്യ, പുല്ലം രാജു, കനഗരാജു, സിന്ധു കർക്ക എന്നിവർ പ്രസംഗിച്ചു.
മറ്റന്നൂർക്കരയിൽ പൊലീസ് സേവനം
മനോരമ വാർത്തയെത്തുടർന്ന് മറ്റന്നൂർക്കരയിൽ പൊലീസ് സേവനം ആരംഭിച്ചു. ശബരിമല പാതയിലെ അപകടാവസ്ഥ കണക്കിലെടുത്ത് കരിങ്കല്ലുമ്മൂഴി വഴി വലിയ ബസുകളെ കടത്തിവിടുന്നില്ല. പമ്പയിലേക്ക് പോകാൻ എത്തുന്ന ബസുകൾ മുക്കട– ഇടമൺ വഴി പോകാനായി പൊലീസ് നിർദേശിക്കുകയാണ്. എന്നാൽ ഈ ബസുകൾ റാന്നി റോഡ് വഴി ഒരു കിലോമീറ്റർ യാത്രചെയ്ത് മറ്റന്നൂർക്കര വഴി നെടുങ്കാവയലിൽ എത്തി വെച്ചൂച്ചിറ വഴി വീണ്ടും മുക്കൂട്ടുതറയിലേക്ക് എത്തുന്നുണ്ട്. ഇതിനു പരിഹാരമായി ഇവിടെ പൊലീസിന്റെ സേവനം വേണമെന്ന് ആവശ്യം ഉയർന്നിരുന്നു.