ഏറ്റുമാനൂർ ക്ഷേത്രോത്സവം കളറാകും; കലാകാരന്മാരുടെ വൻ നിര
Mail This Article
ഏറ്റുമാനൂർ ∙ ഇക്കുറി ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം കളറാകും. മുൻ വർഷങ്ങളിൽ പ്രധാന ദിവസങ്ങളിൽ മാത്രമായിരുന്നു പ്രശസ്തരായ കലാകാരന്മാരുടെ പരിപാടികൾ നടന്നിരുന്നത്. എന്നാൽ ഇക്കുറി ആദ്യനാൾ മുതൽ തിരുവരങ്ങിൽ വമ്പൻ കലാപരിപാടികൾ അരങ്ങേറും. ഇതോടൊപ്പം കൊടിയേറ്റു മുതൽ കേരളത്തിലെ എഴുന്നള്ളിപ്പിനു പേരുകേട്ട ഗജവീരന്മാരും ഏറ്റുമാനൂരിലെത്തും. ഇക്കുറി 3 മാസം മുൻപേ ഫെസ്റ്റിവൽ ഇൻഫർമേഷൻ സെന്ററും ആരംഭിച്ചു. കലാപരിപാടികളുടെയും വഴിപാടുകളുടെയും ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
ഭക്തർക്ക് എഴുന്നള്ളിപ്പ് ആനകൾ, സ്പെഷൽ മേളം, പഞ്ചവാദ്യം, തകിൽ -നാഗസ്വരം എന്നിവ വഴിപാടായി സമർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 27നാണ് കൊടിയേറ്റ്. മാർച്ച് 6നാണ് ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. മാർച്ച് എട്ടിനു ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.
മേള, സംഗീത വിസ്മയം തീർക്കാനെത്തുന്നവർ
തൃശൂർ പൂരം പാറമേക്കാവ്- തിരുവമ്പാടി മേള പ്രമാണിമാരായ കിഴക്കൂട്ട് അനിയൻ മാരാർ, ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻമാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, നടൻ ജയറാം, പെരുവനം സതീശൻ മാരാർ, പെരുവനം പ്രകാശൻ മാരാർ എന്നിവരുടെ പഞ്ചാരിമേളം നടക്കും.
പഞ്ചവാദ്യ കുലപതികളായ കൊങ്ങാട് മധു, ചോറ്റാനിക്കര സുഭാഷ് നാരായണ മാരാർ, പരയ്ക്കാട് തങ്കപ്പൻ മാരാർ, ചോറ്റാനിക്കര സത്യനാരായണ മാരാർ, ചോറ്റാനിക്കര വിജയൻ മാരാർ, കരിയന്നൂർ നാരായണൻ നമ്പൂതിരി, പല്ലാവൂർ ശ്രീധരൻ, ചെറുപ്പളശേരി ശിവൻ, കുനിശ്ശേരി ചന്ദ്രൻ മാരാർ, പാഞ്ഞാൾ വേലുക്കുട്ടി, ഏഷ്യാഡ് ശശി, കലാമണ്ഡലം വിനയൻ, കലാമണ്ഡലം പ്രദീപ്, ഉദയനാപുരം ഹരി എന്നിവരുടെ മേജർ സെറ്റ‌് പഞ്ചവാദ്യവും നടക്കും.
ശ്രീലങ്കൻ നാഗസ്വര ചക്രവർത്തിമാരായ യാഴ്വാണം നല്ലൂർ ബാലമുരുകൻ, കുമരൻ, ചിന്നവന്നൂർ കാർത്തിക് ഇളയരാജ, മരുത്തോർവട്ടം ബാബു, വൈക്കം ഷാജി എന്നിവരുടെ നാഗസ്വരം, പോരൂർ ഉണ്ണിക്കൃഷ്ണൻ, കലാനിലയം ഉദയൻ നമ്പൂതിരി, ചിറയ്ക്കൽ നിധീഷ് എന്നിവരുടെ ട്രിപ്പിൾ തായമ്പക എന്നു തുടങ്ങി ഇത്രയും കലാകാരൻമാർ ഒരു ഉത്സവത്തിന് പങ്കെടുക്കുന്ന അപൂർവ നിമിഷങ്ങൾക്കാണ് ഇക്കുറി ഏറ്റുമാനൂർ മഹാദേവക്ഷേത്രം സാക്ഷിയാകുന്നത്.