പരാതികൾക്ക് പരിഹാരം; ചാലച്ചിറ – കോയിപ്പുറം ജംക്‌ഷൻ നന്നാക്കി, ഇനി സുഖയാത്ര
Mail This Article
ഇത്തിത്താനം ∙ പരാതികൾക്ക് പരിഹാരം, കുറിച്ചി പഞ്ചായത്തിലെ ചാലച്ചിറ – കോയിപ്പുറം ജംക്‌ഷൻ റോഡ് ഇനി ഉന്നതനിലവാരത്തിൽ. റോഡിന്റെ ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള ടാറിങ് പൂർത്തിയായി. 2 കിലോമീറ്ററോളം വരുന്ന റോഡ് ഉയർത്തിയാണ് നിർമിച്ചിരിക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ കല്ലുകടവ് ഭാഗത്ത് ഡ്രെയിനേജ് സംവിധാനവും നിർമിക്കുന്നുണ്ട്. റോഡരികിലെ ഓടയുടെ നിർമാണം ആരംഭിച്ചു.
ഇതോടൊപ്പം റോഡിന്റെ വശങ്ങളിൽ ഇന്റർലോക്ക് കട്ടകളും പാകും. സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തിയ 1.5 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമാണം. ഇടയ്ക്ക് നിർമാണം നിലച്ചതിനെത്തുടർന്ന് ഒട്ടേറെ സമരപരിപാടികളും പ്രതിഷേധങ്ങളും നടന്നിരുന്നു. തുടർന്ന് ജോബ് മൈക്കിൾ എംഎൽഎയുടെ നിർദേശപ്രകാരം അടിയന്തരമായി ജോലികൾ പുനരാരംഭിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനായിരുന്നു നിർമാണച്ചുമതല.