ADVERTISEMENT

ചങ്ങനാശേരി ∙ കനത്ത മഴയിൽ പാടശേഖരങ്ങളിൽ വ്യാപക മടവീഴ്ച. പായിപ്പാട്, കുറിച്ചി കൃഷി ഭവൻ പരിധിയിലെ പാടശേഖരങ്ങളിലാണ് മട വീണത്. ഇതിൽ എസി റോഡ് ഭാഗത്തെ പായിപ്പാട് പഞ്ചായത്തിലെ പാടശേഖരങ്ങളിലാണ് വ്യാപകമായി നാശനഷ്ടമുണ്ടായത്. പു‍ഞ്ചക്കൃഷിക്കായി വിത്ത് വിതച്ച 500 ഏക്കറിലധികം പാടങ്ങൾ വെള്ളത്തിനടിയിലായി. ശക്തമായ ഒഴുക്കിലും ബണ്ട് പുനർനിർമിക്കാനുള്ള കർഷകരുടെ ശ്രമം ഇന്നലെ വൈകിയും തുടർന്നു. മോട്ടർ ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമം നടത്തിയെങ്കിലും കനത്ത മഴ തുടരുന്നത് കർഷകർക്ക് പ്രതിസന്ധിയാണ്. തോടുകളിൽ പോളയും കടകലും തിങ്ങിയും ചേറ് അടിഞ്ഞും നീരൊഴുക്ക് തടസ്സപ്പെട്ടത് വെള്ളം കയറാൻ കാരണമായി. അടുത്ത ദിവസങ്ങളിലായി പാടത്തെ വെള്ളം വറ്റിക്കാൻ കഴിഞ്ഞില്ലെങ്കിൽ നെൽവിത്തുകൾ കിടന്ന് അഴുകി പോകും.കർഷകരുടെ അധ്വാനം മുഴുവൻ പാഴാകുന്ന സങ്കടക്കാഴ്ചയാണ് പാടശേഖരങ്ങളിൽ. 

മട വീഴ്ച ഇവിടെ
∙ എസി റോഡ് ഭാഗത്ത് ഉൾപ്പെടുന്ന പായിപ്പാട് പഞ്ചായത്തിലെ പൂവം, നക്രാപുതുവൽ, കുന്നംപള്ളി, കാപ്പോണപ്പുറം, എട്ട്യാകരി, കാവാലിക്കരി, പൂവത്ത് തൊള്ളായിരം, പൂവത്ത് തൊള്ളായിരം പടിഞ്ഞാറ്, പൂവത്ത് കിഴക്ക്, കൈപ്പുഴാക്കൽ, അറുനൂറ് വെട്ട്പറമ്പ് തുടങ്ങിയ ഭാഗങ്ങളിലെ 500 ലധികം ഏക്കർ നെൽക്കൃഷി വെള്ളത്തിലായി. കാപ്പോണപ്പുറം ഭാഗത്തെ 4 ഇടങ്ങിലാണ് ഇന്നലെ മടവീണത്. കർഷകരുടെ നേതൃത്വത്തിൽ പലകയും ചാക്കുകളും അടുക്കി മടവീഴ്ചയ്ക്ക് പ്രതിരോധം തീർത്തെങ്കിലും ശക്തമായാണ് വെള്ളത്തിന്റെ കുത്തൊഴുക്ക് പ്രതിസന്ധിയാകുന്നു.

ഇടവെട്ടാൽ ഭാഗത്ത് വീട്ടിൽ വെള്ളം കയറിയ നിലയിൽ.
ഇടവെട്ടാൽ ഭാഗത്ത് വീട്ടിൽ വെള്ളം കയറിയ നിലയിൽ.

നക്രാപുതുവൽ, കാപ്പോണപ്പുറം പാടങ്ങളിലേക്ക് തോട് കരകവിഞ്ഞ സ്ഥിതിയാണ്. ഇന്നലെ മാത്രം തോട്ടിൽ 2 അടിയോളം വെള്ളമാണ് പൊടുന്നനെ ഉയർന്നതെന്ന് കർഷകർ പറയുന്നു. മട വീണ് തോടും പാടവും ഒരു പോലെയായി. 5 വർഷത്തിനിടെ ഇത്രയും വ്യാപകമായി വെള്ളം കയറിയിട്ടില്ലെന്ന് കർഷകർ പറഞ്ഞു. പമ്പയാറിന്റെ കൈവഴിയാണ് ഈ ഭാഗത്ത് കൂടെ കടന്നു പോകുന്നത്. ഇനി കിഴക്കൻ വെള്ളം കൂടി എത്തിയാൽ ബാക്കി പാടങ്ങളും സമീപത്തെ വീടുകളും വെള്ളത്തിനടിയിലാകുമെന്നാണ് കർഷകരുടെ ആശങ്ക.

എസി കനാലിൽ നിന്നും വെള്ളം കയറുന്നത് തടയാൻ ചാക്കുകൾ ഉപയോഗിച്ച് എസി കോളനി ഭാഗത്ത് കർഷകർ തടയണ തീർത്തു. കനാലിന്റെ കൽക്കെട്ടുകൾക്കിടയിലൂടെ കയറുന്ന വെള്ളം വീടുകൾക്കിടയിലൂടെ പാടത്തേക്ക് തള്ളിവരുന്നത് തടയാനായിരുന്നു ഇത്. ജോബ് മൈക്കിൾ എംഎൽഎ, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനൻ, പ‍ഞ്ചായത്തംഗം ജി.ജയൻ, കൃഷി ഓഫിസർമാർ എന്നിവർ മടവീഴ്ചയുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
∙ കുറിച്ചി പ‍ഞ്ചായത്തിലെ കരിക്കണ്ടം പാടശേഖരത്തിലും മട വീണു. മൂന്നിടത്താണ് മട വീണത്. പുഞ്ചക്കൃഷിക്കായി ഒരുക്കിയ 32 ഏക്കർ പാടശേഖരത്തിലാണ് വെള്ളം കയറിയത്. 

