കനത്ത മഴ: ശബരിമല പാതയിൽ മണ്ണിടിച്ചിൽ, പലയിടത്തും മരം വീണ് വൈദ്യുതിതടസ്സം; ജില്ലയിൽ 4 വരെ ഖനനനിരോധനം
Mail This Article
കോട്ടയം ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ജില്ലയിലും കനത്തമഴ. കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ ആറുകളിൽ ശക്തമായ നീരൊഴുക്കുണ്ടായി. വെള്ളം അപകടനിലയിലേക്ക് ഉയർന്നിട്ടില്ല.പേരൂർ, നീണ്ടൂർ മേഖലകളിൽ മരം വീണ് ഗതാഗതവും വൈദ്യുത വിതരണവും തടസ്സപ്പെട്ടു. ജില്ലയിൽ 4 വരെ ഖനനം കലക്ടർ നിരോധിച്ചു. ശക്തമായ മഴസാധ്യതയെത്തുടർന്നു കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
തീർഥാടക വാഹനങ്ങൾ തടഞ്ഞിട്ടു
ശബരിമല പാതയിൽ കണമല അട്ടിവളവിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് നാലിനാണു മണ്ണിടിഞ്ഞത്. രാവിലെ മുതൽ കനത്ത മഴയാണ്. തീർഥാടന വാഹനങ്ങൾ പോകുന്നതിനിടെയാണു മണ്ണിടിഞ്ഞത്. മോട്ടർ വാഹന വകുപ്പ് സേഫ് സോൺ ക്വിക് റെസ്പോൺസ് ടീം സ്ഥലത്ത് എത്തി.സേഫ് സോൺ എഎംവിഐ റോണി ജോസ് കൺട്രോളിങ് ഓഫിസിൽ വിവരം അറിയിച്ചു. എരുത്വാപ്പുഴ ഭാഗത്തും കണമല ഭാഗത്തും വാഹനങ്ങൾ തടഞ്ഞു.മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡിൽനിന്നു മണ്ണ് നീക്കി. എംവിഐ ബി. ആശാകുമാർ, എഎംവിഐ ദിനേശ് മോൻ, റെജി എ.സലാം എന്നിവർ നേതൃത്വം നൽകി. അവധിദിവസമായതിനാൽ വൻ തീർഥാടകത്തിരക്കാണ് അനുഭവപ്പെട്ടത്. ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടതോടെ ശബരിമല പാതയിൽ കിലോമീറ്ററുകൾ ദൂരത്തിൽ വാഹനക്കുരുക്കുണ്ടായി. പ്രദേശത്ത് കനത്ത വെള്ളമൊഴുക്ക് തുടരുന്നത് ആശങ്കയാണ്.
കടവുകളിൽ ഇറങ്ങരുത്
അഴുത, മണിമല, പമ്പ ആറുകളിലെ കുളിക്കടവുകളിൽ തീർഥാടകർ ഇറങ്ങുന്നതിനു നിയന്ത്രണം. പൊലീസും ലൈഫ് ഗാർഡും ചേർന്ന് കടവിൽ എത്തുന്നവരെ തിരിച്ചയയ്ക്കുന്നുണ്ട്. എരുമേലി ധർമശാസ്താ ക്ഷേത്രത്തിനു മുന്നിലെ വലിയ തോട്ടിൽ ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്.
റോഡിലേക്ക് മണ്ണിടിഞ്ഞു
കോട്ടയം ∙ ശക്തമായ മഴയിൽ റോഡിലേക്ക് മണ്ണിടിഞ്ഞുവീണു. 23 വീടുകളിൽ വെള്ളം കയറി. മിന്നലിൽ വീടിന്റെ ഭിത്തി വിണ്ടുകീറി. റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി.
∙ പുതുപ്പള്ളി- കറുകച്ചാൽ റോഡിൽ പാറപ്പ ഭാഗത്താണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇന്നലെ രാത്രി 9.30നാണു സംഭവം. വാകത്താനം പൊലീസും പാമ്പാടി അഗ്നിരക്ഷാ സേനയും എത്തി. റോഡിൽനിന്ന് മണ്ണ് നീക്കി.
∙ പുതുപ്പള്ളി ഭാഗത്ത് വീടിനുള്ളിൽ വെള്ളം കയറി. മുണ്ടകത്തിൽ ഷിബുവിന്റെ വീട്ടിലാണ് വെള്ളം കയറിയത്. ഓട നിറഞ്ഞുകവിഞ്ഞ് വീട്ടിലേക്ക് വെള്ളം എത്തുകയായിരുന്നു. വീട്ടുപകരണങ്ങൾ നശിച്ചു. മുറിക്കുള്ളിൽ മൂന്നടി വെള്ളം ഉയർന്നതായി അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഷിബുവും സുഹൃത്ത് ജോഷിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.
