കയ്യിലിരുന്ന ചെറിയ ഫോൺ കുറുനരിയുടെ വായിലേക്കിട്ട് രക്ഷപെട്ടു; ഭാഗ്യം തുണച്ചു... അല്ലാതെന്ത് ?
Mail This Article
കുറിച്ചി ∙ ‘ നല്ല വെളിച്ചമുള്ള സ്ഥലമായിരുന്നു... ഇത് ഓടിയൊന്നുമല്ല വന്നത്... കാലിൽ എന്തോ വന്നു മുട്ടിയപ്പോൾ താഴേക്കു നോക്കി... അപ്പോൾ ഇതു വായും പൊളിച്ചു നിൽക്കുന്ന കാഴ്ചയാണു കണ്ടത്...’
കുറുനരിയുടെ ആക്രമണത്തിൽ കൈക്കു ഗുരുതര പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന കുറിച്ചി പെരുന്നേപ്പറമ്പ് സ്വദേശി ബിൻസി സജി തന്റെ അനുഭവം വിവരിക്കുമ്പോൾ ശബ്ദത്തിൽ ഭീതി നിഴലിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10നാണു ബിൻസിയുടെ നേരെ കുറുനരിയുടെ ആക്രമണം ഉണ്ടായത്. പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള കലാപരിപാടിയുടെ പരിശീലനത്തിൽ പങ്കെടുക്കേണ്ടതിന് അയൽവാസിയെ വിളിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം.
തെരുവുനായയാണെന്നു കരുതി കൈവശമുണ്ടായിരുന്ന തുണി എടുത്തു വീശിയിട്ടും കുറുനരി ചാടി കടിക്കുകയായിരുന്നു. കഴുത്തിനു നേരെയാണ് ആക്രമണം ഉണ്ടായതെങ്കിലും കൈയിലാണു കടിയേറ്റത്. അതേ തുണി ഉപയോഗിച്ചു കുറുനരിയുടെ വായ് മൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പലവട്ടം കൈയിൽ കടിയേറ്റു. സഹായത്തിനായി നിലവിളിച്ചെങ്കിലും പരിശീലനത്തിന്റെ ശബ്ദം കാരണം ആരും കേട്ടില്ല.
‘ കൈയിൽ ഉണ്ടായിരുന്ന ചെറിയ ഫോൺ കുറുനരിയുടെ വായിൽ ഇട്ടപ്പോഴാണ് രക്ഷപ്പെടാനായത് ’ ബിൻസി പറഞ്ഞു.
അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയ ബിൻസിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഭർത്താവ് സജിയും സുഹൃത്തു സഞ്‍ജുവും വാഹനത്തിലേക്കു കയറ്റുമ്പോൾ കുറുനരിയുടെ ആക്രമണം വീണ്ടും ഉണ്ടായി. ആക്രമണത്തിൽ സുഹൃത്തിനു പരുക്കേറ്റു. ഇദ്ദേഹവും ചികിത്സയിലാണ്.
എണ്ണക്കാച്ചിറ ഭാഗത്തേക്ക് ഓടിപ്പോയ കുറുനരിയെ നാട്ടുകാർ ചേർന്നാണു പിടിച്ചത്. ‘ 3 കയർ ഉപയോഗിച്ചു കെട്ടിയിട്ട കുറുനരി അതു കടിച്ചു പൊട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്ലാസ്റ്റിക് വീപ്പ ഉപയോഗിച്ച്
കീഴ്പ്പെടുത്തേണ്ടി വന്നു ’ വാർഡ് മെംബർ പ്രശാന്ത് മനന്താനം പറഞ്ഞു. വനംവകുപ്പിന്റെ മുണ്ടക്കയത്തെ വണ്ടൻപതാൽ ഡിവിഷനിൽ നിന്നും ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ആക്രമിച്ചതു കുറുനരിയാണെന്നു സ്ഥിരീകരിച്ചത്. കുറുനരിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയി. പരുക്കുകൾ ഇല്ല.
ഓടിപ്പോകുന്ന വഴി തെരുവുനായ്ക്കളെയും കുറുനരി കടിച്ചതായും കാടുകയറി കിടക്കുന്ന റബർ തോട്ടങ്ങളാണ് കുറുനരി ശല്യം വർധിക്കാനുള്ള കാരണമെന്നും നാട്ടുകാർ പറഞ്ഞു. കാടുകയറി കിടക്കുന്ന പ്രദേശങ്ങൾ തെളിച്ചു നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
വന്യജീവി ആക്രമണത്തെത്തുടർന്നുള്ള ജീവഹാനി, സ്ഥിരം അംഗഭംഗം, പരുക്ക്, കൃഷി നാശം എന്നിവയ്ക്കാണ് വനംവകുപ്പ് നഷ്ട പരിഹാരം നൽകുന്നത്. ജീവഹാനി സംഭവിച്ചാൽ ആശ്രിതർക്ക് 10 ലക്ഷം രൂപയും, സ്ഥിരം അംഗഭംഗം സംഭവിച്ചാൽ 2 ലക്ഷം രൂപയും പരുക്കിന് 1 ലക്ഷം രൂപയും നൽകും. കൃഷിനാശം, വീട്, കന്നുകാലി നഷ്ടം എന്നിവയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ നൽകും. വനത്തിന് പുറത്തു വച്ച് എവിടെ വച്ചും പാമ്പു കടിയേറ്റുള്ള മരണത്തിൽ ആശ്രിതർക്ക് 2 ലക്ഷം രൂപ ലഭിക്കും. ജീവഹാനി സംഭവിച്ചാൽ ഒരു വർഷത്തിനകവും മറ്റു നഷ്ടങ്ങൾക്ക് 6 മാസത്തിനകവും രേഖകൾ സഹിതം ഓൺലൈനിൽ അപേക്ഷിക്കണം. ഇ–ഡിസ്ട്രിക്ട് സൈറ്റിലൂടെയോ, അക്ഷയ കേന്ദ്രങ്ങൾ, വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.forest.kerrala.gov.in, https://edistrict.kerala.gov.in എന്നിവ മുഖേനയോ അപേക്ഷകൾ നൽകാം.