എന്നും ദുരിതം
ചങ്ങനാശേരി താലൂക്കിൽ ഏറ്റവുമധികം നെല്ല് ഉൽപാദനം നടക്കുന്നത് പായിപ്പാട് പഞ്ചായത്തിലെ പാടശേഖരങ്ങളിലാണ്. എന്നാൽ നെല്ല് ഉൽപാദിപ്പിക്കുന്ന ഇവിടത്തെ കർഷകർക്ക് എന്നും ദുരിതം മാത്രമാണ് മിച്ചം. ബലക്ഷയം സംഭവിച്ച ബണ്ടുകളും, തോടുകളുടെ നീരൊഴുക്ക് തടസ്സപെടുത്തുന്ന ഓരുമുട്ടുകളും കാരണം കൃഷിയിറക്കാൻ കർഷകർ മടിക്കുന്ന അവസ്ഥയാണ്.

പ്രതിസന്ധി
വിത്ത് വിത പൂർത്തിയായി 15 ദിവസത്തിനു ശേഷമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് മാത്രമേ നിലവിൽ സർക്കാരിന്റെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കൂ. പായിപ്പാട് പഞ്ചായത്തിലെ പാടശേഖരങ്ങൾ വിത പൂർത്തിയാക്കി 15 ദിവസം തികഞ്ഞിട്ടില്ല. വിതച്ച വിത്ത് നശിച്ചെങ്കിൽ പകരം സൗജന്യ വിത്ത് നൽകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. കൃഷി ഒരുക്കങ്ങൾക്കായി ഒരു ഹെക്ടറിന് 15000 രൂപയോളമാണ് കർഷകൻ ചെലവഴിക്കുന്നത്.

റോഡിന്റെ  സംരക്ഷണഭിത്തി  ഇടിഞ്ഞു
മാന്തുരുത്തി ∙ കനത്ത മഴയിൽ നെടുംകുന്നം - മാന്തുരുത്തി പിഡബ്ല്യുഡി റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. റോഡിന്റെ തുടക്ക ഭാഗത്തെ വലിയ കരിങ്കൽക്കെട്ടാണു 30 അടിയോളം താഴ്ചയിൽ തോട്ടിലേക്ക് ഇടിഞ്ഞു വീണത്. ഇതോടെ തോട് കരകവിഞ്ഞ് സമീപത്തെ പുരയിടത്തിൽ വെള്ളം കയറി. മഴ ശക്തമായതിനാൽ റോഡിന്റെ വശത്തെ മണ്ണ് ഇപ്പോഴും ഇടിഞ്ഞ് തോട്ടിലേക്ക് വീഴുന്നുണ്ട്. മുന്നറിയിപ്പായി ടാർ വീപ്പകൾ സ്ഥാപിച്ചിട്ടുണ്ട്.

വീടുകളിലും  കൃഷിയിടത്തിലും വെള്ളം കയറി
‌നെടുംകുന്നം ∙ ശക്തമായ മഴയിൽ പഞ്ചായത്തിലെ 7–ാം വാർഡ് ആര്യാട്ടുകുഴി, നെടുമണ്ണി, 9–ാം വാർഡിലെ ഇടവെട്ടാൽ, 15-ാം വാർഡിലെ പനക്കവയൽ എന്നിവിടങ്ങളിലെ വീടുകളിലും കൃഷിയിടത്തിലും വെള്ളം കയറി. ഇടവെട്ടാൽ ഭാഗത്തെ 12 വീടുകളിലും, പനക്കവയലിലെ 14 വീടുകളിലും, ആര്യാട്ടുകുഴിയിലെ 3 വീടുകളിലുമാണ് വെള്ളം കയറിയത്. ഇവരെ സമീപത്തെ വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. ആര്യാട്ടുകുഴി - കോവേലി റോഡിലും, കറുകച്ചാൽ - മണിമല റോഡിൽ നെടുമണ്ണിയിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ വൈസ് പ്രസിഡന്റ് വി.എം.ഗോപകുമാർ, അസി.തഹസിൽദാർ നിജു കുര്യൻ, വില്ലേജ് ഓഫിസർ ടി.പൂർണേന്ദു എന്നിവർ സ്ഥലം സന്ദർശിച്ചു.

കൃഷി നാശം
∙  ആര്യാട്ടുകുഴി, നെടുമണ്ണി, ഇടവെട്ടാൽ ഭാഗങ്ങളിൽ വെള്ളം കയറി കൃഷി നശിച്ചു. നെടുമണ്ണി തോട് കരകവിഞ്ഞ് സമീപത്തെ വാഴ, കപ്പ തുടങ്ങിയ കൃഷികൾ നശിച്ചു. കൃഷിയിടങ്ങൾ വെളളത്തിനടിയിലാണ്. ഇടവെട്ടാൽ ഭാഗത്ത് ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. പനക്കവയൽ ഭാഗത്തെ പാടത്തെ കൃഷികളെല്ലാം വെള്ളത്തിലാണ്. ആര്യാട്ടുകുഴി നെടുമണ്ണി ഭാഗത്ത് ഈ വർഷം 4 തവണയാണ് വെള്ളം കയറി കൃഷി നശിച്ചത്.

English Summary:

Changanassery, Kerala, are inundated after heavy rains caused widespread bund breaches. Over 500 acres of crops prepared for monsoon cultivation are submerged, jeopardizing the livelihood of farmers and raising concerns about potential food shortages.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com