∙ നെടുംകുന്നം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. നെത്തല്ലൂർ പനക്കവയൽ ഭാഗത്ത് 8 വീടുകളിൽ വെള്ളം കയറി. ഇവരെ മാറ്റിപ്പാർപ്പിച്ചു. ആര്യാട്ടുകുഴി ഭാഗത്തു 3 വീടുകളിൽ വെള്ളം കയറി. 2 കുടുംബങ്ങളെ മറ്റൊരു വീട്ടിലേക്ക് മാറ്റി. ആര്യാട്ടുകുഴി-കോവേലി റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. നെടുമണ്ണി ഇടവെട്ടാൽ ഭാഗത്തു 11 വീടുകളിൽ വെള്ളം കയറി. ഇവർ സമീപത്തെ മറ്റു വീടുകളിലേക്ക് മാറി.
∙ കറുകച്ചാൽ - മണിമല റോഡിൽ നെടുമണി തോട് കരകവിഞ്ഞു വെള്ളം റോഡിൽ വെള്ളം കയറി.
∙മാടപ്പള്ളി പഞ്ചായത്ത് 10–ാം വാർഡ് മുതലപ്ര ഭാഗത്ത് പുതിയാത്ത് വീട്ടിൽ ചെറിയാൻ വർഗീസിന്റെ വീടിന് മിന്നലേറ്റു. ഇന്നലെ വൈകിട്ടാണ് അപകടം. ആളപായമില്ല. വീടിന്റെ ഭിത്തി പൊട്ടിക്കീറി. സർവീസ് വയറുകളും വൈദ്യുതോപകരണങ്ങളും നശിച്ചു.
∙ പാമ്പാടി, മീനടം പഞ്ചായത്തുകളിലെ റോഡുകളിൽ വെള്ളം കയറി. വലിയ തോട്ടിലെ ജലനിരപ്പ് ഉയർന്നതോടെ ദേശീയ പാത 183–ൽ വട്ടമലപ്പടി ഭാഗത്ത് പെട്രോൾ പമ്പിന് സമീപം വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. കുറ്റിക്കൽ – തോട്ടയ്ക്കാട് റോഡിൽ വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടു. കാളച്ചന്ത ഭാഗത്തെ കടകളിലും വെള്ളം കയറി. വട്ടമലപ്പടിയിലെ സുധി സ്ക്രാപ് മർച്ചന്റിന്റെ കടയിലെ ആക്രി സാധനങ്ങൾ ഒഴുകിപ്പോയി. പാമ്പാടി – മഞ്ഞാടി റോഡിലും വെട്ടത്തുകവല – മീനടം റോഡിലെ പൊങ്ങൻപാറ ഭാഗത്തും വെള്ളം കയറി. സമീപത്തെ കൃഷിയിടങ്ങളിലും നാശമുണ്ടായി. മീനടം മാടികപ്പടിയിലെ മീനടം പഞ്ചായത്ത്, വില്ലേജ് ഓഫിസ് കെട്ടിടത്തിനു സമീപവും വെള്ളം കയറി. പാമ്പാടി പോരാളൂരിന് സമീപം പുത്തൻപുരയിൽ ടിജു ഏബ്രഹാമിന്റെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു.
∙ എംസി റോഡിൽ നാഗമ്പടം മഹാദേവ ക്ഷേത്രത്തിനു മുന്നിലും ചവിട്ടുവരി ഭാഗം റോഡിൽ വെള്ളക്കെട്ടുണ്ടായി. ആനന്ദ് തിയറ്ററിന് മുന്നിലെ ഫ്ലെക്സ് ബോർഡ് തകർന്നുവീണു. സമീപത്ത് പാർക്ക് ചെയ്തിരുന്ന 3 കാറുകൾക്ക് നാശമുണ്ടായി. രാത്രി ഏഴരയോടെയാണ് സംഭവം.
∙ മാടപ്പള്ളി പഞ്ചായത്ത് 15–ാം വാർഡ് അശ്വതി ഭവൻ തങ്കപ്പൻനായരുടെ വീടിനു മുകളിൽ തെങ്ങു വീണ് ഭാഗിക നാശമുണ്ടായി.
∙ ഈരാറ്റുപേട്ട - വാഗമൺ റോഡിൽ രാത്രികാലയാത്രയും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാപ്പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും 4 വരെ നിരോധിച്ചു.