കടനാട് പഞ്ചായത്തിൽ കാട്ടുപന്നിശല്യം വ്യാപകം
Mail This Article
കടനാട് ∙ പഞ്ചായത്തിൽ കാട്ടുപന്നിയുടെ അക്രമം വ്യാപകമായി. പഞ്ചായത്ത് 1-ാം വാർഡ് മറ്റത്തിപ്പാറ വാർഡ് അംഗം കെ.ആർ.മധുവിനു ബൈക്കിൽ പോകുന്നതിനിടയിൽ കാട്ടുപന്നി ബൈക്കിനു കുറുകെ ചാടിയതിനെ തുടർന്ന് വീണ് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ 6നു നീലൂർ കിഴിമണ്ണിൽ പാറമടയ്ക്കു സമീപമാണ് അപകടം.
റോഡിനു കുറുകെ എത്തിയ 2 കാട്ടുപന്നികൾ മധു സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്കിൽ നിന്നു വീണ മധുവിന് കാലിനും കൈക്കും മുറിവേറ്റു. തുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.നീലൂർ, കാവുംകണ്ടം പ്രദേശത്തെല്ലാം കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കാവുംകണ്ടം ഞള്ളായിൽ ബിജുവിന്റെ പുരയിടത്തിലെ 350 ചുവട് കപ്പയിൽ ഇരുനൂറിലേറെ ചുവട് കാട്ടുപന്നി നശിപ്പിച്ചു.
കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ കൊന്ന് മണ്ണെണ്ണ ഒഴിച്ച് കുഴിച്ചുമൂടുന്നത് അശാസ്ത്രീയം: കർഷകവേദി
തിടനാട് ∙ കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ കൊന്നു മണ്ണെണ്ണ ഒഴിച്ചു കുഴിച്ചു മൂടണമെന്ന നിയമത്തിൽ മാറ്റം വരുത്തണമെന്നു കർഷകവേദി ആവശ്യപ്പെട്ടു. ഉപയോഗയോഗ്യമായ മാംസം മണ്ണെണ്ണ ഒഴിച്ചു കുഴിച്ചു മൂടുന്നത് സാമ്പത്തിക നഷ്ടത്തിനും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇടയാക്കും. മണ്ണെണ്ണ കൃഷിഭൂമിയിൽ ഒഴിച്ചാൽ അടുത്തു നിൽക്കുന്ന മരങ്ങൾ ഉണങ്ങുന്നതിനും മണ്ണിലെ സൂക്ഷ്മ മൂലകങ്ങളും ബാക്ടീരിയയും നശിക്കുന്നതിനും കാരണമാകും. ഒപ്പം ജലസ്രോതസ്സ് നശിക്കുകയും ചെയ്യും. നേരിട്ടും അല്ലാതെയും ജനങ്ങളുടെ ആരോഗ്യത്തെയും കൃഷിയെയും ബാധിക്കുന്ന പ്രശ്നമാണിതെന്നു കർഷകവേദി ഭാരവാഹികൾ പറയുന്നു.
കൃഷിയിടത്തിൽ കയറി കൃഷി നശിപ്പിക്കുന്ന മൃഗത്തെ വെടിവച്ചു കൊന്ന് 5 അടി താഴ്ചയിൽ കുഴികുത്തി, മണ്ണെണ്ണ ഒഴിച്ച് പഞ്ചായത്തു പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ മൂടണമെന്നാണു വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. മണ്ണെണ്ണ റേഷൻ കട വഴി ലഭിക്കാനില്ലെന്ന വസ്തുത മറച്ചുവച്ചാണ് ഈ പ്രഖ്യാപനം. കൃഷി നശിപ്പിക്കുന്ന വന്യമൃഗത്തെ ഉപാധികളില്ലാതെ കൊല്ലാനും ഭക്ഷ്യയോഗ്യമെങ്കിൽ ഭക്ഷിക്കാനുമുള്ള അനുവാദം നൽകുകയാണ് വേണ്ടതെന്നും അതതു പഞ്ചായത്തുകളിൽ വെടിവച്ചു കൊല്ലുന്ന മൃഗത്തെ പഞ്ചായത്ത് അധികൃതർ ലേലം ചെയ്തു പഞ്ചായത്തിന്റെ തനതു വരുമാനം കൂട്ടുകയാണു ചെയ്യേണ്ടതെന്നും കർഷകവേദി ഭാരവാഹികൾ പറഞ്ഞു.